കൊച്ചി - തങ്കത്തിളക്കം നവരാത്രി ദീപാവലി ആഘോഷങ്ങൾക്ക് തിളക്കം പകരും. അന്താരാഷ്ട്ര റബർ മാർക്കറ്റ് ബുള്ളിഷ്, നിരക്ക് ഉയർത്താൻ ടയർ ലോബിക്ക് താൽപര്യ കുറവ്. വെളിച്ചെണ്ണയും കൊപ്രയും മികവിലേയ്ക്ക്. നവരാത്രി ആഘോഷങ്ങളിലേയ്ക്ക് തിരിഞ്ഞ ഉത്തരേന്ത്യൻ വ്യാപാരികൾ വാരത്തിന്റെ രണ്ടാം പകുതിയിൽ സുഗന്ധവ്യഞ്ജന വിപണിയിൽ തിരിച്ചെത്തും.
ആഗോള സ്വർണ നിക്ഷേപകർ തങ്കത്തേരിലേറി ബുൾ റാലിയുടെ മാധുര്യം നുകരുന്നു നാണയം സൂക്ഷിക്കുന്നതിലും സുരക്ഷിതത്വം മഞ്ഞലോഹത്തിൽ അഭയം പ്രാപിക്കുകയെന്ന തിരിച്ചറിവ് ഫണ്ടുകളെ സ്വർണത്തിൽ വാങ്ങലുകാരാക്കി. പശ്ചിമേഷ്യൻ സംഘർഷാവസ്ഥ ചുരുങ്ങിയ ദിവസങ്ങളിൽ അന്താരാഷ്ട്ര സ്വർണ വിപണിയുടെ മുഖഛായ തന്നെ മാറ്റിമറിച്ചു. ഇസ്രായിൽ കരയുദ്ധത്തിനുള്ള നീക്കം സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്നത് നിക്ഷേപകരെ സ്വർണത്തിലേയ്ക്ക് ആകർഷിക്കും.
രണ്ടായിരം ഡോളറിന്റെ മാധുര്യം നുകരാനുള്ള ആവേശത്തിലാണ് സ്വർണം. ന്യൂയോർക്ക് എക്‌സ്‌ചേഞ്ചിൽ സ്വർണം ട്രോയ് ഔൺസിന് 1933 ഡോളറിൽ നിന്നും 1997 ഡോളർ വരെ ഉയർന്ന ശേഷം വാരാന്ത്യം 1980 ഡോളറിലാണ്. ഡെയ്‌ലി ചാർട്ടിൽ സാങ്കേതികമായി സ്വർണം ബുള്ളിഷെങ്കിലും ഓവർ ബ്രോട്ടായതിനാൽ ഏതവസരത്തിലും ഓപറേറ്റർമാർ ലാഭമെടുപ്പിന് നീക്കം നടത്താം. തിരുത്തലിന് അവസരമുണ്ടായാൽ 1934-1954 ഡോളറിലേയ്ക്ക് പുൾ ബാക്ക് റാലി പ്രതീക്ഷിക്കാം. ആഭരണ വിപണിയിലേയ്ക്ക് ഉറ്റു നോക്കുന്നവർക്ക് ഇത് പുതിയ വാങ്ങലുകൾക്ക് സാഹചര്യം ഒരുക്കും.
കേരളത്തിൽ സ്വർണ വില പവൻ 44,320 രൂപയിൽ നിന്നും 45,000 ലെ പ്രതിരോധവും ഭേദിച്ച് 45,280 ലേയ്ക്ക് ഉയർന്നു. രണ്ടാഴ്ചക്കിടയിൽ പവന് 2760 രൂപയുടെ വർധന. ഒരു ഗ്രാം സ്വർണ വില 5540 ൽ നിന്നും 5650 രൂപയായി.
നടപ്പ് വർഷം ആർ ബി ഐ ഉൾപ്പെടെ വിവിധ കേന്ദ്ര ബാങ്കുകൾ സ്വർണത്തിലെ കരുതൽ ശേഖരം ഉയർത്തി. രാജ്യങ്ങൾക്കിടയിലെ അരാജകത്വം സാമ്പത്തിക മേഖലയിൽ വിള്ളൽ സൃഷ്ടിക്കാൻ ഇടയുള്ളതിനാൽ കരുതൽ ശേഖരം ഉയർത്താൻ ശ്രമം തുടരാം.
