ഷാര്‍ജ- ബോളിവുഡ് നടി കരീന കപൂര്‍ ഖാന്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍. 'കരീന കപൂര്‍ ഖാന്‍സ് പ്രെഗ്‌നന്‍സി ബൈബിള്‍ എന്ന തന്റെ പുസ്തകവുമായാണ് കരീന ഷാര്‍ജയിലെത്തിയത്. മാതൃത്വത്തിലൂടെയുള്ള തന്റെ യാത്രയെക്കുറിച്ചും പുസ്തകത്തിന് പിന്നിലെ പ്രചോദനത്തെക്കുറിച്ചും അവര്‍ ആരാധകരോട് സംസാരിച്ചു.
'ഈ പുസ്തകം എഴുതാന്‍ എനിക്ക് അവസരം ലഭിച്ചപ്പോള്‍, മാതൃത്വത്തെക്കുറിച്ചും എന്റെ ഗര്‍ഭകാല യാത്രയെക്കുറിച്ചും സത്യസന്ധമായ ഒരു വിവരണം എന്നെക്കാള്‍ മികച്ച ആര്‍ക്കാണ് നല്‍കാന്‍ കഴിയുകയെന്ന് തോന്നി- കരീന പറഞ്ഞു.
'ഗര്‍ഭധാരണം എന്നെ സംബന്ധിച്ച് വല്ലാത്ത അനുഭവമായിരുന്നു. എനിക്ക് ഒരു പുസ്തകം കൂടി എഴുതേണ്ടിവന്നാലും ഈ വിഷയം മികച്ചതായിരിക്കും, കാരണം ഞാന്‍ രണ്ടാമതും അമ്മയാകുകയാണ്- നടി കൂട്ടിച്ചേര്‍ത്തു.
തന്റെ ആദ്യ ഗര്‍ഭം താന്‍ വളരെയധികം ആസ്വദിച്ചെന്നും ഒമ്പതാം മാസം വരെ ജോലി തുടര്‍ന്നുവെന്നും കരീന പറഞ്ഞു. ഗര്‍ഭകാലത്ത് എനിക്ക് തോന്നിയതെല്ലാം, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുതല്‍ വൈകാരിക പെരുമാറ്റം വരെ തുറന്ന് ചര്‍ച്ച ചെയ്യാന്‍ ഈ പുസ്തകം അവസരമൊരുക്കുന്നു. താന്‍ എഴുതിയ പുസ്തകം അമ്മയായി പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്ക് ശേഷവും വായിക്കാന്‍ കഴിയുമെന്നും കരീന പറഞ്ഞു. 'ഇതെല്ലാം വികാരങ്ങളെയും അനുഭവങ്ങളെയും കുറിച്ചുള്ളതാണ് ... ഞാന്‍ കടന്നുപോയതിന്റെ ഒരു മാനുഷിക വിവരണം- അവര്‍ പറഞ്ഞു.