ലാഹോർ- പാക്കിസ്ഥാനിലെ മിയാൻവാലി പ്രദേശത്തെ വ്യോമസേനാ പരിശീലന താവളത്തെ ലക്ഷ്യമാക്കിയുള്ള ഭീകരാക്രമണശ്രമം സൈന്യം പരാജയപ്പെടുത്തി. ഒൻപത് തീവ്രവാദികളെ വധിച്ചതായും സൈന്യം അറിയിച്ചു.
'സൈനികരുടെ വേഗത്തിലുള്ളതും ഫലപ്രദവുമായ പ്രതികരണത്തിലൂടെ ആക്രമികളെ പരാജയപ്പെടുത്തിയതായും സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
രാജ്യത്ത് നിരവധി ആക്രമണങ്ങൾ നടത്തിയ തെഹ്‌രീകെ ജിഹാദ് പാകിസ്ഥാൻ (ടി.ജെ.പി) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ആക്രമണത്തിന് മറുപടി നൽകിയ പാക് വ്യോമസേനയെ രാജ്യത്തിന്റെ താൽക്കാലിക പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കർ പ്രശംസിച്ചു.
തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 സൈനികർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ആക്രമണം. വെള്ളിയാഴ്ചയും പോലീസ് സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ ബോംബാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും 20ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.