കൊച്ചി-മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരു മറ്റൊരു താരപുത്രി കൂടി. നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണിയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം റമ്പാനിലൂടെയാണ് കല്യാണി അരങ്ങേറ്റം കുറിക്കുന്നത്.ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ഒരു പക്കാ മാസ് ആക്ഷന്‍ പടമായിരിക്കും റമ്പാന്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളുടെ റോളിലാണ് കല്യാണിയെത്തുക. ടിക്ടോക്കിലും ഇന്‍സ്റ്റഗ്രാമിലും ഡാന്‍സും പാട്ടും അഭിനയവും ഒക്കെയായി താരമാണ് കല്യാണി. വിദേശത്തെ പഠനം പൂര്‍ത്തിയാക്കിയ അരുന്ധതി എന്ന കല്യാണിയുടെ വിശേഷങ്ങള്‍ ഇടയ്കക്കിടെ വാര്‍ത്തകളില്‍ നിറയാറുണ്ട്.
സിനിമയില്‍ അഭിനയിക്കും മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ താരമായ കല്യാണിക്ക് ആരാധകര്‍ ഏറെയാണ്. ലോകപ്രശസ്തമായ ലെ കോര്‍ഡന്‍ ബ്ലൂവില്‍ നിന്ന് ഫ്രഞ്ച് പാചകത്തില്‍ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട് കല്യാണി. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും പ്രതീക്ഷകളും ഏറെയാണ്.