ലിസ്ബണ്‍- ഇസ്രായില്‍ ഗാസയില്‍ തുടരുന്ന ക്രൂരതയെ സംഘാടകര്‍ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കോണ്‍ഫറന്‍സുകളില്‍ ഒന്നായ വെബ് ഉച്ചകോടിയില്‍ നിന്ന് ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാം ഉടമസ്ഥരായ മെറ്റയും സെര്‍ച്ച് ഭീമന്‍ ഗൂഗിളും പിന്‍മാറി.
സാങ്കേതിക മേഖലയിലെ ഏറ്റവും വലിയ വാര്‍ഷിക പരിപാടികളിലൊന്നാണ് വെബ് ഉച്ചകോടി. ഹമാസിന്റെ മിന്നല്‍ ആക്രമണത്തെ തുടര്‍ന്നുള്ള ഇസ്രായിലിന്റെ നടപടികളെ ഉച്ചകോടിയുടെ സംഘാടകര്‍ വിമര്‍ശിച്ചതിനാലാണ് പിന്‍വാങ്ങുന്നതെന്ന് കമ്പനികള്‍ അറിയിച്ചു. ഈ വര്‍ഷത്തെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് മെറ്റയുടെ വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് സ്ഥിരീകരിച്ചു.
ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഗൂഗിളും തീരുമാനിച്ചു. വെബ് ഉച്ചകോടിയില്‍ തങ്ങളുടെ സാന്നിധ്യമുണ്ടാകില്ലെന്ന് ഗൂഗിള്‍ വക്താവ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വെബ് ഉച്ചകോടിയുടെ സഹസ്ഥാപകനായ ഐറിഷ് സംരംഭകനായ പാഡി കോസ്‌ഗ്രേവാണ് അടുത്തിടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഇസ്രായിലിനേയും പാശ്ചാത്യ സര്‍ക്കാരുകളേയും വിര്‍ശിച്ചത്.
നിരവധി പാശ്ചാത്യ നേതാക്കളുടെയും സര്‍ക്കാരുകളുടെയും വാചാടോപത്തിലും നടപടികളിലും താന്‍ ഞെട്ടിപ്പോയെന്നാണ് അദ്ദേഹം കുറിച്ചത്. 'യുദ്ധക്കുറ്റങ്ങള്‍ സഖ്യകക്ഷികള്‍ ചെയ്താലും യുദ്ധക്കുറ്റങ്ങളാണ്, അവ എന്താണെന്ന് വിളിച്ചറിയിക്കണം,' കോസ്‌ഗ്രേവ് ഒക്ടോബര്‍ 13ന് എഴുതി.
ഇന്റല്‍, സീമെന്‍സ് എന്നിവയുള്‍പ്പെടെയുള്ള കമ്പനികളുടെയും സാങ്കേതിക രംഗത്തെ പ്രമുഖരുടെയും മറ്റ് പുറത്തുകടക്കലിനെ തുടര്‍ന്നാണ് മെറ്റയും ഗൂഗിളും വെബ് ഉച്ചകോടി ബഹിഷ്‌കരിച്ചത്.
യു.എസ് ഹാസ്യനടന്‍ ആമി പോഹ്‌ലറും എക്‌സ്ഫയല്‍സ് നടന്‍ ഗില്ലിയന്‍ ആന്‍ഡേഴ്‌സണും ബഹിഷ്‌കരിച്ചവരില്‍ ഉള്‍പ്പെടും. സ്റ്റാര്‍ട്ട്അപ്പ് ബാക്കര്‍ വൈകോമ്പിനേറ്ററിന്റെ സിലിക്കണ്‍ വാലി പ്രമുഖന്‍ ഗാരി ടാന്‍ ആണ് ബഹിഷ്‌കരണം ആരംഭിച്ചത്. ഉടന്‍ തന്നെ സാങ്കേതിക വ്യവസായത്തിലെ വമ്പന്മാര്‍ പിന്തുടര്‍ന്നു.
നവംബര്‍ 13-16 തീയതികളില്‍ ലിസ്ബണില്‍ ഏകദേശം 2,300 സ്റ്റാര്‍ട്ടപ്പുകള്‍ക്കും 70,000ത്തിലധികം ആളുകള്‍ക്കും വെബ് ഉച്ചകോടി ആതിഥേയത്വം വഹിക്കും. വിവാദത്തിനും ബഹിഷ്‌കരണത്തിനും പിന്നാലെ കോസ്‌ഗ്രേവ് ക്ഷമാപണം നടത്തിയിട്ടുണ്ട്.
'ഞാന്‍ പറഞ്ഞതും പറഞ്ഞതിന്റെ സമയവും അത് അവതരിപ്പിച്ച രീതിയും പലര്‍ക്കും അഗാധമായ വേദനയുണ്ടാക്കിയതായി ഞാന്‍ മനസ്സിലാക്കുന്നു. എന്റെ വാക്കുകളില്‍ വേദനിച്ച എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു,' അദ്ദേഹം പറഞ്ഞു. 'ഈ സമയത്ത് വേണ്ടത് അനുകമ്പയാണ്, ഞാന്‍ അത് അറിയിച്ചിട്ടില്ല- പ്രസ്താവനയില്‍ പറയുന്നു.
ഇസ്രായിലിനെതിരായ ഹമാസിന്റെ 'തിന്മയും വെറുപ്പുളവാക്കുന്നതും ഭീകരവുമായ' ആക്രമണത്തെ താന്‍ അപലപിക്കുന്നുവെന്നും ഇസ്രായിലിന്റെ അസ്തിത്വത്തേയും സ്വയം പ്രതിരോധിക്കാനുമുള്ള അവകാശത്തെയും അസന്ദിഗ്ധമായി പിന്തുണയ്ക്കുന്നുവെന്നും കോസ്‌ഗ്രേവ് പറഞ്ഞു. അതേസമയം, ഇസ്രായില്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്യരുതെന്നും ജനീവ കണ്‍വെന്‍ഷനുകള്‍ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു