Sorry, you need to enable JavaScript to visit this website.

ഇസ്രായിലിന് നേരെ മിസൈലും യുദ്ധവിമാനങ്ങളും അയച്ച് ഹൂത്തികൾ

ഗാസ- ഗാസയിൽ ആക്രമം തുടരുന്ന ഇസ്രായിൽ സൈന്യത്തിന് നേരെ മിസൈലും യുദ്ധവിമാനങ്ങളും തൊടുത്തുവിട്ട് ഹൂത്തികൾ. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ ഹൂത്തികൾ പുറത്തുവിട്ടു. ഗാസയിലെ ഹമാസിനെതിരായ യുദ്ധം തുടർന്നാൽ ഇസ്രായേലിനെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തികൾ ആവർത്തിച്ചു. മൂന്ന് വ്യത്യസ്ത ഓപ്പറേഷനുകളിൽ ഇതിനകം ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും പ്രയോഗിച്ചിട്ടുണ്ടെന്നും ഹൂത്തികൾ വ്യക്തമാക്കി. ഗ്രൂപ്പിന്റെ അൽമസീറ ടിവിയിൽ സംപ്രേഷണം ചെയ്ത ഹൂതി സൈനിക പ്രസ്താവന പറഞ്ഞു. ഹൂത്തികൾ ഇസ്രായിലിന് നേരെ ഒരു വലിയ ബാച്ച് ബാലിസ്റ്റിക് മിസൈലുകളും കൂടാതെ ധാരാളം സായുധ വിമാനങ്ങളും വിക്ഷേപിച്ചുവെന്നും സൈനിക പ്രസ്താവനയിൽ പറയുന്നു. ഇതിന്റെ വീഡിയോയും പുറത്തുവിട്ടു. മിസൈലുകൾ തടഞ്ഞതായി ഇസ്രായിൽ അവകാശപ്പെട്ടു. ലെബനൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾ ഉൾപ്പെടുന്ന ഇസ്രായേലിനെതിരായ ചെറുത്തുനിൽപ്പിന്റെ അച്ചുതണ്ടിന്റെ ഭാഗമാണ് ഹൂത്തികളെന്ന് ഹൂതി ഗവൺമെന്റിന്റെ പ്രധാനമന്ത്രി അബ്ദുൽ അസീസ് ബിൻ ഹബ്തൂർ പറഞ്ഞു. അഹങ്കാരിയായ ഈ സയണിസ്റ്റ് ശത്രുവിനെ നമ്മുടെ ജനങ്ങളെ കൊല്ലാൻ അനുവദിക്കില്ലെന്നും പ്രസ്താവനയിലുണ്ട്. 
അതിനിടെ, ഗാസയിൽ ഇസ്രായിൽ സൈന്യം നടത്തുന്ന ക്രൂരതക്കെതിരെ ലോകരാജ്യങ്ങളുടെ പ്രതിഷേധം ഉയരുന്നു. ഇസ്രായിലുമായുള്ള നതതന്ത്രബന്ധം ബൊളീവിയ വിച്ഛേദിച്ചു. ഗാസ ആക്രമണത്തെ നിരാകരിച്ചും അപലപിച്ചും ഇസ്രായിലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാൻ ഗവൺമെന്റ് തീരുമാനിച്ചതായി ഡെപ്യൂട്ടി വിദേശ മന്ത്രി ഫ്രെഡ്ഢി മാമനി പത്രസമ്മേളനത്തിൽ പറഞ്ഞു. 

ഗാസയിൽ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിക്കുന്നതിൽ പ്രതിഷേധിച്ച് അംബാസഡറെ കൂടിയാലോചനകൾക്കായി ചിലി തിരിച്ചുവിളിച്ചു. ഇസ്രായിലിന്റെ സൈനിക നടപടികളെ ശക്തമായി അപലപിക്കുന്നതായും കടുത്ത ഉത്കൺഠയോടെ നിരീക്ഷിക്കുന്നതായും ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് പറഞ്ഞു. കൊളംബിയയും ഇസ്രായിലിൽനിന്ന് അംബാസഡറെ തിരിച്ചുവിളിച്ചു. ഇസ്രായിലിലെ അംബാസഡറെ തിരിച്ചുവിളിക്കാൻ തീരുമാനിച്ചുവെന്നും ഫലസ്തീനികൾക്കെതിരെ നടത്തുന്ന കൂട്ടക്കൊല നിർത്തിയില്ലെങ്കിൽ ഞങ്ങൾക്ക് അവിടെ തുടരാനാവില്ലെന്നും കൊളംബിയൻ പ്രസിഡന്റ് ഗുസ്റ്റാവൊ പെട്രൊ എക്‌സ് പ്ലാറ്റ്‌ഫോമിൽ രേഖപ്പെടുത്തി. ജോർദാനും ഇസ്രായിലിൽനിന്ന് തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചു. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജനരോഷം ഭയന്ന് ഇസ്രായിലിലേക്ക് പോയ ജോർദാനിലെ ഇസ്രായിൽ അംബാസഡറെ ജോർദാനിലേക്ക് തിരിച്ചയക്കരുതെന്ന് ഇസ്രായിൽ വിദേശ മന്ത്രാലയത്തെ അറിയിക്കാൻ ജോർദാൻ വിദേശ മന്ത്രാലയത്തിന് വിദേശ മന്ത്രി അയ്മൻ അൽസ്വഫദി നിർദേശം നൽകി.
ഹമാസിനോടുള്ള യുദ്ധത്തിന് ഇസ്രായിലിലേക്ക് അയക്കുന്ന ആയുധങ്ങൾ ലോഡ് ചെയ്യാനും ഇറക്കാനും കൂട്ടാക്കരുതെന്ന് ബെൽജിയൻ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂനിയൻ തങ്ങളുടെ അംഗങ്ങളോട് ആവശ്യപ്പെട്ടു. ഈ ആയുധങ്ങൾ കയറ്റുകയോ ഇറക്കുകയോ ചെയ്യുക എന്നതിനർഥം നിരപരാധികളെ കൊല്ലുന്ന ഭരണകൂടങ്ങൾക്ക് ആയുധങ്ങൾ എത്തിക്കാൻ കൂട്ടുനിൽക്കുക എന്നാണെന്ന് യൂനിയൻ അഭിപ്രായപ്പെട്ടു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


