കോഴിക്കോട് - സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്‌ലിം ലീഗിനെ ക്ഷണിച്ചത് യു.ഡി.എഫിനെ ദുർബലപ്പെടുത്താനുള്ള സി.പി.എമ്മിന്റെ തൊരപ്പൻ പണിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം.പി. ലീഗ് ഒരിക്കലും സി.പി.എം ക്ഷണം സ്വീകരിച്ച് പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് കരുതുന്നത്. എന്ത് നഷ്ടമുണ്ടായാലും സി.പി.എമ്മുമായി കോൺഗ്രസ് സഹകരിക്കില്ലെന്നും മലപ്പുറത്ത് വിഭാഗീയ പ്രവർത്തനം അവസാനിപ്പിക്കണമെന്ന കെ.പി.സി.സി നിർദ്ദേശം പ്രവർത്തകർ പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് കേരളത്തിലെ സി.പി.എമ്മിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജവഹർലാൽ നെഹ്‌റുവിന്റെ കാലം മുതൽ ഫലസ്തീന് നിരുപാധിക പിന്തുണയാണ് കോൺഗ്രസ് നൽകുന്നത്. ഇത്തവണയും പാർട്ടി പ്രവർത്തക സമിതി ആദ്യം തന്നെ പ്രമേയം പാസാക്കി പിന്തുണ അറിയിച്ചു. ആ നിലപാടിൽ ഒരു ശതമാനം പോലും ഒരിടത്തും വെള്ളം ചേർത്തിട്ടില്ല. കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെ ബി ടീമാണ് കേരളത്തിലെ സി.പി.എം. ഫലസ്തീനോട് ഇപ്പോഴാണ് സി.പി.എമ്മിന് സ്‌നേഹം വന്നത്. യു.ഡി.എഫിൽ തർക്കമുണ്ടാക്കി രക്ഷപ്പെടാനാണ് സി.പി.എമ്മിന്റെ ശ്രമം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മാർക്‌സിസ്റ്റ് പാർട്ടി തലകുത്തി നിന്നാലും ഒരു സീറ്റ് പോലും കിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)