Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സി.പി.എം റാലി; ലീഗ് ഇ.ടിയെ തള്ളുമോ കൊള്ളുമോ? പാണക്കാട്ട് തിരക്കിട്ട കൂടിയാലോചനകൾ

Read More

കോഴിക്കോട് - സി.പി.എം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‌ലിം ലീഗ് പങ്കെടുക്കണമോ വേണ്ടയോ എന്നതിൽ പാർട്ടിയിൽ ചർച്ച സജീവം. തങ്ങളെ ക്ഷണിച്ചാൽ മുസ്‌ലിം ലീഗ് പങ്കെടുക്കുമെന്ന പാർട്ടിയുടെ മുതിർന്ന നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ പ്രതികരണത്തിന് തൊട്ടുപിന്നാലെ സി.പി.എം ലീഗിനെ ഔദ്യോഗികമായി തന്നെ പരിപാടിയിലേക്ക് ക്ഷണിച്ച സാഹചര്യത്തിലാണിത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 എന്നാൽ, സി.പി.എം റാലിയിൽ ലീഗ് പങ്കെടുക്കരുതെന്നാണ് കോൺഗ്രസിലെ വലിയൊരു വിഭാഗം നേതാക്കളുടെ വികാരം. ഏകസിവിൽ കോഡ് വിവാദം കത്തിനിന്ന സമയത്ത് സി.പി.എം സംഘടിപ്പിച്ച പരിപാടിയിൽ ലീഗ് ക്ഷണം നിരസിച്ചത് വലിയൊരു സന്ദേശമായിരുന്നുവെന്നും അത് പൊളിക്കുന്ന നിലപാട് ലീഗിൽനിന്ന് ഉണ്ടായിക്കൂടെന്നുമാണ് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവുമായ രമേശ് ചെന്നിത്തല എന്നിവരടക്കമുള്ളവരുടെ ആവശ്യം. സി.പി.എം പരിപാടിയുമായി സഹകരിക്കേണ്ടതില്ലെന്ന യു.ഡി.എഫ് മുൻ തീരുമാനം അവിടെയുണ്ടെന്നും ഇത് എല്ലാവർക്കും ബാധകമാണെന്നും കെ സുധാകരൻ ഓർമിപ്പിക്കുന്നു. മുന്നണിയിലെ പ്രബല കക്ഷികളിൽ ഒന്നായ ലീഗ് തങ്ങളുടെ വികാരം മാനിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പ്രതീക്ഷിക്കുന്നു.
 എന്നാൽ, സി.പി.എം ഇത്തവണ മുൻ അനുഭവം ആവർത്തിക്കേണ്ടെന്നു കരുതി ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ആദ്യഘട്ടത്തിൽ ലീഗിനെ ക്ഷണിച്ചിരുന്നില്ല. ഇന്നലെ ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ സി.പി.എമ്മിന്റെ ക്ഷണം ലഭിച്ചാൽ പാർട്ടി ചർച്ച ചെയ്ത് പങ്കെടുക്കുമെന്ന വികാരം മാധ്യമങ്ങളോട് പങ്കുവെച്ചതോടെയാണ് ലീഗിനെക്കൂടി ക്ഷണിക്കാൻ സി.പി.എം പെട്ടെന്ന് തീരുമാനിച്ചത്. എന്നാൽ, പാർട്ടിയിലെ മുതിർന്ന നേതാവ് തന്നെ പറഞ്ഞതനുസരിച്ച് സി.പി.എമ്മിൽനിന്ന് ലഭിച്ച ക്ഷണം നിരസിക്കുന്നത് ശരിയല്ലെന്നും അത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുമെന്നും ലീഗിൽ പരിപാടിയിൽ പങ്കെടുക്കണമെന്ന വാദത്തോട് യോജിപ്പുള്ള വലിയൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, മുതിർന്ന കോൺഗ്രസ് നേതാക്കളുടെ വികാരം മാനിക്കാതെ സി.പി.എം പരിപാടിയിൽ പങ്കെടുത്താൽ അത് മുന്നണിയിലുണ്ടാക്കുന്ന പുകിലുകൾ ലീഗ് നേതൃത്വത്തെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്. കോൺഗ്രസിനെ ക്ഷണിച്ചാൽ തങ്ങളും റാലിയിൽ പങ്കെടുക്കുമെന്ന നിലപാടിൽ പാർട്ടി ഉറച്ചുനിന്നാൽ മതിയായിരുന്നുവെന്നും അതല്ലാത്തൊരു ആവശ്യം ഇ.ടി ഇപ്പോൾ ഉന്നയിക്കേണ്ടിയിരുന്നില്ലെന്ന അഭിപ്രായം പാർട്ടിയിൽ പലർക്കുമുണ്ട്. കടുത്ത സി.പി.എം വിരുദ്ധനായ ഇ.ടി എങ്ങനെയാണ് സി.പി.എം തന്ത്രത്തിൽ വീണതെന്നും പലരും ചോദിക്കുന്നു. എന്നാൽ, ഫലസ്തീൻ പോലൊരു ലോകവിഷയത്തിൽ അന്ധമായ കക്ഷിരാഷ്ട്രീയ ഭിന്നത മാറ്റിവെച്ച് യോജിക്കാവുന്ന ഇടങ്ങളിൽ ഒരുമിച്ച് പൊരുതണമെന്ന ഇ.ടിയുടെ നിലപാടിനെ പാടെ അവഗണിക്കുന്നത് ശരിയല്ലെന്ന ശക്തമായ എതിർ വാദവുമുണ്ട്. എന്തായാലും ഈയൊരു ആശയക്കുഴപ്പം തീർക്കാൻ തിരക്കിട്ട കൂടിയാലോചനകളാണ് പാണക്കാട്ട് നടക്കുന്നത്. നവംബർ 11ന് കോഴിക്കോട് സരോവരം ട്രേഡ് സെന്ററിൽ വച്ചാണ് സി.പി.എം പരിപാടി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും മതസാമുദായിക സംഘടനകളുടെയും പ്രതിനിധികളെയും സി.പി.എം ക്ഷണിച്ചിട്ടുണ്ട്.

Latest News