ലഖ്‌നൗ- ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റ 2017 മാര്‍ച്ച് മുതല്‍ ഏറ്റുമുട്ടലുകളുടെ പേരില്‍ പോലീസ് 190 പേരെ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്.
2017 മാര്‍ച്ച് മുതല്‍ 2023 സെപ്റ്റംബര്‍ വരെ പോലീസ് ഏറ്റുമുട്ടലുകളില്‍ 5,591 പേര്‍ക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. ലഖ്‌നൗവില്‍ നടന്ന പോലീസ് സ്മൃതി ദിവസ് പരിപാടിയിലാണ് കണക്കുകള്‍ പുറത്തുവിട്ടത്. സംസ്ഥാനത്തെ ക്രമസമാധാനനില ശക്തിപ്പെടുത്തുന്നതിനും കുറ്റവാളികള്‍ക്ക് നിയമത്തെക്കുറിച്ച് ഭയമുണ്ടാക്കുന്നതിനുമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ എണ്ണത്തിലെ വര്‍ധന സംസ്ഥാന സര്‍ക്കാര്‍ ഏറ്റുമുട്ടലുകളെ സാധാരണ സംഭവമായാണ് കാണുന്നതെന്ന് തെളിയിക്കുന്നതായി ദി വയര്‍ (The Wire) റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്‍കൗണ്ടര്‍ കൊലകളില്‍ യോഗി സര്‍ക്കാര്‍ അഭിമാനം കൊളളുമ്പോള്‍ ഇത്തരം നടപടികളെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ നിരന്തരം ചോദ്യംചെയ്യുകയാണ്. പ്രതികളുമായി ഏറ്റമുട്ടേണ്ടിവരുന്നത് സ്വയരക്ഷയ്ക്കുവേണ്ടിയാണ് എന്നാണ് പോലീസ് വാദിക്കുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ സമാജ് വാദി പാര്‍ട്ടി നേതാവായിരുന്ന അതീഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ടത് സമീപ വര്‍ഷങ്ങളില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ സുരക്ഷാവീഴ്ച്ചയായിരുന്നു. മിക്കപ്പോഴും ഹൈവേയ്ക്ക് സമീപമുളള ഫാമുകളിലോ കനാല്‍ പരിസരത്തോ ചെക്ക് പോസ്റ്റുകള്‍ക്ക് സമീപമോ ആയിരിക്കും പ്രതികളെ തടയുന്നത്.
പ്രതിയെന്ന് പോലീസ് ആരോപിക്കുന്നയാള്‍ ബൈക്കിലെത്തി പോലീസ് സംഘത്തിനുനേരെ വെടിയുതിര്‍ത്തെന്നും സ്വയരക്ഷക്കായി ഇയാളെ വെടിവെച്ചുകൊന്നുവെന്നുമാണ് പോലീസ് പറയാറുള്ളത്. മിക്ക പ്രതികളില്‍ നിന്നും നാടന്‍ തോക്കുകള്‍ കണ്ടെത്തിയെന്നു പോലീസ് റിപ്പോര്‍ട്ടുകളിലുണ്ടാകും.
2012-2017 കാലത്തെ അഖിലേഷ് യാദവ് സര്‍ക്കാരില്‍ നിന്ന് 2017-2023 വരെയുളള യോഗി ആദിത്യനാഥ് സര്‍ക്കാരിലെത്തുമ്പോള്‍ ഏറ്റുമുട്ടലുകള്‍ നാലിരട്ടിയായി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.