Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യുദ്ധ ഭൂമിയിലെ പ്രകമ്പനത്തിൽ ഓഹരി വിപണിക്ക് തകർച്ച

യുദ്ധ ഭൂമിയിലെ പ്രകമ്പനം ഓഹരി സൂചികകളിൽ വിള്ളലുളവാക്കുന്നു. രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങൾ ഓഹരികളിലെ നിക്ഷേപങ്ങൾ തിരിച്ചു പിടിക്കാൻ മത്സരിച്ചത് ഇന്ത്യൻ മാർക്കറ്റിനെ പിന്നിട്ടവാരം രണ്ടര ശതമാനം നഷ്ടത്തിലാക്കി. നിഫ്റ്റി സൂചിക 495 പോയന്റും ബോംബെ സെൻസെക്‌സ് 1614 പോയന്റും ഇടിഞ്ഞു. മുൻവാരം സൂചന നൽകിയതാണ് നിഫ്റ്റിക്ക് 19,550 ന് മുകളിൽ ഇടം പിടിക്കാനാവാഞ്ഞത്  ദുർബലാവസ്ഥയ്ക്ക് ഇടയാക്കുമെന്ന്. അത് ശരിവെക്കും വിധം നിഫ്റ്റി 19,542 ൽ നിന്നും തകർന്ന് സപ്പോർട്ടായ 18,979 ലെ താങ്ങും ഭേദിച്ച്  18,849 പോയന്റിലേയ്ക്ക് ഇടിഞ്ഞു. വിജയദശമി മൂലം 
ചൊവ്വാഴ്ച അവധിയായിരുന്നു. അതായത് മൊത്തം ഇടിവ് 694 പോയന്റ്. ഇതിനിടയിൽ  വിപണിയെ ഓവർ സോൾഡായത് വാരാന്ത്യം ഓപറേറ്റർമാരെ കവറിങിനും പുതിയ ബയ്യിങിനും പ്രേരിപ്പിച്ചതോടെ വെളളിയാഴ്ച സൂചിക 190 പോയന്റ് കയറി. 
വിപണിയിലെ തകർച്ചയ്ക്ക് ഇടയിൽ ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷൻസിൽ ഒക്ടോബർ സീരീസ് സെറ്റിൽമെന്റ് വ്യാഴാഴ്ച നടന്നു. വാരാരംഭത്തിൽ 117 ലക്ഷം കരാറായിരുന്നു ഓപൺ ഇൻട്രസ്റ്റ് ഒരവസരത്തിൽ 160 ലക്ഷത്തിലേയ്ക്ക് കുതിച്ച ശേഷം ക്ലോസിങിൽ 116.6 ലക്ഷമായി. 
വ്യാപാരാന്ത്യം നിഫ്റ്റി 19,047 പോയന്റിലാണ്. നിലവിൽ 19,258 ലെ പ്രതിരോധം തകർക്കാനായാൽ സൂചിക 19,353 നെ ലക്ഷ്യമാക്കും. ഡെയ്‌ലി ചാർട്ട് വിലയിരുത്തിയാൽ 19,443-19,840 ൽ തടസ്സവും 18,749 ൽ ആദ്യ താങ്ങുമുണ്ട്. ഇൻഡിക്കേറ്റുകൾ പലതും ഓവർ സോൾഡായതിനാൽ മുന്നേറാൻ ശ്രമം നടത്താമെങ്കിലും വൻ കുതിപ്പിന് സാധ്യത തെളിഞ്ഞിട്ടില്ല. 
സെൻസെക്‌സ് ഉയർന്ന തലമായ 65,424 ൽ നിന്നും 63,092 വരെ ഇടിഞ്ഞു. വാരാന്ത്യം സെൻസെക്‌സ് 63,782 പോയന്റിലാണ്. 65,522-65,648 പോയന്റിൽ പ്രതിരോധം തല ഉയർത്തുന്ന സാഹചര്യത്തിൽ 65,289-65,182 ലേയ്ക്ക് തിരുത്തൽ സാധ്യത. പാരാബോളിക്ക് എസ് എ ആർ, സൂപ്പർ ട്രന്റ് തുടങ്ങിയവ സെല്ലിങ് മൂഡിലാണ്.  
നവംബർ 12 നാണ് ദീപാവലി മുഹൂർത്ത വ്യാപാരം. ഈ അവസരത്തിൽ വിപണിയിൽ ഒരു തിരിച്ചുവരവിന് സാധ്യതയുണ്ട്. മുഹൂർത്ത ട്രേഡിംഗ് ഒരു മണിക്കൂറായിരിക്കും. പിന്നിട്ട രണ്ട് വർഷങ്ങളിൽ നേട്ടത്തിൽ മുഹൂർത്ത വ്യാപാരം അവസാനിപ്പിച്ചത് നിക്ഷേപകർക്ക് ആത്മവിശ്വാസം പകരും. വിദേശ ഫണ്ടുകൾ ഒക്ടോബറിൽ 26,598 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര ഫണ്ടുകൾ ഈ അവസരത്തിൽ 23,437 കോടി രൂപയുടെ വാങ്ങൽ നടത്തി. കഴിഞ്ഞ വാരം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മൊത്തം 10,553 കോടി രൂപ നിക്ഷേപിച്ചു. വിദേശ ഫണ്ടുകൾ 13,440 കോടി രൂപയുടെ വിൽപനയും 252 കോടിയുടെ നിക്ഷേപവും നടത്തി. വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 83.11 ൽ നിന്നും 13 പൈസ ഇടിഞ്ഞ് 83.24 ലാണ്. 
മുൻനിര ഓഹരിയായ റ്റി സി എസ് നാല് ശതമാനം ഇടിവ് നേരിട്ടു. ആർ ഐ എൽ, എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ഇൻഡസ് ബാങ്ക്, ഇൻഫോസീസ്, വിപ്രോ, ടെക് മഹീന്ദ്ര, എയർടെൽ, ടാറ്റാ മോട്ടോഴ്‌സ്, മാരുതി, എം ആന്റ് എം, സൺ ഫാർമ, എൽ ആന്റ് റ്റി എന്നിവയ്ക്ക് തിരിച്ചടി. 
 

Latest News