ഖത്തറില്‍ വധശിക്ഷക്ക് വിധിച്ച ഇന്ത്യക്കാരുടെ മോചനത്തിന് ശ്രമിക്കും, കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി ജയശങ്കര്‍

ന്യൂദല്‍ഹി- ഖത്തറില്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച എട്ട് ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. ഇവരുടെ മോചനത്തിനായി സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ജയശങ്കര്‍ കുടുംബാംഗങ്ങളെ അറിയിച്ചു.
എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്ക് ഖത്തര്‍ കോടതി വ്യാഴാഴ്ചയാണ് വധശിക്ഷ വിധിച്ചത്. ഇസ്രായിലിനുവേണ്ടി ചാരവൃത്തി നടത്തി എന്നതാണ് കേസ്. ഈ വിധി ഞെട്ടിക്കുന്നതാണെന്ന് വ്യക്തമാക്കിയ ഇന്ത്യ എല്ലാ നിയമ സാധ്യതകളും പരിശോധിക്കുമെന്ന് പറഞ്ഞിരുന്നു.  കേസിന് വലിയ പ്രാധാന്യം നല്‍കുന്നുവെന്നും കുടുംബങ്ങളുടെ ആശങ്കയിലും വേദനയിലും പങ്ക് ചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എക്‌സിലാണ് മന്ത്രിയുടെ പ്രതികരണം.  
സ്വകാര്യ കമ്പനിയായ അല്‍ ദഹ്‌റയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്.

 

Latest News