Sorry, you need to enable JavaScript to visit this website.

ഫോണ്‍ ചോര്‍ത്തല്‍; പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ആപ്പിള്‍ അധികൃതരെ വിളിച്ചുവരുത്തും

ന്യൂദല്‍ഹി- ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ആപ്പിള്‍ ഫോണ്‍ നിര്‍മ്മാതാക്കളെ വിളിച്ചു വരുത്തുന്നു. ഐ. ടി മന്ത്രാലയത്തിനു കീഴിലുള്ള പാനലാണ് ആപ്പിള്‍ നിര്‍മ്മാതാക്കള്‍ക്ക് സമന്‍സ് അയക്കാന്‍ തീരുമാനിച്ചത്. അതേസമയം തൃണമൂല്‍ എം. പി മഹുവ മൊയിത്ര ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ കത്തു നല്‍കി.

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിനു പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടതായി ഐ. ടി മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. വിശദമായ അന്വേഷണം നടത്തുമെന്നും അന്വേഷണത്തോട് ആപ്പിള്‍ കമ്പനിയും പ്രതിപക്ഷവും സഹകരിക്കണമെന്നും അദ്ദഹം ആവശ്യപ്പെട്ടിരുന്നു. 

ചൊവ്വാഴ്ചയാണ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ഉയര്‍ന്നത്.  കേന്ദ്ര സര്‍ക്കാരിന്റെ സ്‌പോണ്‍സേര്‍ഡ് കമ്പനി ഫോണും ഇമെയിലും ചോര്‍ത്തിയതായി ആപ്പിള്‍ തങ്ങളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു. ശശി തരൂര്‍, പ്രിയങ്ക ചതുര്‍വേദി, മഹുവ മൊയിത്ര, സീതാറാം യെച്ചൂരി, കെ. സി. വേണുഗോപാല്‍ തുടങ്ങി നിരവധി പ്രധാനപ്പെട്ട നേതാക്കള്‍ക്കാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പു കിട്ടിയത്. ഇതിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിനേയും അദാനിയേയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

Latest News