ഇന്ത്യയിൽ നിന്നുള്ള മാമ്പഴ കയറ്റുമതിയിൽ 19 ശതമാനം വർധന. നടപ്പുവർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് ഈ വർധന. നിലവിൽ 41 രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്നുള്ള മാമ്പഴം കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ നാലു കോടി ഡോളർ വിലവരുന്ന 27,330 മെട്രിക് ടൺ മാമ്പഴമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇന്ത്യൻ മാമ്പഴത്തിന്റെ കയറ്റുമതി വർധിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കൻ കൃഷി വകുപ്പ് അധികൃതരെ ഇന്ത്യയിലെ നാസിക്, ബംഗളൂരു, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ പ്രീക്ലിയറൻസ് കേന്ദ്രങ്ങളിലേക്ക് ഇന്ത്യൻ കൃഷി വകുപ്പ് ക്ഷണിച്ചിട്ടുണ്ട്. അമേരിക്കയിലേക്കാണ് മാമ്പഴം കൂടുതൽ കയറ്റുമതി ചെയ്യുന്നത്. 2000 മെട്രിക് ടൺ മാമ്പഴമാണ് അമേരിക്ക ഇക്കാലയളവിൽ ഇറക്കുമതി ചെയ്തത്. ന്യൂസിലന്റാണ് രണ്ടാം സ്ഥാനത്ത്. ഓസ്‌ട്രേലിയ, ജപ്പാൻ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ.