Sorry, you need to enable JavaScript to visit this website.

ഇസ്രായില്‍ ക്രൂരതയില്‍ ഗര്‍ഭിണികളും വലയുന്നു, ഗാസയില്‍ അരലക്ഷം ഗര്‍ഭിണികള്‍ ദുരിതത്തില്‍

ഗാസ സിറ്റി- ഇസ്രായില്‍ ക്രൂരതയില്‍ ഗാസ മുനമ്പിലെ ആരോഗ്യസംരക്ഷണ സംവിധാനം മൊത്തത്തില്‍ തകര്‍ന്നിരിക്കെ, ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നവരില്‍ ഗര്‍ഭിണികളും.
ഗാസയില്‍ നിലവില്‍ 50,000 ഗര്‍ഭിണികളെങ്കിലുമുണ്ടെന്നാണ് കണക്ക്. 5,500 സ്ത്രീകള്‍ അടുത്ത മാസം പ്രസവിക്കാനിരിക്കുന്നു. പ്രതിദിനം 160ലധികം പ്രസവങ്ങളാണ് യുഎന്‍ ലൈംഗിക, പ്രത്യുല്‍പാദന ആരോഗ്യ ഏജന്‍സിയായ യു.എന്‍.എഫ്.പി.എ കണക്കാക്കുന്നത്.

ഗാസയില്‍ താമസിക്കുന്നവര്‍ക്ക് ശുദ്ധജലം, ഭക്ഷണം, മരുന്ന്, ശരിയായ ആരോഗ്യ സംരക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. ഗാസയില്‍ തന്റെ ഭാര്യ ഉള്‍പ്പെടെ കുഞ്ഞുങ്ങളെ വരവേല്‍ക്കാന്‍ കാത്തരിക്കുന്ന ആയിരക്കണക്കിന് സ്ത്രീകളാണ് ദുഷ്‌കരമായ സാഹചര്യങ്ങള്‍ നേരിടുന്നതെന്ന് ഗാസയിലെ ഇന്റര്‍നാഷണല്‍ കമ്മിറ്റി ഫോര്‍ റെഡ് ക്രോസ് (ഐസിആര്‍സി) വക്താവ് ഹാഷിം മഹന്ന അല്‍ അറബിയയോട് പറഞ്ഞു. ജീവിതത്തില്‍ ഏറെ സന്തോഷിക്കേണ്ടതാണ് ഇത്തരം സന്ദര്‍ഭങ്ങളെങ്കിലും സ്ഥിത വളരെയറെ പരിതാപകരമാണെന്ന് അദ്ദേഹം പറഞ്ഞു.
യുഎന്‍എഫ്പിഎയുടെ കണക്കനുസരിച്ച്, ഗാസയിലെ ആശുപത്രികളില്‍ മൂന്നിലൊന്നും ( 35ല്‍ 12ഉം)  പ്രാഥമിക ആരോഗ്യ പരിപാലന ക്ലിനിക്കുകളുടെ മൂന്നില്‍ രണ്ട് ഭാഗവും  (72ല്‍ 46ഉം) അടച്ചുപൂട്ടിയിരിക്കയാണ്.
ഇപ്പോഴും പ്രവര്‍ത്തിക്കുന്ന പല ആശുപത്രികളും പ്രസവ വാര്‍ഡുകളെ എമര്‍ജന്‍സി റൂമുകളോ ഓപ്പറേഷന്‍ റൂമുകളോ ആക്കി മാറ്റി. ചില സമയങ്ങളില്‍ സുരക്ഷിതമല്ലാത്ത മറ്റ് ആശുപത്രികളിലേക്ക് രോഗികളെ തിരിച്ചുവിടാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകുകയാണ്.
ഈ ഘട്ടത്തില്‍ ഗര്‍ഭിണികളായ സ്ത്രീകളെ ദുര്‍ബലരാകുകയാണെന്നും  അവര്‍ക്ക് വൈദ്യസഹായം ആവശ്യമാണെന്ന് മഹന്ന പറഞ്ഞു, പ്രസവിക്കാന്‍ തയ്യാറെടുക്കാന്‍ അമ്മമാര്‍ക്ക് സമാധാനപരമായ ഒരു മാനസികാവസ്ഥ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌ഫോടനങ്ങളുടെ ശബ്ദമാണെങ്ങും. രാത്രി മുഴുവന്‍ ഇരുട്ടില്‍ കഴിയേണ്ടി വരുന്നു. ആശയവിനിമയ സംവിധാനങ്ങളില്ല. ഒരു ആംബുലന്‍സ് പോലും വിളിക്കാന്‍ പറ്റില്ല-ഗര്‍ഭിണികള്‍ അഭിമുഖീകരിക്കുന്ന സാഹചര്യം വിവരിച്ചുകൊണ്ട് റെഡ് ക്രോസ് വക്താവ് പറഞ്ഞു.

 

Latest News