അലഹാബാദ്- ലിവ് ഇന്‍ ബന്ധങ്ങള്‍ സ്ഥിരതയോ ആത്മാര്‍ഥതയോ ഇല്ലാത്ത വെറും ഭ്രമം മാത്രമെന്ന് അലഹാബാദ് ഹൈക്കോടതി. അതിനെ നേരംപോക്കായി മാത്രമേ കാണാനാവൂവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വ്യത്യസ്ത മതസ്ഥരായ ലിവ് ഇന്‍ ദമ്പതികള്‍ പോലീസ് സംരക്ഷണം തേടി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ അഭിപ്രായ പ്രകടനം.ലിവ് ഇന്‍ ബന്ധങ്ങളെ സുപ്രീം കോടതി പലവട്ടം സാധുവായി പ്രഖ്യാപിച്ചിട്ടുള്ളതാണെന്നു ചൂണ്ടിക്കാട്ടിയെങ്കിലും ഹര്‍ജിക്കാരുടെ പ്രായം കണക്കിലെടുത്ത് ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഇവര്‍ ഒരുമിച്ചു കഴിഞ്ഞ കാലം കൂടി പരിഗണിച്ച കോടതി ഇത് ആലോചിച്ചെടുത്ത തീരുമാനമാണോയെന്ന് സംശയം പ്രകടിപ്പിച്ചു.ഹര്‍ജിക്കാര്‍ക്ക് ഇരുപതും ഇരുപത്തി രണ്ടും വയസ് പ്രായമേയുള്ളൂ. രണ്ടു മാസമാണ് ഇവര്‍ ഒരുമിച്ചു കഴിഞ്ഞത്. അതുകൊണ്ടുതന്നെ ഇവരുടെ തീരുമാനം ആലോചിച്ചുറപ്പിച്ച് എടുത്തതാണെന്നു കരുതാനാവില്ല. അത് എതിര്‍ ലിംഗത്തില്‍പ്പെട്ടവരോടു തോന്നുന്ന വെറും ഭ്രമം മാത്രമാവാം- ജസ്റ്റിസുമാരായ രാഹുല്‍ ചതുര്‍വേദിയും മുഹമ്മദ് അസര്‍ ഹുസൈന്‍ ഇദ്രിസിയും പറഞ്ഞു.ജീവിതം റോസാപ്പൂക്കള്‍ വിതറിയ മെത്തയല്ല. അത് ഓരോ ദമ്പതികളെയും കടുത്ത യാഥാര്‍ഥ്യങ്ങളിലൂടെ കൊണ്ടുപോവുന്നുണ്ട്. ഇത്തരം ബന്ധങ്ങള്‍ പലപ്പോഴും നേരംപോക്കു മാത്രമായി മാറുമെന്നതാണ് അനുഭവം. അതുകൊണ്ടുതന്നെ പൊലീസ് സുരക്ഷയ്ക്കുള്ള അപേക്ഷ തള്ളുകയാണെന്ന് കോടതി പറഞ്ഞു.