ജറൂസലം- ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനു പിന്നാലെ അറബ്- ഇസ്രായിലി നടി അറസ്റ്റില്‍. മൈസ അബ്ദുൽ ഹാദിയെയാണ് ഫലസ്തീനേയും ഹമാസിനേയും പിന്തുണച്ചതിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ നടി ഹമാസിനെ പിന്തുണച്ചുവെന്നാണ് ആരോപണം. നസ്റത്തിലെ വീട്ടില്‍ നിന്നാണ് മൈസയെ പോലീസ് അറസ്റ്റ് ചെയ്തത്.
'നമുക്ക് ബെര്‍ലിന്‍ മാതൃക പിന്തുടരാം' എന്ന അടിക്കുറിപ്പോടെ ഇസ്രായുലിനും ഗാസയ്ക്കുമിടയില്‍ തകര്‍ന്ന അതിര്‍ത്തിവേലിയുടെ ചിത്രം നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
ഇത് ബെര്‍ലിന്‍ മതില്‍ തകര്‍ത്ത മാതൃകയില്‍ ഗാസ-ഇസ്രായിൽ അതിര്‍ത്തിയിലെ വേലികള്‍ തകര്‍ക്കാനുളള ആഹ്വാനമായിരുന്നുവെന്നാണ് ഇസ്രായിൽ പോലീസിന്റെ ആരോപണം. ഹമാസ് ബന്ദിയാക്കിയ 85 കാരിയുടെ ചിത്രം പങ്കുവെച്ചുളള നടിയുടെ പോസ്റ്റും വിവാദമായിരുന്നു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമെതിരായ പോരാട്ടം തുടരുമെന്ന് പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
നടിക്കെതിരെ വിമര്‍ശനവുമായി ഇസ്രായിലി നടന്‍ ഒഫര്‍ ഷെക്ടറും രംഗത്തെത്തിയിരുന്നു. 'ഞാന്‍ നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു. നിങ്ങള്‍ക്ക് സ്വയം ലജ്ജ തോന്നണം. നിങ്ങള്‍ നസ്റത്തിലാണ് താമസിക്കുന്നത്. നിങ്ങള്‍ നമ്മുടെ ടിവി ഷോകളിലും സിനിമകളിലും അഭിനയിച്ച് നമ്മളെ തന്നെ പിന്നില്‍ നിന്ന് കുത്തുകയാണ്'- ഒഫര്‍ ഷെക്ടര്‍ കുറ്റപ്പെടുത്തി.മൈസ അബ്ദുല്‍ഹാദി നിരവധി ഇസ്രായിൽ ടിവി ഷോകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഹോളിവുഡ് ചിത്രമായ 'വേള്‍ഡ് വാര്‍ ഇസഡ്' ലും ബ്രിട്ടീഷ് സീരീസ് 'ബാഗ്ദാദ് സെന്‍ട്രലി'ലും അഭിനയിച്ചിരുന്നു.