ഹൈദരാബാദ്-ഹൈദരാബാദിലെ കടകളിൽ ഇസ്രായിൽ വിരുദ്ധ പോസ്റ്ററുകൾ പതിച്ചതിനെതിരെ തിരിച്ചടിക്കുമെന്ന ഭീഷണിയുമായി ഗോഷാമഹൽ നിയമസഭാ മണ്ഡലത്തിലെ ബിജെപി എംഎൽഎ രാജാ സിംഗ്. ഹൈദരാബാദിലെ കോട്ടിയിൽ ഗുജറാത്തി ഗല്ലി മാർക്കറ്റിലെ ചില കട ഉടമകൾ ഇസ്രായിലിനെയും അമേരിക്കയെയും ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ പതിച്ചതിനെ തുടർന്നാണിത്.
ഫലസ്തീനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ നീക്കം ചെയ്യണമെന്ന് രാജാ സിംഗ് തെലങ്കാന പോലീസ് ഡയറക്ടർ ജനറലിനോട് ആവശ്യപ്പെട്ടു. പോസ്റ്ററുകൾ നീക്കം ചെയ്തില്ലെങ്കിൽ ഈ കടകളിൽ ഇസ്രായിൽ പിന്തുണക്കുന്ന പോസ്റ്ററുകൾ ഒട്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇത് ആദ്യമായല്ല ഫലസ്തീനെ പിന്തുണയ്ക്കുന്നവർക്കെതിരെ രാജ സിംഗ് രംഗത്തുവരുന്നത്. നേരത്തെ, ഭീകരർക്കെതിരെ നിലകൊള്ളുന്നവരോടൊപ്പമാണ് ഇന്ത്യെന്നും ഇസ്രായിലിനെ പിന്തുണക്കുന്നുവെന്നും നേരത്തെ ഒരു പൊതുയോഗത്തിൽ സംസാരിക്കവെ, എംഎൽഎ പറഞ്ഞിരുന്നു. ഇസ്രായിൽ ഫലസ്തീനികൾക്കെതിരെ തുടരുന്ന യുദ്ധത്തിൽ എഐഎംഐഎം പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി ഗാസയിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജാസിംഗിന്റെ പ്രസ്താവന.
ഇസ്ലാമിനേയും പ്രവാചകനേയും അധിക്ഷേപിച്ചതിനെ തുടർന്ന് ബി.ജെ.പി സസ്പെൻഡ് ചെയ്തിരുന്ന എം.എൽ.എക്കെതിരായ അച്ചടക്ക നടപടി കഴിഞ്ഞ ദിവസമാണ് പിൻവലിച്ചത്. പാർട്ടി സസ്പെൻഷൻ പിൻവലിച്ചതിനെ തുടർന്ന് അദ്ദേഹം തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോഷാമഹലിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ഒരുങ്ങുകയാണ്.
നോട്ടീസിന് എം.എൽ.എ നൽകിയ മറുപടി തൃപ്തികരമായതിനാൽ സസ്പെൻഷൻ പിൻവലിക്കുന്നുവെന്നാണ് പാർട്ടിയുടെ കേന്ദ്ര അച്ചടക്ക സമിതി മെമ്പർ സെക്രട്ടറി ഓം പഥക് എംഎൽഎക്ക് അയച്ച കത്തിൽ പറഞ്ഞത്. ഗോഷാമഹൽ അസംബ്ലി മണ്ഡലത്തിൽ മൂന്നാം തവണയാണ് രാജാ സിംഗ് മത്സരിക്കാനൊരുങ്ങുന്നത്.