ന്യൂദല്‍ഹി- രാജസ്ഥാനിലും ഉത്തര്‍ പ്രദേശിലും സമീപ കാലത്ത് പശുവിന്റെ പേരില്‍ മുസ്ലിംകളെ ആള്‍കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവങ്ങളിലെ പ്രതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ എന്‍.ഡി.ടി.വി ഒളിക്യാമറ ഓപറേഷനിലൂടെ പുറത്തു കൊണ്ടു വന്നു. യുപിയിലെ ഹാപൂരില്‍ കാലിക്കച്ചവടക്കാരനായ ഖാസിം എന്ന മധ്യവയസ്‌ക്കനെ കൊലപ്പെടുത്തിയ കേസിലും രാജസ്ഥാനിലെ ആല്‍വാറില്‍ കഴിഞ്ഞ വര്‍ഷം പെഹ്‌ലു ഖാന്‍ എന്ന ക്ഷീരകര്‍ഷകനെ കൊലപ്പെടുത്തിയ കേസിലും കോടതി ജാമ്യത്തില്‍ വിട്ട രണ്ടു പ്രതികള്‍ കൊലപാതകത്തെ ന്യായീകരിക്കുകയും തങ്ങളുടെ പങ്ക് വ്യക്തമാക്കുകയും ചെയ്തു. ആര്‍.എസ്.എസിനേയും ഹിന്ദുത്വ സംഘടനകളേയും കുറിച്ചു പഠിക്കാനെത്തിയ യുഎസില്‍ നിന്നുള്ള സംഘമെന്നു പരിചയപ്പെടുത്തിയാണ് എന്‍.ഡി.ടി.വി സംഘം പ്രതികളോട് സംസാരിച്ചത്.
ജൂണ്‍ 18നാണ് യുപിയിലെ ഹാപൂര്‍ ജില്ലയിലെ ബജേധ ഖുര്‍ദ് ഗ്രാമത്തില്‍ 45കാരനായ ഖാസിം ഗോരക്ഷാ ഗുണ്ടകളുടെ കൂട്ടമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന കര്‍ഷകന്‍ സമിഉദ്ദീന്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഈ കേസിലെ പ്രതികളിലൊരാളായ രാകേശ് സിസോദിയയാണ് ഖാസിമിനെ കൊലപ്പെടുത്തിയത് താനാണെന്ന് തുറന്നു പറഞ്ഞത്. പിടിയിലായ ജയിലില്‍ കിടന്നപ്പോള്‍ പോലും താന്‍ ഇക്കാര്യം ജയില്‍ അധികൃതരോട് തുറന്നു പറഞ്ഞിട്ടുണ്ടെന്നും ഇയാള്‍ പറയുന്നു. മര്‍ദ്ദനമേറ്റ് അവശനായ ഖാസിം വെള്ളം ചോദിച്ചപ്പോള്‍ അതു നല്‍കുന്നത് തടഞ്ഞതും താനാണെന്ന് സിസോദിയ അഭിമാനത്തോടെ പറയുന്നു. ഇവര്‍ കൊല്ലപ്പെടേണ്ടവരാണെന്ന് ഇയാള്‍ വെട്ടിത്തുറന്നു പറയുകയും ചെയ്തു. സര്‍ക്കാര്‍ അനുകൂലമായതിനാല്‍ പോലീസും തങ്ങള്‍ക്കൊപ്പമായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് കോടതിയില്‍ വാദിച്ചാണ് സിസോദിയ ജാമ്യം സമ്പാദിച്ച് പുറത്തിറങ്ങിയത്. ഇതു സംബന്ധിച്ച് കോടതിയും കൂടുതല്‍ തെളിവുകള്‍ ചോദിച്ചില്ല. ജയിലില്‍ നിന്ന് മോചിതനായ തനിക്ക് ഹീറോയെ പോലെയാണ് നാട്ടുകാര്‍ സ്വീകരണം നല്‍കിയതെന്നും സിസോദിയ പറഞ്ഞു.
2017 ഏപ്രിലില്‍ പെഹ്‌ലു ഖാനെ ഗോരക്ഷാ ഗുണ്ടകള്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ ആല്‍വാറിലെ ബെഹറോറിലും എന്‍.ഡി.ടി.വി സംഘം എത്തി. ഈ കേസില്‍ പ്രതികളില്‍ ഒരാളായ വിപിന്‍ യാദവിനെയാണ് സംഘം കണ്ടത്. സംഭവത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും മര്‍ദനം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും വാദിച്ച് കോടതിയില്‍ നിന്ന് ജാമ്യം സമ്പാദിച്ച പ്രതിയാണ് വിപിനും. ആര്‍.എസ്.എസിനെ കുറിച്ചു പഠിക്കാനെത്തിയ യുഎസില്‍ നിന്നുള്ള ഗവേഷണ സംഘമാണെന്നു പറഞ്ഞതോടെ വിപിനും കൊലപാതകത്തിലെ തന്റെ പങ്ക് വെളിപ്പെടുത്തി. പെഹ്ലു കാന്‍ കാലികളുമായി പോകുകയായിരുന്ന വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് തടഞ്ഞതും ചാവി ഊരിയതും താനാണെന്നും താനുള്‍പ്പെട്ട സംഘം പെഹ്ലു ഖാനെയും കൂടെ ഉണ്ടായിരുന്നവരേയും ഒന്നര മണിക്കൂറോളം തടഞ്ഞുവച്ച് മര്‍ദിച്ചെന്നും ഇയാള്‍ വെളിപ്പെടുത്തി. ആദ്യം പത്തു പേരാണ് ഉണ്ടായിരുന്നത്. പിന്നീട് കൂടുതല്‍ ആളുകളെത്തി. പെഹ്ലു ഖാനെ നന്നായി മര്‍ദിച്ചുവെന്നും അപ്പോഴും അവരുടെ വാഹനങ്ങളുടെ ചാവികള്‍ തന്റെ പോക്കറ്റിലായിരുന്നുവെന്നും വിപിന്‍ വെളിപ്പെടുത്തി.
കേസില്‍ ജാമ്യത്തിനു വേണ്ടി ഇവര്‍ ഉന്നയിച്ച വാദത്തിനു നേര്‍വിപരീതമാണ് വസ്തുതയെന്ന് ഇവരുടെ വെളിപ്പെടുത്തലോടെ വ്യക്തമായിരിക്കുകയാണ്. കോടതിക്കു പുറത്തു നടത്തിയ ഈ വെളിപ്പെടുത്തലുകള്‍ കേസില്‍ നിര്‍ണായകമാകുമെന്നും നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.