വാരണാസി- മോട്ടോര്‍ സൈക്കിളില്‍ എത്തിയ മൂന്ന് പേര് ചേര്‍ന്ന് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയുടെ ഫോട്ടോയെ വീഡിയോയുമെടുത്തു. ഐഐടി-ബിഎച്ച്യുവിലെ വിദ്യാര്‍ഥിനിക്കുനേരെയാണ് ലൈംഗികാതിക്രമം. ഹോസ്റ്റലിന് സമീപവെച്ചാണ് യുവതിയുടെ വീഡിയോകള്‍ പകര്‍ത്തിയത്.
ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ (ബിഎച്ച്യു) നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ വ്യാഴാഴ്ച പ്രതിഷേധ പ്രകടനം നടത്തി. പുറത്തുനിന്നുള്ളവരാണ് പ്രതികളെന്ന് ആരോപിക്കുന്ന വിദ്യാര്‍ഥികള്‍ പുറത്തുനിന്നുളളവര്‍ കാമ്പസില്‍ പ്രവേശിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു.
ബുധനാഴ്ച രാത്രി സുഹൃത്തിനൊപ്പം ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയപ്പോഴായിരുന്നു സംഭവമെന്ന യുവതി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. കര്മന് ബാബ ക്ഷേത്രത്തിന് സമീപമെത്തിയപ്പോള്‍ മൂന്ന് പേര് മോട്ടോര്‍ സൈക്കിളില്‍ യുവതിയെ ബലമായി ഒരു മൂലയിലേക്ക് കൊണ്ടുപോകുകയായിരുന്നു. സുഹൃത്തില്‍ നിന്ന് വേര്‍പെടുത്തിയ ശേഷമാണ് വസ്ത്രമുരിഞ്ഞശേഷം വീഡിയോകളും ഫോട്ടോകളും എടുത്തത്. 15 മിനിറ്റിനുശേഷം യുവതിയുടെ ഫോണ്‍ നമ്പര്‍ വാങ്ങിയ ശേഷമാണ് വിട്ടയച്ചതെന്നും പരാതിയില്‍ പറയുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേയും ഐ.ടി നിയമത്തിലേയും വിവിധ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ഐഐടി-ബിഎച്ച്യു രാജ്പുത്താന ഹോസ്റ്റലിന് സമീപം തടിച്ചുകൂടി.
സംഭവത്തിന് ശേഷം ഇന്‍സ്റ്റിറ്റിയൂട്ടിലെ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാന്‍ കാമ്പസിനും ചുറ്റും രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ ബാരിക്കേഡുകള്‍ സ്ഥാപിക്കാന്‍ രജിസ്ട്രാര്‍ രാജന് ശ്രീവാസ്തവ നിര്‍ദ്ദേശം നല്കി.ബി.എച്ച്.യു സ്റ്റിക്കറുകള്‍ പതിച്ച വാഹനങ്ങളെയും തിരിച്ചറിയല്‍ കാര്‍ഡുള്ള ആളുകളെയും മാത്രമേ പ്രവേശിപ്പിക്കൂയെന്നും അദ്ദേഹം പറഞ്ഞു.
ഐഐടികള്‍ പോലുള്ള ഉന്നത സ്ഥാപനങ്ങളും സുരക്ഷിതമല്ലേയെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് എക്സ് പോസ്റ്റില്‍ ചോദിച്ചു.
വാരാണസി ഐഐടിയിലെ വിദ്യാര്‍ത്ഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. കുറച്ച് കാലം മുമ്പ്, യൂണിവേഴ്സിറ്റി കാമ്പസില്‍ ഒരു വിദ്യാര്‍ത്ഥിനി അക്രമത്തിന് ഇരയായി. അക്രമികള്‍ സംഭവത്തിന്റെ വീഡിയോയും പകര്‍ത്തിയിട്ടുണ്ട്. സംഭവത്തില്‍ ഐഐടി വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലാണ്- കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹിന്ദിയില്‍ നല്കിയ പോസ്റ്റില്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ ഒരു വിദ്യാര്‍ത്ഥിനിക്ക് സ്വന്തം വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളില്‍ നിര്‍ഭയമായി നടക്കാന്‍ സാധിക്കില്ലേ-അവര്‍ ചോദിച്ചു.