കസാക്കിസ്ഥാനില്‍ ഉരുക്ക് വ്യവസായ ഭീമന്‍ ആര്‍സെലര്‍ മിത്തലിന്റെ ഉടമസ്ഥതയിലുള്ള കല്‍ക്കരി ഖനിയില്‍ തീപ്പിടിത്തം. 32 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മീഥൈന്‍ വാതകം ചോര്‍ന്നതാണ് അപകടത്തിന് കാരണമായി പറയപ്പെടുന്നത്. കസാക്കിസ്ഥാനിലെ കോസ്‌റ്റെങ്കോ ഖനിയിലാണ് തീപിടുത്തം ഉണ്ടായത്.
അപകടം നടക്കുന്ന സമയം ഖനിയില്‍ ജോലി ചെയ്തിരുന്ന 252 പേരില്‍ 14 പേരെ ഇപ്പോഴും കാണാനില്ലെന്ന് കമ്പനി അറിയിച്ചു. 18 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ആര്‍സെലര്‍ മിത്തലിന്റെ ഉടമസ്ഥതയിലുള്ള കല്‍ക്കരി ഖനികളില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാമത്തെ അപകടമാണ് ഉണ്ടാവുന്നത്. ഓഗസ്റ്റില്‍ കരഗണ്ട ഖനിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ നാല് തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു.
കമ്പനി ദേശസാല്‍ക്കരിക്കാന്‍ പദ്ധതിയുള്ളതിനാല്‍ നിക്ഷേപം നിര്‍ത്തിവെക്കാന്‍ കസാഖ് പ്രസിഡന്റ് കാസിംജോമാര്‍ട്ട് ടോകയേവ് ഉത്തരവിട്ട അതേ ദിവസമാണ് തീപിടുത്തമുണ്ടായത്. അപകടമുണ്ടായതോടെ കമ്പനിയുമായുള്ള നിക്ഷേപ സഹകരണം നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇരകളായവരുടെ കുടുംബങ്ങളെ കസാക്കിസ്ഥാന്‍ പ്രസിഡന്റ്് അനുശോചനം അറിയിച്ചു.