Sorry, you need to enable JavaScript to visit this website.

മിനിമം ബാലന്‍സ് സൂക്ഷിക്കുന്നതില്‍ അശ്രദ്ധ; ഗള്‍ഫുകാരില്‍ നിന്നടക്കം ബാങ്കുകള്‍ക്ക് കൊയ്യുന്നത് കോടികള്‍

മുംബൈ- അക്കൗണ്ടുകളില്‍ നിശ്ചിത മിനിമം ബാലന്‍സ് കാത്തു സൂക്ഷിക്കാത്തതിന്റെ പേരില്‍ 2017-18 വര്‍ഷത്തില്‍ ഇന്ത്യയിലെ ബാങ്കുകള്‍ ഗള്‍ഫുകാരടക്കമുള്ള ഇടപാടുകാരില്‍ നിന്ന് പിഴയായി ഈടാക്കിയത് 4,989.55 കോടി രൂപ! 21 പൊതുമേഖലാ ബാങ്കുകളും മൂന്ന് സ്വകാര്യ ബാങ്കുകളും ചേര്‍ന്നാണ് പിഴ ഇനത്തില്‍ ഇടപാടുകാരില്‍ നിന്ന് ഇത്രയും വലിയ തുക സ്വന്തമാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ആണ് ഏറ്റവു വലിയ കൊയ്ത്ത് നടത്തിയിരിക്കുന്നത്. ഈ തുകയുടെ സിംഹഭാഗവും, അതായത് 2,433.87 കോടി രൂപ എസ്.ബി.ഐയുടെ നേട്ടമാണ്. ഈ വര്‍ഷം 6,547 കോടി രൂപയുടെ നഷ്ടമുണ്ടായ എസ്.ബി.ഐക്ക് ഇടപാടുകാരുടെ അശ്രദ്ധ മൂലം ലഭിച്ച 2,500 കോടിയോളം രൂപ വലിയ ആശ്വസവുമായി. എസ്.ബി.ഐ നേരത്തെ 2012ല്‍ മിനിമം ബാലന്‍സ് പിഴ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ 2017 ഏപ്രിലില്‍ വീണ്ടു നടപ്പിലാക്കി. ഇതിനെതിരെ വ്യാപക പ്രതിഷേധവും കൊള്ളലാഭം കൊയ്യാനുള്ള നീക്കമാണെന്ന ആരോപണവും ശക്തമായതോടെ ഒക്ടോബറില്‍ പിഴ തുക കുറക്കുകയും ചെയ്തിരുന്നു. ബേസിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ്, പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന, സാലറി പാക്കേജ് അക്കൗണ്ടുകള്‍ എന്നീ അക്കൗണ്ടുകള്‍ക്കു മാത്രമാണ് മിനിമം ബാലന്‍സ് നബന്ധനയില്ലാത്തത്.  

മെട്രോകളിലേയും നഗരപ്രദേശങ്ങളിലും 3000 രൂപയാണ് എസ്.ബി.ഐ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വേണ്ടത്. സെമി ര്‍ബന്‍, റൂറല്‍ ബ്രാഞ്ചുകളില്‍ ഇത് യഥാക്രമം 2000, 1000 എന്നിങ്ങനെയാണ്. മെട്രോകളില്‍ മിനിമം ബാലന്‍സ് 50 ശതമാനമോ അതിലും കുറവോ ആയാല്‍ 30 രൂപയും അതിന്റെ ആനുപാതിക ജി.എസ്.ടിയും പിഴയായി ഈടാക്കും. 50-75 ശതമാനം കുറവുണ്ടായാല്‍ 40 രൂപയും ജിഎസ്ടിയുമാണ് പിഴ. മിനിമം ബാലന്‍സ് 75 ശതമാനത്തിലും കുറഞ്ഞാല്‍ 50 രൂപയും ജിഎസ്ടിയുമാണ് പിഴ. ഈ ഇനത്തില്‍ എസ്.ബി.ഐ മാത്രം വാരിക്കൂട്ടിയത് മറ്റു 24 ബാങ്കുകള്‍ ഒരുമിച്ച് വാരിക്കൂട്ടിയ കോടികള്‍ക്കു തുല്യമാണ്.

എസ്.ബി.ഐയെ കൂടാതെ ഏറ്റവും കൂടുതല്‍ തുക പിഴ ഈടാക്കിയത് സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ആണ്. 590.84 കോടി ഇവര്‍ സ്വന്തമാക്കി. മറ്റൊരു സ്വാകാര്യ ബാങ്കായ ആക്‌സിസ് 530.12 കോടിയും ഐ.സി.ഐ.സി.ഐ 317.6 കോടി രൂപയും ഇടപാടുകാരുടെ അശ്രദ്ധ മൂലം ഈടാക്കി.

ഗള്‍ഫ് രാജ്യങ്ങള്‍ അടക്കമുള്ള പ്രവാസി ഇന്ത്യക്കാരുടെ എന്‍.ആര്‍.ഐ അക്കൗണ്ടിലേക്ക് വിദേശത്ത് നിന്ന് നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായനികുതി ഇടാക്കുന്നില്ല. എന്നാല്‍ മിക്ക ബാങ്കുകളും മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നുണ്ട്. പല ബാങ്കുകള്‍ക്കും വ്യത്യസ്ത നിരക്കുകളാണിത്. ഐ.സി.ഐ.സി ബാങ്കില്‍ 2000 രൂപയാണ് എന്‍.ആര്‍.ഐ അക്കൗണ്ടില്‍ വേണ്ട മിനിമം ബാലന്‍സ്. ഇതു കുറഞ്ഞാല്‍ കുറഞ്ഞ തുകയുടെ അഞ്ചു ശതമാനവും 100 രൂപയുമാണ് പിഴ. 


 

Latest News