ഗാസ- ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയവരിൽ ഏഴു പേർ കൊല്ലപ്പെട്ടുവെന്ന് ഹമാസ്. മൂന്നു വിദേശികൾ ഉൾപ്പെടെ ഏഴുപേരാണ് കൊല്ലപ്പെട്ടത്. ഒരു തുരങ്ക സമുച്ചയത്തിൽ നടത്തിയ ആക്രമണത്തിൽ ഹമാസ് സൈനിക കമാൻഡറെ വധിച്ചതായി ഇസ്രായിൽ അവകാശപ്പെട്ടു. ജബാലിയ കൂട്ടക്കൊലയിൽ ഏഴ് തടവുകാർ കൊല്ലപ്പെട്ടു, അതിൽ മൂന്ന് വിദേശ പാസ്‌പോർട്ടുകൾ ഉണ്ടായിരുന്നു- ഹമാസ് സൈനിക വിംഗ് പ്രസ്താവനയിൽ പറഞ്ഞു. ഇവരുടെ വിശദാംശങ്ങൾ നൽകിയിട്ടില്ല. നേരത്തെ നടത്തിയ റെയ്ഡുകളിൽ 'ഏകദേശം 50' ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസിന്റെ സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്‌സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി
ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രായിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നൂറിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. വടക്കൻ ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിലെ ജനസാന്ദ്രതയുള്ള പ്രദേശത്താണ് ഇസ്രായിൽ സൈന്യം ഭീകരാക്രമണം നടത്തിയത്. 150 പേർക്ക് പരിക്കേറ്റതായും ഗാസയിലെ ഇന്തോനേഷ്യൻ ആശുപത്രി ഡയറക്ടർ പറഞ്ഞു. പടിഞ്ഞാറൻ ജബലിയയിലെ ഹമാസിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തതായും ഹമാസ് കമാൻഡർ ഇബ്രാഹിം ബിയാരിയെ വധിച്ചതായും ഇസ്രായിൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു. വടക്കൻ ഗാസയിൽ ഉടനീളം യുദ്ധത്തിന് മേൽനോട്ടം വഹിച്ച ജബാലിയ സെന്റർ ബറ്റാലിയന്റെ കമാൻഡർ എന്നാണ് സൈന്യം ബിയാരിയെ വിശേഷിപ്പിച്ചത്. അവകാശവാദത്തോട് ഹമാസ് ഉടൻ പ്രതികരിച്ചില്ല. ഗാസയിലെ അൽ ശാതി ക്യാമ്പിന് നേരെ ഇസ്രായിൽ നടത്തിയ ആക്രമണത്തിൽ പത്തു പേരാണ് കൊല്ലപ്പെട്ടത്.
അതേസമയം, ഹമാസ് പോരാളികളുടെ ചെറുത്തുനിൽപ്പിനിടെ രണ്ടു ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു. ടാങ്ക്‌വേധ മിസൈലുകളും മെഷീൻ ഗൺ ഫയറും ഉപയോഗിച്ചാണ് ഹമാസ് തിരിച്ചടിക്കുന്നതെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ പോരാളികൾ ഇസ്രായിൽ കരസേനയുമായി കടുത്ത യുദ്ധത്തിലാണെന്നും ശത്രുക്കൾക്ക് കനത്ത നഷ്ടം നേരിടുന്നുണ്ടെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായിൽ സൈനികരുടെ ശവപ്പറമ്പായിരിക്കും ഗാസയെന്നും ഹമാസ് മുന്നറിയിപ്പ് നൽകി. സൈനിക വാഹനത്തിന് തീപ്പിടിച്ചതായി കാണിക്കുന്ന ഗാസയിലെ യുദ്ധങ്ങളുടെ ദൃശ്യങ്ങളും ഹമാസ് പുറത്തുവിട്ടു.
ഹമാസ് പോരാളികളുടെ തുരങ്കങ്ങളിലേക്ക് കടന്നുകയറിയതായി ഇസ്രായിൽ സൈന്യം അവകാശപ്പെട്ടു. ഹമാസ് പിടികൂടിയ ബന്ദികളെ തുരങ്കത്തിൽ പാർപ്പിച്ചിരിക്കുകയാണ് എന്നാണ് ഇസ്രായിൽ കരുതുന്നത്. ഇവരെ മോചിപ്പിക്കാനാണ് തുരങ്കങ്ങളിൽ പ്രവേശിക്കുന്നത്. ഹമാസിന്റെ മൂന്നുറു കേന്ദ്രങ്ങൾ തകർത്തതായി ഇസ്രായിൽ അവകാശപ്പെട്ടു. യുദ്ധം നിർത്താനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യം ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളി. വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് ഹമാസിന് കീഴടങ്ങുന്നതിന് തുല്യമാണെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഗാസയിൽ പൊതുജനാരോഗ്യ ദുരന്തം സാധാരണക്കാരെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് യു.എന്നും മറ്റു സന്നദ്ധ സംഘടനകളും മുന്നറിയിപ്പ് നൽകി. ഭക്ഷണം, മരുന്ന്, കുടിവെള്ളം, ഇന്ധനം എന്നിവയുടെ ക്ഷാമം ഗാസ ഒന്നടങ്കം അനുഭവിക്കുകയാണ്. ഒക്‌ടോബർ 7 മുതൽ ഇസ്രായിൽ ആക്രമണത്തിൽ ഗാസയിൽ 3542 കുട്ടികൾ ഉൾപ്പെടെ 8525 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഗാസയിലെ ഏകദേശം 2.3 ദശലക്ഷത്തോളം വരുന്ന സിവിലിയൻ ജനസംഖ്യയിൽ 1.4 ദശലക്ഷത്തിലധികം പേർ ഭവന രഹിതരായതായി യു.എൻ ഉദ്യോഗസ്ഥർ പറയുന്നു. അതിനിടെ, ഇസ്രായിലും ഹമാസും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിൽ താൻ വളരെയധികം ആശങ്കാകുലനാണെന്ന് യു.എൻ മേധാവി അന്റോണിയോ ഗുട്ടറെസ് പറഞ്ഞു. ഇസ്രായിൽ വ്യോമാക്രമണവും കരയുദ്ധവും ഹമാസിന്റെ തിരിച്ചടിയും ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സിറിയയിൽ ഇസ്രായിൽ നടത്തുന്ന ആക്രമണത്തിൽ റഷ്യ കനത്ത എതിർപ്പ് പ്രകടിപ്പിച്ചു. സിറിയയിലേക്കും മേഖലയിലെ മറ്റു രാജ്യങ്ങളിലേക്കും നടത്തുന്ന ആക്രമണം അനുവദിക്കില്ലെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം സിറിയൻ വിദേശകാര്യ മന്ത്രി ഫൈസൽ മെക്ദാദുമായുള്ള ചർച്ചയിൽ വ്യക്തമാക്കി. സിറിയക്ക് പ്രധാന സൈനിക, രാഷ്ട്രീയ പിന്തുണ നൽകുന്ന രാജ്യമാണ് റഷ്യ.