രാജ്യാന്തര റബർ മാർക്കറ്റിൽ നിന്നും പ്രതീക്ഷിച്ച പോലെ തന്നെ അനുകൂല വാർത്തകൾ പുറത്തുവന്നെങ്കിലും ഇന്ത്യൻ ടയർ ലോബി ഈ അവസരത്തിൽ വിപണിയിൽ നിന്നും മുഖം തിരിച്ചു. ജപ്പാനീസ് എക്‌സ്‌ചേഞ്ചിൽ ഓപറേറ്റർമാർ ഷോട്ട് കവറിങിന് ഇറങ്ങിയത് റബർ വില ഉയർത്തിയത് സിംഗപ്പുർ, ചൈനീസ് മാർക്കറ്റുകളിലും റബറിൽ വാങ്ങൽ താൽപര്യത്തിന് അവസരം ഒരുക്കി. ഇതോടെ തായ്‌ലാൻഡും ഇന്തോനേഷ്യയും മലേഷ്യയും റബർ നിരക്ക് ഉയർത്തി. ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് വില 13,900 രൂപയിൽ നിന്നും 14,858 രൂപയായി.
സംസ്ഥാനത്ത് ടാപ്പിങിന് അനുകൂല കാലാവസ്ഥ തുടരുന്നത് ഉൽപാദകർ നേട്ടമാക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ കാർഷിക മേഖലകളിൽ നിന്നും വിപണികളിലേയ്ക്കുള്ള ചരക്ക് വരവ് കുറഞ്ഞു. ഉൽപാദകരും സ്റ്റോക്കിസ്റ്റുകളും ഷീറ്റിൽ പിടിമുറുക്കിയതോടെ ടയർ നിർമാതാക്കൾ നാലാം ഗ്രേഡ് റബർ വില 15,300 വരെ ഉയർത്തി ശേഖരിച്ചു, അഞ്ചാം ഗ്രേഡ് റബർ 15,000 രൂപ.
നവരാത്രി ഡിമാന്റ് അവസരമാക്കി തമിഴ്‌നാട് ലോബി വെളിച്ചെണ്ണ വില ഉയർത്തി. കാങ്കയം കേന്ദ്രമായി പ്രവർത്തിക്കുന്നു കൊപ്രയാട്ട് മില്ലുകാരുടെ കരുതൽ ശേഖരം ഉയർന്നു നിൽക്കുകയാണ്. ഈ ചരക്ക് ഏത് വിധേനയും ഉത്സവ ദിനങ്ങളിൽ വിറ്റുമാറാനുള്ള പരക്കംപാച്ചിലിലാണവർ. അതേ സമയം നവംബർ അവസാനം ദീപാവലി വരെയുള്ള കാലയളവിൽ വലിയാരു പങ്ക് വെളിച്ചെണ്ണ കേരളത്തിലേയ്ക്ക് നീക്കിയില്ലെങ്കിൽ കൂടുതൽ പരുങ്ങലിലാവുമെന്ന തിരിച്ചറിവിലാണവർ. കൊച്ചിയിൽ വെളിച്ചെണ്ണ വില 12,600 രുപയിൽ നിന്നും 13,100 രൂപയായി.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ നവരാത്രി ആഘോഷങ്ങളിലേയ്ക്ക് തിരിച്ചതിനാൽ സുഗന്ധവ്യഞ്ജന വിപണിയിൽ നിന്നും ആ മേഖലയിൽ നിന്നുള്ള വാങ്ങലുകാർ പിൻമാറി. ഉത്സവാഘോഷങ്ങൾക്ക് ശേഷം വാരത്തിന്റെ രണ്ടാം പകുതിയിൽ മാത്രമേ അവർ രംഗത്ത് തിരിച്ചെത്തൂ.
ഇതിനിടയിൽ തുലാവർഷം രാജ്യത്ത് പ്രവേശിക്കും. തുലാമഴയുടെ വരവ് കുരുമുളക് കൊടികളെ ഏത് വിധത്തിൽ സ്വാധീനിക്കുമെന്നതിനെ ആശ്രയിച്ചാവും മുന്നിലുള്ള മാസങ്ങളിൽ വിപണിയുടെ ഓരോ ചലനവും. അൺ ഗാർബിൾഡ് മുളക് 60,900 രൂപ. അന്തരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 7750 ഡോളർ.
ഏലത്തിന് ആഭ്യന്തര ഡിമാന്റ് ശക്തം. ലേല കേന്ദ്രങ്ങളിൽ ഇറങ്ങുന്ന ചരക്കിൽ ഭൂരീഭാഗവും വിറ്റഴിയുമ്പോഴും വിലക്കയറ്റം മരീചികയാവുന്നു. നവരാത്രി ഡിമാന്റിന് പോലും ശരാശരി ഇനങ്ങളിൽ കാര്യമായ കുതിപ്പ് സൃഷ്ടിച്ചില്ല. ശരാശരി ഇനങ്ങൾക്ക് ലഭിച്ച ഉയർന്ന വില 1597 രൂപ മാത്രം.