റഷ്യ, ഉക്രൈൻ സംഘർഷത്തിന്റെ തുടക്കത്തിൽ വ്യക്തമായ കരാറുകളും നിയമങ്ങളും ഉണ്ടായിരുന്നതു പോലെ, ഗ്രൗണ്ട് ലോജിസ്റ്റിക്‌സ് മേഖലയിൽ പ്രവർത്തിക്കുന്ന യൂനിയനുകൾ ഇസ്രായിലിലേക്ക് സൈനിക ഉപകരണങ്ങളുമായി പോകുന്ന ഒരു വിമാനവും കൈകാര്യം ചെയ്യരുതെന്ന് ബെൽജിയൻ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂനിയൻ പറഞ്ഞു. ഗാസയിൽ ഉടനടി വെടിനിർത്തൽ നടപ്പാക്കണം. ബെൽജിയൻ എയർപോർട്ടുകൾ വഴി ഇസ്രായിലിലേക്ക് ആയുധങ്ങൾ അയക്കരുതെന്നും യൂനിയൻ ആവശ്യപ്പെട്ടു.
അമേരിക്കയിലും വൻപ്രതിഷേധമാണ് ഉയരുന്നത്. ഇസ്രായിൽ നിലപാടുകളോടുള്ള അമേരിക്കൻ ഗവൺമെന്റിന്റെ പക്ഷപാതും കാരണം അമേരിക്കയിൽ പൊതുസമൂഹത്തിനിടയിൽ രോഷം വർധിച്ചുവരികയാണ്. അമേരിക്ക നേരിടുന്ന ദേശീയ സുരക്ഷാ ഭീഷണികളെ കുറിച്ച് അമേരിക്കൻ കോൺഗ്രസ് ഹിയറിംഗിൽ പങ്കെടുത്ത് വിദേശ മന്ത്രി ആന്റണി ബ്ലിങ്കനും പ്രതിരോധ മന്ത്രി ലോയ്ഡ് ഓസ്റ്റിനും നടത്തിയ പ്രസംഗങ്ങൾ നിരവധി പേർ ബഹിഷ്‌കരിക്കുകയും തടസ്സപ്പെടുത്തുകയും ചെയ്തു. ഇസ്രായിലിനും ഉക്രൈനും അടിയന്തിര മിലിട്ടറി സഹായങ്ങൾ അയക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിന് ചേർന്ന യു.എസ് കോൺഗ്രസ് ഹിയറിംഗിൽ ഗാസയിൽ ഉടനടി വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ ഉയർത്തി. വംശഹത്യകൾക്ക് ധനസഹായം നൽകുന്നത് നിർത്തുക, വെടിനിർത്തൽ നടപ്പാക്കുക, ഗാസയിൽ സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്നത് നിർത്തുക എന്നീ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തി. ഗാസയിൽ യുദ്ധം വേണ്ട, വെടിവെപ്പ് നിർത്തുക എന്നീ മുദ്രാവാക്യങ്ങൾ രേഖപ്പെടുത്തിയ ബാനറുകൾ പ്രവർത്തകർ ഉയർത്തി. ചിലർ ഇസ്രായിൽ കൂട്ടക്കൊലകൾ സൂചിപ്പിച്ച് പ്രതീകാത്മകമായി രക്തം പുരണ്ട കൈകൾ ഉയർത്തി. 
ഉക്രൈനും ഇസ്രായിലിനും യുദ്ധസഹായമായി 105 ബില്യൺ ഡോളറിന്റെ സഹായത്തിനുള്ള അനുമതി കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിൽ ബ്ലിങ്കൻ തേടി. ഗാസ യുദ്ധത്തിൽ പ്രതിഷേധിച്ച് താൻ ജോലി രാജിവെച്ചതായി നയതന്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന വനിത പറഞ്ഞു. യുദ്ധത്തിന് ഇനിയും പണം നൽകരുത്. മൂവായിരത്തിലേറെ കുട്ടികൾ കൊല്ലപ്പെട്ടിരിക്കുന്നു. അമേരിക്ക യുദ്ധത്തിന് പണം നൽകുകയാണ് എന്നിങ്ങിനെ ഇവർ മുദ്രാവാക്യം വിളിച്ചു. സെനറ്റിൽ നിയമ വിരുദ്ധമായി പ്രതിഷേധ പ്രകടനം നടത്തിയവരെ പിന്നീട് യു.എസ് കോൺഗ്രസ് പോലീസ് ബലംപ്രയോഗിച്ച് പുറത്താക്കി. ഇസ്രായിലിനു മേലുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് വെടിനിർത്തലിന് മധ്യസ്ഥത വഹിക്കാൻ ജോ ബൈഡനോട് ഇസ്‌ലാമിക് നാഷണൽ ഡെമോക്രാറ്റിക് കൗൺസിൽ ആവശ്യപ്പെട്ടു. മിഷിഗൻ, ഒഹായൊ, പെൻസിൽവാനിയ തുടങ്ങി തെരഞ്ഞെടുപ്പുകളുടെ ഫലം തീരുമാനിക്കാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും കൗൺസിലിൽ ഉൾപ്പെടുന്നു. 

 

Latest News