ഗാസ- ഗാസയില്‍ ഇസ്രയല്‍ വ്യോമാക്രമണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 704 പേര് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ 300 ഓളം പേര് കുട്ടികളാണെന്നും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ ഓസ്ട്രേലിയ തീരുമാനിച്ചിട്ടുണ്ട്.
ഇസ്രയല്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ ഗാസയിലെ സ്ഥിതിഗതികളില്‍ യൂനിസെഫ് ആശങ്ക രേഖപ്പെടുത്തി. ഗാസയില്‍ 18 ദിവസത്തില്‍ 2360 കുട്ടികള്‍ കൊല്ലപ്പെട്ടു. 5364 കുട്ടികള്‍ക്ക് പരിക്കേറ്റു. ഗാസയിലെ സാഹചര്യം ധാര്‍മ്മികതയ്ക്കു മേലുള്ള കളങ്കമാണെന്നും യൂനിസെഫ് അഭിപ്രായപ്പെട്ടു.
ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാല്‍ ഗാസയില്‍ യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച സാഹചര്യമാണ്. ഇന്ധന ക്ഷാമം മൂലം ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചാല്‍ ഇന്‍കുബേറ്ററില്‍ കഴിയുന്ന 120 കുഞ്ഞുങ്ങളുടേത് ഉള്‍പ്പെടെ നിരവധി പേരുടെ ജീവന് അപകടത്തിലാകുമെന്ന് യുഎന്‍ ദുരിതാശ്വാസ ഏജന്‍സി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.