ന്യൂദല്‍ഹി- ദാമ്പത്യ ജീവിതത്തില്‍ ഇണക്ക് ലൈംഗിക ബന്ധം നിരസിക്കുന്നത് മാനസിക ക്രൂരതയുടെ രൂപമായി കണക്കാക്കാമെന്ന് ദല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹമോചനക്കേസ് പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
വിവാഹിതരായ ദമ്പതികള്‍ക്കിടയിലെ നിസ്സാരമായ പ്രകോപനങ്ങളും വിശ്വാസനഷ്ടവും കേസുമായി ബന്ധപ്പെട്ട മാനസിക ക്രൂരതയുമായി കൂട്ടിക്കുഴയ്ക്കാനാവില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവ, ജസ്റ്റിസ് മനോജ് ജെയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ഭാര്യയുടെ ക്രൂരതയുടെയും ഒളിച്ചോട്ടത്തിന്റെയും പേരില്‍ ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ച കുടുംബകോടതി ഉത്തരവ് റദ്ദാക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ലൈംഗിക ബന്ധം മനഃപൂര്‍വം നിഷേധിക്കുന്നത് വിവാഹത്തിലെ ക്രൂരതയ്ക്ക് തുല്യമാണെന്നാണ് ദല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.