Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപകർ; സുരക്ഷിത ആസ്തി


രാഷ്ട്രീയ സംഘർഷങ്ങൾ സ്വർണത്തിന്റെ പ്രകടനത്തെ എപ്പോഴും ബാധിക്കാറുണ്ട്.  അനിശ്ചിതത്വവും അസ്ഥിരതയും രാഷ്ട്രീയ സംഘർഷങ്ങളുമുണ്ടാകുമ്പോൾ സുരക്ഷിത ആസ്തി എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തെയാണ് ആശ്രയിക്കാറുള്ളത്. പണ്ടു മുതലേ സുരക്ഷിത ആസ്തി എന്ന പേരുള്ളതിനാലാണിത്. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷമോ യുദ്ധമോ കറൻസിയുടെ മൂല്യച്യുതിക്കോ ഇടിവിനോ ഇടയാക്കാറുണ്ട്. സ്വർണം ഏതെങ്കിലും പ്രത്യേക കറൻസിയുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്തതിനാൽ അതിന് സ്വന്തം മൂല്യം നിലനിർത്താൻ കഴിയുന്നു.  ഇസ്രായിലും ഫലസ്തീനും തമ്മിലുള്ള പതിറ്റാണ്ടു നീളുന്ന സംഘർഷം യുദ്ധമായി മാറിയ ഒക്ടോബർ 7 ഓടെ സർണ വിലയിൽ 8 ശതമാനം വർധന രേഖപ്പെടുത്തി. ഒമ്പതു മാസത്തെ ഏറ്റവും കൂടിയ നിരക്കായ ഔൺസിന് 1985 ഡോളർ ആണിപ്പോഴത്തെ വില. പലിശ നിരക്കുകൾ ഉയർന്ന തോതിൽ നിലനിർത്താനുള്ള യു.എസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ തീരുമാനം യു.എസ് ഡോളറിലും ബോണ്ട് ലാഭത്തിലും വർധന ഉണ്ടാക്കിയെങ്കിലും സ്വർണത്തെ ബാധിച്ചില്ല. 
രാഷ്ട്രീയ സംഘർഷങ്ങളിലെല്ലാം സ്വർണം മികച്ച പ്രകടനം നടത്തുന്നതായിട്ടാണ് മുൻകാല അനുഭവങ്ങൾ. ഇക്കാര്യം നിക്ഷേപകരെ സ്വാധീനിക്കുകയും ചെയ്യും. 1990-91 ലെ ഗൾഫ് യുദ്ധകാലത്ത് സ്വർണ വില കുതിച്ചുയർന്നെങ്കിലും പെട്ടെന്നു തന്നെ നിയന്ത്രണ വിധേയമായി. 2003 ലെ ഇറാഖ് യുദ്ധത്തിലും ഇതേ അനുഭവമുണ്ടായി. 2022 ഫെബ്രുവരിയിൽ റഷ്യ-ഉക്രൈൻ യുദ്ധം തുടങ്ങിയപ്പോഴും സ്വർണ വില ഉയരുകയുണ്ടായി.  
എന്നാൽ സംഘർഷങ്ങൾ സ്വർണ വിലയിലുണ്ടാക്കുന്ന സ്വാധീനം അവയുടെ  ഗുരുതരാവസ്ഥയും കാല ദൈർഘ്യവും ഇതര സാമ്പത്തിക, ധന ഘടകങ്ങളും ആശ്രയിച്ചിരിക്കും. കൂടിയ തോതിലുള്ള രാഷ്ട്രീയ സംഘർഷങ്ങളിൽ സ്വർണത്തിന്റെ പ്രകടനം മെച്ചമായിരിക്കുമെങ്കിലും വിപണിയിലെ ഇതര സ്വാധീന ഘടകങ്ങളായ പലിശ നിരക്കുകൾ, സാമ്പത്തിക കണക്കുകൾ, വിപണിയുടെ പൊതുവികാരം എന്നിവയെല്ലാം സ്വർണത്തെയും സ്വാധീനിക്കാറുണ്ട്.  
ഏതു സമയവും പണമാക്കി മാറ്റാൻ കഴിയുന്ന ആസ്തിയാണ് സ്വർണം. പ്രതിസന്ധി ഘട്ടത്തിൽ പോലും ഈ പ്രക്രിയക്കു മാറ്റമില്ല. അസ്ഥിര വിപണികളിൽ നിന്ന് പെട്ടെന്ന് പണം മാറ്റാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഏറ്റവും ആകർഷകമായ ആസ്തി തന്നെയാണ് സ്വർണം. രാഷ്ട്രീയ സംഘർഷങ്ങൾ വിതരണ ശൃംഖലകളിൽ തടസ്സം സൃഷ്ടിക്കാനും അതുവഴി സാമ്പത്തിക അനിശ്ചിതത്വത്തിനും സാധ്യതയുണ്ട്.  ഇത് വിലക്കയറ്റത്തിന് ഇടയാക്കുന്നു. ഇത്തരം ഘട്ടങ്ങളിൽ സുരക്ഷിത ആസ്തിയായ സ്വർണത്തിലേക്ക് നിക്ഷേപകർ ആകർഷിക്കപ്പെടുകയാണ്, ഉൽപന്നങ്ങൾക്കും അസംസ്‌കൃത വസ്തുക്കൾക്കും വില കൂടുമ്പോൾ പ്രത്യേകിച്ചും. മെച്ചപ്പെട്ട സാമ്പത്തിക കണക്കുകൾ പുറത്തു വന്നതോടെ യു.എസ് കേന്ദ്ര ബാങ്കായ ഫെഡ് ഉയർന്ന പലിശ നിരക്കുകൾ കൂടുതൽ കാലത്തേക്കു തുടർന്നേക്കും. യു.എസ് ഡോളറിനെയും ബോണ്ട് നേട്ടങ്ങളെയും അതുയർത്തുകയും ചെയ്യും. സുരക്ഷിത ആസ്തികളിലെ ദീർഘമായ കുതിപ്പ് ഇത് തടയും. വിലകൾ പരിശോധിക്കുമ്പോൾ, കോമെക്‌സിലെ സ്വർണ സൂചിക ഔൺസിന് 1990 ഡോളറിനും 2072 ഡോളറിനുമിടയിൽ തുടരുമെന്നാണ് മനസ്സിലാക്കേണ്ടത്. 1800 ഡോളറിൽ താഴെപ്പോകാൻ ഒരു സാധ്യതയുമില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം മുറുകുകയും പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷിതത്വത്തെ അതു ബാധിക്കുകയും ചെയ്താൽ സ്വർണ വിലയിൽ ഇപ്പോഴുള്ള കുതിപ്പ് തുടരാനാണിട.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ കമ്മോഡിറ്റി മേധാവിയാണ് ലേഖകൻ)

Latest News