Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷ സഖ്യത്തിന്റെ പേരായ ഇന്ത്യയില്‍ ഇടപെടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂദല്‍ഹി - പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് 'ഇന്ത്യ' എന്ന പേര് നല്‍കിയതില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദല്‍ഹി ഹൈക്കോടതിയില്‍  സത്യവാങ്മൂലം നല്‍കി. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യ എന്ന പേര് ദുരുപയോഗം ചോദ്യം ചെയ്യുന്നു എന്നാരോപിച്ചുള്ള ഹരജിയിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. രാഷ്ട്രീയ സഖ്യങ്ങളെ നിയന്ത്രിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനു അധികാരമില്ല. 1951 ലെ ജനപ്രാതിനിധ്യ നിയമം (ആര്‍പി ആക്റ്റ്) പ്രകാരം ഒരു 'രാഷ്ട്രീയ പാര്‍ട്ടി'യുടെ സമിതികളുടെയോ, വ്യക്തികളുടെയോ അസോസിയേഷനുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ മാത്രമേ അധികാരമുള്ളൂ.  
ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം  രാഷ്ട്രീയ സഖ്യങ്ങളെ നിയന്ത്രിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല. രാഷ്ട്രീയ സഖ്യങ്ങള്‍ നിയമപരമായ സ്ഥാപനങ്ങളല്ലെന്നും അവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ നിര്‍ബന്ധിക്കുന്ന നിയമപരമായ വ്യവസ്ഥകളൊന്നുമില്ലെന്നും ജോര്‍ജ്ജ് ജോസഫ് തേമ്പലങ്ങാട് കേന്ദ്രസര്‍ക്കാര്‍ കേസില്‍ കേരള ഹൈക്കോടതി വിധിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഈ സത്യവാങ്മൂലം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തെക്കുറിച്ചുള്ളതാണെന്നും  രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യ എന്ന ചുരുക്കപ്പേര് ഉപയോഗിക്കുന്നതിന്റെ നിയമസാധുതയെ സംബന്ധിച്ച കാര്യമായി  വ്യാഖ്യാനിക്കരുതെന്നും കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
26 പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് 'ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്' രൂപീകരിച്ചതും ഇന്ത്യയെന്ന ചുരുക്ക പേര് നല്‍കിയതും ചോദ്യം ചെയ്ത് ഗിരീഷ് ഭരദ്വാജ് എന്ന വ്യക്തി നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് കമ്മീഷന്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ സമാധാനപരവും സുതാര്യവും നീതിയുക്തവുമായ വോട്ടെടുപ്പിനെ ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്നാണ് ഹരജിക്കാരന്റെ വാദം. കഴിഞ്ഞ ഓഗസ്റ്റില്‍ ദല്‍ഹി ഹൈക്കോടതി കേസ് പരിഗണിക്കുകയും 26 പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും പ്രതികരണം തേടുകയും ചെയ്തിരുന്നു.

 

Latest News