ഗാസ സിറ്റി- ഇസ്രായില്‍ സൈന്യം ബോംബ് വര്‍ഷം നടത്തി കുരുന്നുകളെ കൊന്നൊടുക്കുന്ന ഗാസയില്‍ മക്കളുടെ ശരീരത്തില്‍ അവരുടെ പേരുകള്‍ എഴുതി വെച്ച് ഉമ്മമാര്‍. മരണമെത്തും മുമ്പ് ഇങ്ങനെ ചെയ്താല്‍ മാത്രമെ, അവര്‍ വെറും അക്കങ്ങളായി മാറാതെ അവര്‍ തിരിച്ചറിയപ്പെടുകയൂള്ളൂ എന്നാണ് കരള്‍ പിളര്‍ക്കും കഥകള്‍ പറയാനുളള ഫലസ്തീനി ഉമ്മമാര്‍ പറയുന്നത്.
നിലയ്ക്കാത്ത സ്‌ഫോടന ശബ്ദങ്ങള്‍ക്കിടെ ഗാസയിലെ തലാല്‍ഹവയിലെ സ്വീകരണ മുറിയില്‍ നാലു കുട്ടികളെ ചേര്‍ത്തുപിടിച്ച് ഭയന്നുവിറച്ചു കഴിഞ്ഞ സറാ അല്‍ ഖാലിദി മക്കളുടെ ശരീരത്തില്‍ അവരുടെ പേരെഴുതാന്‍ ഇടയായ സാഹചര്യം പറയുകയാണ്.
ഇസ്രായില്‍ സൈന്യം ബോംബുകള്‍ കൊണ്ട് തീ മഴ പെയ്യിക്കുമ്പോള്‍ അതിലൊന്ന് തന്റെ വീട്ടില്‍വന്നു പതിച്ചാലോ എന്നാണ് അവര്‍ ആലോചിച്ചത്. സ്‌ഫോടനത്തില്‍ മക്കള്‍ മരിച്ചാല്‍ അവരെ ആര് എങ്ങനെ തിരിച്ചറിയുമെന്നാണ് ഞാന്‍ ആലോചിച്ചത്- 40 കാരിയയ സാറ അല്‍ ഖാലിദി അല്‍ ജസീറയോട് പറഞ്ഞു.
ആ രാത്രി രക്ഷപ്പെട്ട കുടുംബം തൊട്ടടുത്ത ദിവസം തെക്കന്‍ ഭാഗത്തുള്ള ഖാന്‍ യൂനിസിലേക്ക് പോയി. ബന്ധുവിട്ടിലെത്തിപ്പെട്ടാല്‍ സുരക്ഷിതമാകുമെന്ന് കരുതിയായിരുന്നു യാത്ര. അവിടെ എത്തിയപ്പോള്‍ ബന്ധുക്കള്‍ അവരുടെ മക്കളുടെ ശരീരത്തില്‍ പേരുകള്‍ എഴുതിവെക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സാറ പറഞ്ഞു. അവിടത്തെ ഉമ്മമാര്‍ സ്വകീരിച്ച രീതി തന്നെ കരയിപ്പിച്ചുവെന്നും അങ്ങനെ ചെയാതാല്‍ മക്കളുടെ മേല്‍ ദൗര്‍ഭാഗ്യം കൊണ്ടുവരികയാണെന്ന് തോന്നിയെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ അല്‍ ശിഫ ആശുപത്രിയിലെ രെു ഡോക്ടര്‍ കൂടി കുട്ടികളുടെ ശരീരത്തില്‍ അവരുടെ പേരുകള്‍ എഴുതുന്നത് കണ്ടപ്പോള്‍ മനസ്സ് മാറിയെന്നും സാറ പറഞ്ഞു. തുടര്‍ന്നാണ് അവര്‍ മക്കളുടെ ശരീരത്തില്‍ പേരുകള്‍ എഴുതിയത്.
ലോകം ഈ കുട്ടികളെ കുറിച്ച് അറിയണം. അവര്‍ വെറും അക്കങ്ങളല്ല. ഗാസയിലെ ഇസ്രായില്‍ അധിനിവേശം അവരുടെ സ്വപ്‌നങ്ങളെയാണ് തകര്‍ത്തതെന്ന് അറിയണം- സാറ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മൂന്നാഴ്ചയായി ഇസ്രായില്‍ ഗാസയില്‍ തുടരുന്ന കിരാതമായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മൂവായിരത്തോളം കുട്ടികളുണ്ട്. മൊത്തെ 7500 ലെത്തിയിരിക്കയാണ് മരണസംഖ്യ. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ കുടങ്ങിയെന്ന് കരുതുന്ന 1650 പേരിലും പകുതിയോളം കുട്ടികളാണ്.
വെള്ളിയാഴ്ച രാത്രി മുതല്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ കൂടി വിഛേദിച്ച ഇസ്രായില്‍ ഗാസയില്‍ കൂടുതല്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്യുമെന്ന ആശങ്കയും നിലനില്‍ക്കുകയാണ്.