Sorry, you need to enable JavaScript to visit this website.

ഫലസ്തീന്‍: യു.എന്‍ പ്രമേയത്തില്‍നിന്ന് ഇന്ത്യ വിട്ടുനിന്നത് എന്തുകൊണ്ട്...

സ്രായില്‍-ഹമാസ് സംഘര്‍ഷത്തില്‍ അടിയന്തര മാനുഷിക ഉടമ്പടി ആവശ്യപ്പെടുന്ന പ്രമേയത്തില്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വെള്ളിയാഴ്ച (ഒക്‌ടോബര്‍ 27) നടന്ന വോട്ടെടുപ്പില്‍ ഇന്ത്യ വിട്ടുനിന്നു. 'ഹമാസ്', 'ബന്ദി' എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്താത്ത പ്രമേയത്തെ 120 പേര്‍ അനുകൂലിച്ചപ്പോള്‍ 14 പേര്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി.

വോട്ടെടുപ്പിന് മുമ്പ്, ഹമാസിന്റെ പേര് ഉള്‍പ്പെടുത്തണം എന്ന് നിര്‍ദേശിച്ച് കാനഡ കൊണ്ടുവന്ന ഭേദഗതി മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണ നേടുന്നതില്‍ പരാജയപ്പെട്ടതിനാല്‍ നിരസിക്കപ്പെട്ടു. മറ്റ് 86 രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും ഈ ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്തു.

വോട്ടെടുപ്പില്‍ ഇന്ത്യ വിട്ടുനിന്നത് ഗാസ മുനമ്പില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ സ്വീകരിച്ച നിലപാടിന്റെ ഭാഗമാണ്. ജനറല്‍ അസംബ്ലി നടപടികളില്‍നിന്നുള്ള നാല് പ്രധാന കാര്യങ്ങളും ഇന്ത്യയുടെ പ്രതികരണവും പരിശോധിക്കാം.

ഒന്ന്
ഓസ്‌ട്രേലിയ, കാനഡ, ജര്‍മ്മനി, ജപ്പാന്‍, ഉക്രൈന്‍, യുനൈറ്റഡ് കിംഗ്ഡം എന്നീ 45 രാജ്യങ്ങളുടെ ഗ്രൂപ്പില്‍ ചേര്‍ന്ന് ഇന്ത്യയും പ്രമേയ വോട്ടെടുപ്പില്‍ വിട്ടുനിന്നു.

ഗാസ മുനമ്പിലേക്കുള്ള തടസ്സമില്ലാത്ത മാനുഷിക പ്രവേശനം, വെടിനിര്‍ത്തല്‍ എന്നിവ ആവശ്യപ്പെടുന്ന പ്രമേയം 22 അറബ് രാജ്യങ്ങള്‍ ചേര്‍ന്നാണ് തയാറാക്കിയത്. ജോര്‍ദാനാണ് അവതാരകര്‍. ഇസ്രായില്‍ ബോംബാക്രമണത്തില്‍ ഫലസ്തീനികളുടെ സിവിലിയന്‍ നാശനഷ്ടങ്ങളെ വിമര്‍ശിക്കുന്ന പ്രമേയത്തിന്റെ സഹപ്രായോജകര്‍ ബംഗ്ലാദേശ്, മാലിദ്വീപ്, പാകിസ്ഥാന്‍, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ്.

ഇസ്രായില്‍, യുനൈറ്റഡ് സ്‌റ്റേറ്റ്‌സ്, അഞ്ച് ചെറിയ പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍, നാല് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍  ഓസ്ട്രിയ, ക്രൊയേഷ്യ, ചെക്കിയ, ഹംഗറി എന്നിവ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്ത 14 അംഗങ്ങളില്‍ ഉള്‍പ്പെടുന്നു. പ്രമേയത്തിനെതിരായ വോട്ട് 'വിവേചനരഹിതമായ യുദ്ധത്തിനും' 'വിവേചനരഹിതമായ കൊലപാതകത്തിനും' അംഗീകാരം നല്‍കുമെന്ന് ജോര്‍ദാന്‍ പറഞ്ഞു.

