കോട്ടയം- സംഘ്പരിവാർ പ്രവർത്തകരുടെ ഭീഷണിക്കും അതുവഴി വിവാദത്തിനും ഇടയായ മീശ എന്ന നോവൽ രചിച്ച എസ്. ഹരീഷ് പഠനകാലത്തും തുടർന്നും എ.ബി.വി.പി പ്രവർത്തകനായിരുന്നുവെന്ന് സഹപാഠിയുടെ വെളിപ്പെടുത്തൽ. കോട്ടയം ബസേലിയേസ് കോളേജിൽ ബി.എ മലയാളത്തിന് പഠിക്കുമ്പോൾ ഹരീഷ് എ.ബി.വി.പിയുടെ പ്രവർത്തകനായിരുന്നുവെന്നാണ് സഹപാഠിയും മാധ്യമപ്രവർത്തകനുമായ സിജി പ്രദീപ് പറയുന്നത്.
പ്രദീപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
പ്രിയ ഹരീഷ്,
താങ്കൾ എഴുതിയ നോവൽ 'മീശ' കേരളത്തിൽ ഏറെ സംവാദങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയ സാഹചര്യത്തിൽ ചില കാര്യങ്ങൾ പറയണമെന്ന് തോന്നി. പണ്ട് കോട്ടയം ബസേലിയസിൽ ബിഎ മലയാളത്തിന് പഠിക്കുമ്പോൾ ആണുങ്ങളായി നമ്മൾ അഞ്ചുപേർ. അതിൽ മാത്യുവും ഷൈജുവും കെ എസ് യുക്കാർ. സത്യജിത്തും ഞാനും എസ്എഫ്ഐ. താങ്കൾ എബിവിപിയും. രാഷ്ട്രീയമായ അഭിപ്രായഭിന്നതകൾക്കിടയിലും നമ്മൾ അഞ്ചുപേരും അന്നുമിന്നും നല്ല സുഹൃത്തുക്കളായി തുടരുന്നു. എന്തായാലും താങ്കൾ അന്നും പിന്നീടും ആരുടെ പക്ഷത്തായിരുന്നോ , അവർതന്നെയാണ് 'മീശ' തെരുവിൽ കത്തിച്ചതും താങ്കൾക്കും കുടുംബത്തിനുമെതിരെ ആക്രമണഭീഷണിയുമായി ഇപ്പോഴും ഉറഞ്ഞുതുള്ളുന്നതും എന്നത് വൈകിയ വേളയിലെങ്കിലും ഒരു സ്വയംവിമർശനത്തിന് വിഷയമാക്കാവുന്നതാണ്.
വിദ്യാഭ്യാസകാലത്ത് മറ്റ് പല കാരണങ്ങളുടെയും പേരിൽ ചിലർ എബിവിപി, കാമ്പസ് ഫ്രണ്ട് പോലുള്ള വർഗീയ സംഘടനകളിൽ എത്തപ്പെടും. കൂടുതൽ ബോധവും പക്വതയും ആർജിക്കുന്ന കാലത്ത് അവരിൽ നല്ലൊരു വിഭാഗം അത്തരം ചിന്താഗതികളിൽനിന്ന് അകന്നുമാറുകയും ചെയ്യാറുണ്ട്. പക്ഷേ, താങ്കളുടെ ചിന്താഗതിയിൽ കാര്യമായ മാറ്റങ്ങളൊന്നും വന്നിരുന്നില്ലെന്ന് പച്ചക്കുതിര മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ട അഭിമുഖം വിളിച്ചുപറയുന്നുണ്ട്. എം എ ജോണും കെ വേണുവും മാത്രമാണ് താൻ കണ്ടിട്ടുള്ളവരിൽ ആദർശരാഷ്ട്രീയപ്രവർത്തകർ എന്ന പ്രസ്താവനയ്ക്ക് പിന്നിലെ കാപട്യവും കുടിലതയുംതന്നെ അതിന് തെളിവ്. മരണത്തിൽപോലും തലകുനിക്കാത്ത അനശ്വരവിപ്ലവകാരി ചെഗ്വേരയെ അവഹേളിക്കുകയും ഒരു അസംബ്ലി സീറ്റിനായി യുഡിഎഫിൽ അഭയം തേടിയ കെ വേണുവിനെ സ്തുതിക്കുകയും ചെയ്തത് യാദൃശ്ചികമാകാൻ ഇടയില്ല. ജനങ്ങൾ നെഞ്ചിലേറ്റിയ ഒരു നേതാവ് പോലും കേരളത്തിൽ സംഘപരിവാരത്തിന് ഇല്ലാതെപോയതിന്റെ നിരാശയാകാം ആ കൊതിക്കെറുവിന് കാരണം.
എസ്എഫ്ഐക്കാരായ സുഹൃത്തുക്കൾ ഉണ്ടായിരുന്നു എങ്കിലും എസ്എഫ്ഐ തന്നെ ഒട്ടും സ്വാധീനിച്ചിട്ടില്ലെന്ന് താങ്കൾ പറഞ്ഞു. അതിൻറെ ഉത്തരവാദിത്വം താങ്കളുടെ സുഹൃത്തും എസ്എഫ്ഐയുടെ പ്രവർത്തകനുമായിരുന്ന ഞാൻ ഉൾപ്പെടെ ഉള്ളവരുടെ കഴിവുകേടാകാം. ഇഎംഎസിനും എകെജിക്കും പോലും താങ്കളെ സ്വാധീനിക്കാൻ പറ്റിയിട്ടില്ലാത്തതിനാൽ ഞങ്ങളുടെ ആ കുറവ് പോട്ടെന്നുവെയ്ക്കാം.
