ഗാസ- ഗാസയില്‍ ആംബുലന്‍സ് വ്യൂഹത്തെ ആക്രമിച്ചതിനുള്ള ഇസ്രായില്‍ ന്യായീകരണം റെഡ് ക്രസന്റ് തള്ളി. ആംബുലന്‍സില്‍ ഹമാസ് തീവ്രവാദികളെ കയറ്റിക്കൊണ്ടുപോയതാണ് ആക്രമിക്കാന്‍ കാരണമെന്നാണ് ഇസ്രായില്‍ പറഞ്ഞത്. എന്നാല്‍ ഇത് തെറ്റാണെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി പ്രതികരിച്ചു. ഗാസയുടെ വടക്ക് നിന്ന് തെക്കോട്ട് പരിക്കേറ്റവരെ വഹിച്ചുള്ള വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ആംബുലന്‍സെന്ന് അവര്‍ പറഞ്ഞു. അല്‍ഷിഫ ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ നടത്തിയ ആംബുലന്‍സ് ആക്രമണത്തില്‍ കുറഞ്ഞത് 15 പേര്‍ കൊല്ലപ്പെട്ടു.
വടക്കന്‍ ഗാസയില്‍ തങ്ങളുടെ പോരാളികള്‍ അഞ്ച് ഇസ്രായില്‍ സൈനികരെ കൂടി വധിച്ചതായി ഹമാസിന്റെ ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു. ഗാസ സിറ്റിയുടെ വടക്കുപടിഞ്ഞാറുള്ള ഒരു കെട്ടിടത്തില്‍ തമ്പടിച്ചിരിക്കുന്ന സയണിസ്റ്റ് സേനയെ ഖസ്സാം സൈന്യം ആക്രമിച്ചു. മെഷീന്‍ ഗണ്ണുകളും ബോംബുകളും ഉപയോഗിച്ച് പോരാളികള്‍ ഇസ്രായിലി സേനയെ നേരിട്ടു, അഞ്ച് സൈനികര്‍ മരിക്കുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹമാസ് അവകാശപ്പെട്ടു.