ലോകത്തെ ഏറ്റവും വലിയ മോട്ടോർ സൈക്കിൾ, സ്‌കൂട്ടർ നിർമാതാക്കളായ ഹീറോ മോട്ടോകോർപ് ഇന്ത്യയിലെ അവരുടെ ആദ്യത്തെ അത്യാധുനിക പ്രീമിയം ഡീലർഷിപ്പായ ഹീറോ പ്രീമിയ കോഴിക്കോട്ട് ആരംഭിച്ചു. ഉപഭോക്താക്കൾക്ക് പ്രീമിയം സേവനാനുഭവം ഉറപ്പാക്കുന്നതിൽ നിർണായക ചുവടു വെയ്പാണ് കോഴിക്കോട് നടക്കാവ് കോയൻകോ ഓട്ടോഹബ്ബിൽ ആരംഭിച്ച ഹീറോ പ്രീമിയ ലക്ഷ്യമാക്കുന്നത്.
ആകർഷകമായ രൂപകൽപനയും അത്യാധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യകളും സംയോജിപ്പിച്ച് സന്ദർശകർക്ക് പുതിയ ഓട്ടോമോട്ടീവ് അനുഭവമായിരിക്കും ഹീറോ പ്രീമിയം നൽകുക. ഹീറോ മോട്ടോകോർപിന്റെ പ്രീമിയം ഉൽപന്നങ്ങളുടെ അതിവിപുലമായ ശേഖരം ഹീറോ പ്രീമിയയിൽ പ്രദർശിപ്പിക്കും. പുതുതായി പുറത്തിറക്കിയ ഫഌഗ്ഷിപ് മോട്ടോർ സൈക്കിളായ കരിസ്മ എക്‌സ്എംആർ അതിലൊന്നാണ്. ഹാർലിഡേവിഡ്‌സൺ എക്‌സ് 440, വിദ വി1 സ്‌കൂട്ടറുകൾ തുടങ്ങിയ ഹീറോ മോട്ടോകോർപിന്റെ മറ്റു പ്രീമിയം ഉൽപന്നങ്ങളുടെ വിൽപനയും ഹീറോ പ്രീമിയയിലുണ്ടാകും. ഏകദേശം 3000 ചതുരശ്ര അടി വലിപ്പത്തിൽ ആരംഭിക്കുന്ന ഹീറോ പ്രീമിയയിൽ എല്ലാ തരത്തിലുമുള്ള സ്‌പെയർ പാർട്‌സുകളും ലഭ്യമാക്കും.
മോട്ടോർ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വൈവിധ്യമാർന്ന പ്രദർശനം മാത്രമല്ല, പ്രീമിയവും നവീനവും സുസ്ഥിരവുമായ ഭാവിയുടെ സഞ്ചാര സാധ്യതകളാണ് ഹീറോ പ്രീമിയയിലൂടെ തുറന്നിടുന്നതെന്ന് ഹീറോ മോട്ടോകോർപ് ഇന്ത്യ ബിസിനസ് യൂനിറ്റ് ചീഫ് ബിസിനസ് ഓഫീസർ രൺജീവ്ജിത്ത് സിംഗ് പറഞ്ഞു. കോഴിക്കോട്ട് തുടക്കമിട്ട പ്രീമിയം ഡീലർഷിപ്പിന്റെ വാതിലുകൾ അടുത്ത സാമ്പത്തിക വ!ർഷത്തോടെ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.