രണ്ട്
കാനഡ നിര്‍ദ്ദേശിച്ചതും യു.എസ് പിന്താങ്ങിയതുമായ ഭേദഗതി, പ്രതിസന്ധിയില്‍ ഹമാസിന്റെ ഉത്തരവാദിത്തം എടുത്തുപറയുന്നതാണ്. 2023 ഒക്‌ടോബര്‍ 7 മുതല്‍ ഇസ്രയേലില്‍ നടന്ന ഹമാസിന്റെ ഭീകരാക്രമണങ്ങളെയും ബന്ദികളാക്കുന്നതിനെയും ജനറല്‍ അസംബ്ലി അസന്ദിഗ്ധമായി നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നതായി  പ്രമേയത്തില്‍ ഒരു ഖണ്ഡിക ഉള്‍പ്പെടുത്താന്‍ ഭേദഗതി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ട് ബന്ദികളെ മാനുഷികമായി കൈകാര്യം ചെയ്യുക, അവരെ ഉടനടി നിരുപാധികം മോചിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉള്‍പ്പെടുന്നു.
ഈ വോട്ടെടുപ്പില്‍ ഇന്ത്യ ഭൂരിപക്ഷത്തോടൊപ്പം നിന്നു. 87 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ 55 അംഗരാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു, 23 രാജ്യങ്ങള്‍ വിട്ടുനിന്നു. ജനറല്‍ അസംബ്ലി 78 ാമത് സെഷന്‍ പ്രസിഡന്റ് ഡെന്നിസ് ഫ്രാന്‍സിസ് ഭേദഗതി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചു.

അറബ് രാജ്യങ്ങള്‍ തയാറാക്കിയ പ്രമേയം ഇസ്രായിലിനെയോ മറ്റേതെങ്കിലും പാര്‍ട്ടിയെയോ അപലപിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്ന് പാകിസ്ഥാന്‍ യു.എന്‍ അംബാസഡര്‍ മുനീര്‍ അക്രം പറഞ്ഞപ്പോള്‍ വലിയ കരഘോഷമുണ്ടായി 'കാനഡ യഥാര്‍ഥത്തില്‍ സന്തുലിതാവസ്ഥയോടെയാണ് കാര്യങ്ങള്‍ കാണുന്നതെങ്കില്‍ ഭേദഗതിയില്‍  കുറ്റക്കാരായ ഇരുവിഭാഗങ്ങളുടെയും പേര്  ഉള്‍പ്പെടുത്തണമായിരുന്നു എന്ന് അക്രം പറഞ്ഞു.

മൂന്ന്
യു.എന്‍ രക്ഷാസമിതിയുടെ പ്രമേയങ്ങളില്‍നിന്ന് വ്യത്യസ്തമായി, ജനറല്‍ അസംബ്ലി പ്രമേയങ്ങള്‍ പാലിക്കാന്‍ നിയമപരമായി ബാധ്യതയില്ല. അതിനാല്‍, യു.എന്നില്‍ പരാജയപ്പെട്ടിട്ടും പ്രമേയം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഇസ്രായിലും യു.എസും ബാധ്യസ്ഥരല്ല.

'ഇത്തരത്തിലുള്ള ഭൗമ-രാഷ്ട്രീയ പരിതസ്ഥിതിയില്‍ 120 വോട്ടുകള്‍ കൃത്യമായ സിഗ്നലാണെന്ന് യു.എ.ഇ ചൂണ്ടിക്കാട്ടി. ഇത് നിലവിലെ സ്ഥിതിയെ നിരാകരിക്കുന്നതാണെന്നും യു.എ.ഇയുടെ ലാന നുസൈബെ പറഞ്ഞു.

നാല്

ഇന്ത്യ സ്വീകരിച്ച നിലപാട്, സംഘര്‍ഷങ്ങളില്‍ ഇരുഭാഗത്തേയും അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ വേണ്ടതില്ലെന്ന തീരുമാനത്തോടെയാണ്. ഇസ്രായില്‍ സംഘര്‍ഷത്തിന്റെ ആദ്യ ദിനങ്ങളില്‍ പൂര്‍ണമായും ഇസ്രായില്‍ പക്ഷത്തേക്ക് ചാഞ്ഞ പ്രധാനമന്ത്രിയെ തിരുത്തി വിദേശകാര്യ മന്ത്രാലയം ഫലസ്തീന്‍ രാഷ്ട്രത്തെ പിന്തുണച്ചതുമുതല്‍ ആശയക്കുഴപ്പം വ്യക്തമാണ്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിലും കൃത്യമായ നിലപാട് സ്വീകരിക്കാന്‍ ഇന്ത്യ തയാറായില്ല. രണ്ട് യുദ്ധങ്ങളുടെയും സാഹചര്യങ്ങളും രാഷ്ട്രീയവും വ്യത്യസ്തവും താരതമ്യപ്പെടുത്താനാവാത്തതുമാണെങ്കിലും, യുദ്ധം ചെയ്യുന്ന കക്ഷികള്‍ക്കിടയിലുള്ള നയതന്ത്രം  സവിശേഷ രീതിയിലാണ് ഇന്ത്യ പ്രകടിപ്പിക്കുന്നത്.

 

 

Latest News