കോഴിക്കോട് - മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ വീണ്ടും പ്രതികരണവുമായി നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. ഒരു മകളെപ്പോലെയാണ് താൻ അവരെ കണ്ടതെന്നും ഒരു അച്ഛനെപ്പോലെ മാപ്പു പറയുന്നുവെന്നും ആവർത്തിച്ച സുരേഷ് ഗോപി, അവർ എന്റെ വഴി മുടക്കി നിന്നപ്പോൾ വശത്തേക്ക് മാറ്റിപ്പോകാനാണ് താൻ ശ്രമിച്ചതെന്നും വിശദീകരിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ആരോപിക്കപ്പെടുന്നതുപോലെ എനിക്ക് അങ്ങനെയൊരു തെറ്റായ ഉദ്ദേശവുമില്ല. എന്റെ വാത്സല്യം എന്ന് പറയുന്നത് എന്റെ മകളുമായി ബന്ധപ്പെട്ട് കിടക്കുന്ന വാത്സല്യം തന്നെയാണ്. അത്രയും വാത്സല്യത്തോടെ തന്നെയാണ് 'മോളേ കാത്തിരിക്കൂ' എന്ന് ഞാൻ പറഞ്ഞത്. എന്റെ മുഖത്ത് എന്തെങ്കിലും ഭാവ വ്യത്യാസം ഉണ്ടായോ? അവരും ചിരിച്ചുകൊണ്ടല്ലേ എന്നോട് ചോദ്യം ചോദിച്ചത്. ആ കുട്ടിയെ ശനിയാഴ്ച ഒരുപാട് തവണ വിളിച്ചു. ഭർത്താവിന്റെ നമ്പറിലും വിളിച്ചു. ആരും എടുത്തില്ല. എന്തെങ്കിലും വിഷമം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കാനാണ് വിളിച്ചത്. ഇനി അവരുടെ ഉദ്ദേശം വേറെയാണെങ്കിൽ പിന്നെ ആ വഴിക്ക് നേരിടാമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
വളരെ ശുദ്ധതയോടെ കൂടി മാത്രമേ ഇത്തരം സാഹചര്യങ്ങളിലെല്ലാം പെരുമാറിയിട്ടുള്ളൂ. അത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും. ശരിക്ക് പറഞ്ഞാൽ, എന്റെ വഴിമുടക്കിയാണ് അവർ നിന്നത്. രണ്ട് മൂന്ന് തവണ ഞാൻ പോകാൻ ശ്രമിച്ചപ്പോഴും ഇവർ കുറുകെ നില്ക്കുകയാണ്. അവസാനം ഒരു കുനിഷ്ട് ചോദ്യം ചോദിച്ചപ്പോൾ, ഞാൻ വളരെ വാത്സല്യത്തോടെ മോളേ വെയ്റ്റ് ചെയ്യൂ നമുക്ക് കാണാം എന്നാണ് പറഞ്ഞത്. ഞാനൊരിക്കലും മറ്റൊരു തരത്തിൽ വിചാരിച്ചിട്ടേയില്ല. മാന്യത ഞാൻ എല്ലായ്‌പ്പോഴും പുലർത്തിയിട്ടുണ്ട്. എന്നോട് ഇടപഴകിയ മാധ്യമപ്രവർത്തകരോടെല്ലാം ചോദിച്ചാൽ അതറിയാം. പൊതുജനത്തോട് ചോദിച്ചാലും അറിയാം. എത്രയോ അമ്മമാർ വന്ന് എന്റെ നെഞ്ചത്ത് വീഴുന്നുണ്ട്. അതിനെയെല്ലാം തെറ്റായ അർത്ഥത്തിൽ വ്യാഖ്യാനം ചമച്ചാൽ എന്തായിരിക്കും സ്ഥിതിയെന്നും സുരേഷ് ഗോപി ചോദിച്ചു.
മാധ്യമങ്ങളോട് പ്രതികരിക്കവെ വെള്ളിയാഴ്ചയാണ് ചോദ്യം ചോദിച്ച മീഡിയ വൺ ചാനലിലെ വനിതാ മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെച്ചത്. ഇതിൽ ആദ്യം തന്നെ മാധ്യമപ്രവർത്തക അനിഷ്ടം പ്രകടിപ്പിച്ച് പിന്നോട്ട് മാറിയെങ്കിലും വീണ്ടും സുരേഷ് ഗോപി ആവർത്തിക്കുകയായിരുന്നു. ഇതോടെ മാധ്യമ പ്രവർത്തക സുരേഷ് ഗോപിയുടെ കൈ എടുത്ത് മാറ്റുകയായിരുന്നു. ശനിയാഴ്ച ഇവരുടെ പരാതിയിൽ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി സുരേഷ് ഗോപിക്കെതിരെ കേസെടുത്തിട്ടുണ്ട്.