തൃശൂർ / കൊച്ചി - തന്നെ തൊടരുതെന്നും തന്റെ വഴി നിഷേധിച്ചാൽ തനിക്കും മാധ്യമപ്രവർത്തകർക്കെതിരേ കേസ് കൊടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി. ആരും തന്നെ തൊടരുതെന്നും അകലം പാലിക്കണമെന്നും ആവശ്യപ്പെട്ട സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് സംസാരിക്കാനില്ലെന്നും വ്യക്തമാക്കി.
ഇന്ന് തൃശൂരിലും കൊച്ചിയിലും നടന്ന പരിപാടികൾ റിപോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോടായാണ് സുരേഷ് ഗോപിയുടെ പ്രതികരണം. കോഴിക്കോട്ട് മാധ്യമപ്രവർത്തക നൽകിയ കേസ് സംബന്ധിച്ച് ചോദിച്ചപ്പോൾ അത് കോടതി നോക്കിക്കോളുമെന്നായിരുന്നു നടന്റെ മറുപടി. 'നോ ബോഡി ടച്ചിങ്ങ് പ്ലീസ്... പ്ലീസ് കീപ്പ് എവേ ഫ്രം മീ.. എന്നു പറഞ്ഞായിരുന്നു അദ്ദേഹം മാധ്യമ പ്രവർത്തകരെ പരിഹസിച്ച് അകലം പാലിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കോഴിക്കോട്ട് വച്ച് മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയതിന് സുരേഷ് ഗോപിക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട തുടർ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ 'മോളേ' എന്നു പറഞ്ഞ് അനുവാദമില്ലാതെ സുരേഷ് ഗോപി കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവർത്തക ആദ്യം പിറകോട്ട് ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ തോളിൽ വയ്ക്കാൻ ശ്രമിച്ചപ്പോൾ മാധ്യമപ്രവർത്തക കൈ തട്ടി മാറ്റുകയുണ്ടായി. സംഭവം വിവാദമായതോടെ, സുരേഷ് ഗോപി മാപ്പ് ചോദിച്ച് രംഗത്തെത്തുകയും പെരുമാറിയത് വാത്സല്യത്തോടെയാണെന്നും മോശമായി തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും വിശദീകരിച്ച് രംഗത്തുവന്നിരുന്നു. തുടർന്ന് മാധ്യമപ്രവർത്തകയുടെ പരാതിയിൽ നടനെതിരേ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുക്കുകയായിരുന്നു. ലൈംഗിക ഉദ്ദേശത്തോട് കൂടിയുള്ള പെരുമാറ്റത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമെതിരെ 354 എ പ്രകാരമാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്.