മുംബൈ - മഹാരാഷ്ട്രയില്‍ നടന്ന വന്‍ ലഹരി വേട്ടയില്‍ ഗുജറാത്ത് സ്വദേശിയായ കെമിക്കല്‍ എഞ്ചീനീയര്‍ പിടിയിലായി. ഛത്രപതി സാംഭാജി നഗറിലെ ലഹരിവേട്ടയില്‍ സൂറത്ത് സ്വദേശിയായ ജിതേഷ് ഹിന്‍ഹോറിയ ആണ് അറസ്റ്റിലായത്. സാംഭാജി നഗറില്‍ ലഹരി നിര്‍മ്മാണ ഫാക്ടറിയും കണ്ടെത്തി. രണ്ടിടത്തായി നടന്ന റെയ്ഡില്‍ 500 കോടി രൂപയുടെ ലഹരിമരുന്നുകളാണ് പിടികൂടിയത്. അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ചും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ്, ഔറംഗബാദിലെ രണ്ട് സ്ഥലങ്ങളില്‍ വന്‍ ലഹരിവേട്ട നടന്നത്. 23,000 ലിറ്റര്‍ രാസവസ്തുക്കള്‍, 23 കിലോ കൊക്കെയിന്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിന്റെയും ഡി ആര്‍ ഐയുടെയും സംഘങ്ങള്‍ ഔറംഗാബാദില്‍ ക്യാമ്പ് ചെയ്ത് കെമിക്കല്‍ എഞ്ചിനീയറുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു. ശനിയാഴ്ചയാണ് സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയത്. രണ്ട് ഫാക്ടറികളിലൊന്നില്‍ നിന്നാണ് രാസവസ്തുക്കള്‍ പിടിച്ചെടുത്ത് ഫാക്ടറികള്‍ സീല്‍ ചെയ്തു. ഒന്നര വര്‍ഷം മുമ്പ്, ജിതേഷ് ഹിന്‍ഹോറിയ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. ജോലി ഉപേക്ഷിച്ച ശേഷം സ്വന്തമായി ഫാക്ടറി സ്ഥാപിച്ചു. അവിടെ നിയമവിരുദ്ധമായി മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. മുംബൈയില്‍ നിന്നാണ് ഇയാള്‍ ലഹരി നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ സംഘടിപ്പിച്ചിരുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു.