Sorry, you need to enable JavaScript to visit this website.

വിൽപനക്കാർ പിടിമുറുക്കി ഓഹരി വിപണി

ആഗോള ഓഹരി വിപണികളിൽ  വിൽപനക്കാർ പിടിമുറുക്കുന്നു. യു.എസും യൂറോപ്പും മാത്രമല്ല, ഏഷ്യൻ മാർക്കറ്റുകളും വാരാന്ത്യം വിൽപനക്കാരുടെ കരങ്ങളിലാണ്. പണപ്പെരുപ്പം രൂക്ഷമായതും പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ സങ്കീർണമാകുമെന്ന ഭീതിയും ബാധ്യതകൾ പണമാക്കാൻ ഓഹരി ഇടപാടുകാരെ നിർബന്ധിതരാക്കുന്നു. 
രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങൾ ഓഹരിയിൽ പിൻവലിച്ച പണം സ്വർണത്തിൽ നിക്ഷേപിക്കാൻ പ്രകടിപ്പിച്ച വ്യഗ്രത മഞ്ഞലോഹത്തെ 2000 ഡോളറിലേക്ക് അടുപ്പിച്ചു. ഇതിനിടയിൽ രണ്ട് അമേരിക്കൻ പൗരൻമാരെ ഹമാസ് തടങ്കലിൽനിന്നു മോചിപ്പിക്കാനായത് മേഖലയിലെ സ്ഥിതിഗതികളിൽ നേരിയ അയവ് വരുത്താം. കരയുദ്ധത്തിന് ഒരുങ്ങുന്ന ഇസ്രായിലിനെ പിന്തിരിപ്പിക്കാൻ ഈ നീക്കം ഉപകരിച്ചാൽ രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിൽ തിരുത്തൽ സംഭവിക്കും.  
നിഫ്റ്റി രണ്ടാഴ്ചകളിലെ തുടർച്ചയായ മുന്നേറ്റത്തിനിടയിൽ കാലിടറി. സൂചിക 208 പോയന്റ് താഴ്ന്നു. വിപണി സാങ്കേതികമായി ഓവർ ബ്രോട്ടായെന്ന് മുൻവാരം വ്യക്തമാക്കിയിരുന്നു. 19,751 ൽനിന്നും പ്രതിരോധ മേഖലയായ 19,897 നെ ലക്ഷ്യമാക്കിയ വേളയിൽ ഫണ്ടുകൾ പ്രോഫിറ്റ് ബുക്കിംഗിന് ഇറങ്ങിയതോടെ 19,846 തിരിച്ചടി നേരിട്ടു. ഇതിനിടയിൽ ലാഭമെടുപ്പ് വിൽപന സമ്മർദമായി 19,550 ലെ സപ്പോർട്ട് തകർത്ത് 19,518 വരെ ഇടിയുകയും ചെയ്തു, വ്യാപാരാന്ത്യം 19,542 ലാണ്. 
കഴിഞ്ഞ ലക്കം വ്യക്തമാക്കിയ 19,550 സപ്പോർട്ട് ക്ലോസിംഗിൽ ലഭിക്കാഞ്ഞത് ദുർബലാവസ്ഥയെ സൂചിപ്പിക്കുന്നു. ഈ വാരം 19,752 ൽ പ്രതിരോധ മേഖല തലയുയർത്തിയാൽ 19,424-19,307 ലേക്ക് അടുത്ത സാങ്കേതിക പരീക്ഷണത്തിന് മുതിരാം. ഈ റേഞ്ചിൽ വിൽപന സമ്മർദം തുടർന്നാൽ സ്വാഭാവികമായും തിരുത്തൽ 18,979 ലേക്ക് നീളും. 
ഡെയ്‌ലി ചാർട്ടിൽ എം.എ.സി.ഡി ദുർബലമായതും വ്യാഴാഴ്ച നടക്കുന്ന ഒക്ടോബർ സീരീസ് സെറ്റിൽമെന്റും ഓപറേറ്റർമാരെ സമ്മർദത്തിലാക്കും. വിജയദശമിക്ക് അവധിയായതിനാൽ സെറ്റിൽമെന്റിന് മുന്നിലുള്ളത് കേവലം രണ്ട് ദിവസം മാത്രം. നിഫ്റ്റി ഫ്യൂച്ചറിലെ ഓപൺ ഇൻട്രസ്റ്റ് 110 ലക്ഷം കരാറിൽ നിന്നും 117 ലക്ഷം കരാറായി.  
സെൻസെക്‌സ് 66,282 ൽനിന്നു മുന്നേറാൻ ശ്രമം നടത്തിയതിനിടയിൽ പ്രതികൂല വാർത്തകൾ നിക്ഷേപകരെ വിൽപനക്കാരാക്കിയതോടെ സൂചിക 65,308 വരെ ഇടിഞ്ഞു. സെൻസെക്‌സിന് മുൻവാരം സൂചിപ്പിച്ച 65,444 ലെ സപ്പോർട്ട് ക്ലോസിംഗിൽ നഷ്ടപ്പെട്ടത് സെൻസെക്‌സിനെ 65,397 ലേക്ക് ഇടിച്ചു. വിപണിക്ക്  885 പോയന്റ് പ്രതിവാര നഷ്ടം.  ഈ വാരം 65,289  64,949 ൽ താങ്ങും 65,522  65,881 ൽ പ്രതിരോധവുമുണ്ട്. 
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 3512 കോടി നിക്ഷേപിച്ചിട്ടും വിപണി തളർന്നു. വിദേശ ഓപറേറ്റർമാർ 3519 കോടി രൂപയുടെ വിൽപനയും 456 കോടി നിക്ഷേപവും നടത്തി. ഈ മാസം വിദേശ ഓപറേറ്റർമാർ 13,411.72 കോടി രൂപയുടെ വിൽപന നടത്തി. 
സ്വർണം ബുള്ളിഷ് മൂഡിൽ. ട്രോയ് ഔൺസിന് 1933 ഡോളറിൽനിന്നും 1997 വരെ ഉയർന്നെങ്കിലും 2000 ഡോളറിലേക്ക് സ്വർണത്തെ കടത്തി വിടാതെ ഫണ്ടുകൾ ലാഭമെടുപ്പ് നടത്തി. മാർക്കറ്റ് ക്ലോസിംഗിൽ 1980 ഡോളറിലാണ്.
യുദ്ധ സാഹചര്യം കണക്കിലെടുത്താൽ രാജ്യാന്തര വിപണി 2064 - 2078 ഡോളറിലെ പ്രതിരോധം മറികടന്ന് 2085 നെ ലക്ഷ്യമാക്കും. നിലവിൽ 1954-1960 ഡോളറിലാണ് സപ്പോർട്ട്. 
ഡെയ്‌ലി ചാർട്ടിൽ സ്വർണം ബുള്ളിഷെങ്കിലും സാങ്കേതികമായി ഓവർ ബ്രോട്ടായതിനാൽ ഏതവസരത്തിലും ഫണ്ടുകൾ ലാഭമെടുപ്പ് നടത്താം.
 

Latest News