വാരണാസി-ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയായെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കുറച്ചു കൂടി സമയം ആവശ്യപ്പെട്ട് പുരുവസ്തു വകുപ്പ്. വിശ്വാസികള്‍ അംഗസ്‌നാനം ചെയ്യുന്ന വുദുഖാന
ഒഴികെയുള്ള ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ ശാസ്ത്രീയമായ സര്‍വേ നടത്താനുള്ള നിര്‍ദേശം പൂര്‍ത്തിയാക്കിയെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) അറിയിച്ചത്. സര്‍വേ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിച്ച ഉപകരണങ്ങളുടെ വിശദാംശങ്ങളോടൊപ്പം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സമയം വേണമെന്ന് പറഞ്ഞാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വാരാണസി ജില്ലാ കോടതി നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയം നീട്ടിയിരുന്നു
ജില്ലാ ജഡ്ജി എ.കെ.വിശ്വേഷ് എ.എസ്.ഐയുടെ ആവശ്യം അംഗീകരിച്ച് കോടതിയുടെ നവംബര്‍ 17 വരെ സമയം അനുവദിച്ചു. മുന്‍ ഉത്തരവ് പ്രകാരം നവംബര്‍ ആറിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ഇതിനു മുമ്പും സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കൂടുതല്‍ സമയം അനുവദിച്ചിരുന്നു.
സെപ്റ്റംബര്‍ നാല് വരെ സര്‍വേ പൂര്‍ത്തിയാക്കാന്‍ എഎസ്‌ഐക്ക് ഓഗസ്റ്റ് നാലിന് കോടതി ഒരു മാസത്തെ അധിക സമയം അനുവദിച്ചു. സെപ്റ്റംബര്‍ 6ന് നാലാഴ്ചത്തേക്ക് കൂടി നീട്ടി നല്‍കുകയും ചെയ്തു.
ഗ്യാന്‍വാപി മസ്ജിദ് സമുച്ചയം നിലനില്‍ക്കുന്ന സ്ഥലത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നോ എന്നറിയാനാണ് ശാസ്ത്രീയ സര്‍വേ നടത്താന്‍ എഎസ്‌ഐയോട് ജില്ലാ കോടതി നിര്‍ദ്ദേശിച്ചത്. ജില്ലാ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എഎസ്‌ഐ ശാസ്ത്രീയ സര്‍വേ നടത്തുന്നത്.
മുമ്പ് നിലവിലുണ്ടായിരുന്ന ഒരു ഹിന്ദു ക്ഷേത്രത്തിന് മുകളിലാണ് ഗ്യാന്‍വാപി മസ്ജിദ് നിര്‍മ്മിച്ചതെന്ന് അവകാശപ്പെട്ടാണ് അഞ്ച് ഹിന്ദു സ്ത്രീകള്‍ കോടതിയെ സമീപിച്ചത്.
സര്‍വേയില്‍ പള്ളിയില്‍ ഒരു ശിവലിംഗ ഘടന കണ്ടെത്തിയതായി ഹിന്ദു പക്ഷം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഒരു ഉറവയാണെന്നും ശിവ ലിംഗമല്ലെന്നും പള്ളി പരിപാലന കമ്മിറ്റി പറയുന്നു.