എസ്എഫ്ഐ നാടിനും സമൂഹത്തിനും വേണ്ടി ഒരു ചുക്കും ചെയ്യുന്നില്ല, ചെയ്തിട്ടുമില്ല എന്നതാണ് താങ്കൾ പങ്കുവെച്ച മറ്റൊരു കാഴ്ചപ്പാട്. ഫെയ്സ്ബുക്കിലും ഫോണിലും ചിലർ വന്ന് ചീത്തവിളിച്ചപ്പോൾ 'മീശയും ചുരുട്ടി' കട്ടിലിനടിയിൽ കയറിയിരുന്ന താങ്കളോട്, ഇറങ്ങിവന്ന് ബാക്കി എഴുതൂ..സംരക്ഷണം തരാൻ ഇവിടെ ചങ്കുറപ്പുള്ള ഒരു സർക്കാറുണ്ട് എന്ന് പറഞ്ഞ കേരളത്തിൻറെ മുഖ്യമന്ത്രിയെ അറിയുമോ. എസ്എഫ്ഐയുടെ മുൻകാലരൂപമായ കെഎസ്എഫിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു പണ്ട് പിണറായി വിജയൻ. മാതൃഭൂമി താങ്കളെ 'നൈസായിട്ട്' അങ്ങ് ഒഴിവാക്കിയപ്പോൾ ആ നോവൽ പ്രസിദ്ധീകരിക്കാൻ ഞങ്ങൾ തയ്യാർ എന്ന് ആദ്യം പറഞ്ഞത് സമകാലിക മലയാളം വരികയാണ്. ചങ്ങനാശ്ശേരിയിലെ എസ്എഫ്ഐയുടെ മുൻകാല ഏരിയ സെക്രട്ടറി സജി ജയിംസ് ആണ് ഇപ്പോൾ ആ വാരികയുടെ പത്രാധിപർ. അവിടംമുതൽ താങ്കൾക്ക് വേണ്ടി വീറോടെ വാദിച്ച ലക്ഷക്കണക്കിന് ആൾക്കാരിൽ മഹാഭൂരിപക്ഷവും ഒരിക്കൽഎസ്എഫ്ഐയുടെ കൊടി പിടിച്ചവരാകും എന്നതിൽ സംശയമില്ല.
നിങ്ങൾ പറയുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട് ; പക്ഷേ നിങ്ങളുടെ പറയാനുള്ള അവകാശത്തിന് വേണ്ടി മരിക്കാനും ഞാൻ തയ്യാറാണ് എന്ന വോൾട്ടയറുടെ വാക്കുകൾ ഞാൻ ആദ്യം കേട്ടത് 'ഒരു ചുക്കും ചെയ്യാത്ത ' എസ്എഫ്ഐയിൽ പ്രവർത്തിച്ചുതുടങ്ങിയ കാലത്താണ്. തസ്ലിമയുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിനു വേണ്ടി പോസ്റ്റർ ഒട്ടിക്കുകയും പ്രകടനം നടത്തുകയും ചെയ്തതും എസ്എഫ്ഐക്ക് വേണ്ടി സജീവമായി പ്രവർത്തിച്ച കാലത്തുതന്നെ. അന്ന് എസ്എഫ്ഐ പകർന്നുതന്ന രാഷ്ട്രീയബോധവും വീക്ഷണവുമാണ് ഇന്ന് താങ്കളുടെ പക്ഷത്ത് നിലയുറപ്പിക്കാൻ എന്നെ പ്രാപ്തനാക്കിയത്.
'മീശ' ഇതുവരെ വായിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, വളരെ നല്ല നോവൽ ആണെന്ന് വായിച്ച സുഹൃത്തുക്കളിൽനിന്ന് അറിഞ്ഞു. താങ്കൾ മുമ്പ് എഴുതിയിട്ടുള്ള കഥകൾ വായിച്ച അനുഭവത്തിൽ അക്കാര്യം എനിക്ക് ഉറപ്പുമായിരുന്നു. തുടർന്നും നല്ലനല്ല കഥകളും നോവലുകളും എഴുതാൻ താങ്കൾക്ക് കഴിയട്ടെ. എതിർപ്പുമായി വരുന്നവരെ പ്രതിരോധിക്കാൻ അന്നും ഞങ്ങൾ ഇവിടെയുണ്ടാകും.
പക്ഷേ ഹരീഷ്, നിങ്ങളിലെ സുഹൃത്തിനോടും സാഹിത്യകാരനോടും ഉള്ള എല്ലാ അടുപ്പവും ആദരവും സ്നേഹവും നിലനിർത്തിക്കൊണ്ട് പറയട്ടെ, നിങ്ങൾ ഇതുവരെ എഴുതിയ എല്ലാത്തിനെക്കാളും മുകളിലാണ് അഭിമന്യു എന്ന ചെറുപ്പക്കാരൻ മഹാരാജാസ് കോളേജിന്റെ മതിലുകളിൽ എഴുതിയ ആ രണ്ട് വാക്കുകൾ.