Sorry, you need to enable JavaScript to visit this website.

VIDEO ഫലസ്തീനികള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരം മാതൃകയാക്കണം, വൈറലായി തുര്‍ക്കി അല്‍ ഫൈസലിന്റെ പ്രസംഗം

ന്യൂദല്‍ഹി- സൈനിക അധിനിവേശം നടത്തിയ ഇസ്രായിലിനെ സായധമായി തന്നെ പ്രതിരോധിക്കാന്‍ അവകാശമുണ്ടെങ്കിലും ഫലസ്തീനികള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് നിസ്സഹകരണ മാര്‍ഗം സ്വീകരിക്കണമെന്ന തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്റെ പ്രസംഗം വൈറലായി.
ഗാസയില്‍ ഇസ്രായില്‍ തുടരുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് സൗദിയുടെ മുന്‍ യു.എസ് അംബാസഡറും മുന്‍ ഇന്റലിജന്‍സ് മേധാവിയുമായ തുര്‍ക്കി അല്‍ ഫൈസലിന്റെ പ്രസംഗം.
ബ്രിട്ടീഷ് സാമ്രാജ്യത്തെ താഴെയിറക്കിയ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളെ മാതൃകയാക്കാന്‍ ഫലസ്തീനുകളോടും അവരുടെ രാഷ്ട്രീയ അധികാരികളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സൈനികമായി അധിനിവേശമുള്ള എല്ലാ ആളുകള്‍ക്കും അവരുടെ അധിനിവേശത്തെ ചെറുക്കാന്‍ അവകാശമുണ്ട്, സൈനികമായി പോലും. ഫലസ്തീനിലെ സൈനിക ഓപ്ഷനെ ഞാന്‍ പിന്തുണയ്ക്കുന്നില്ല. ഞാന്‍ മറ്റൊരു ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നു: നിസ്സഹകരണവും ആഭ്യന്തര പ്രക്ഷോഭവും. ഇതാണ് ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തെയും കിഴക്കന്‍ യൂറോപ്പിലെ സോവിയറ്റ് സാമ്രാജ്യത്തെയും വീഴ്ത്തിയത്- തുര്‍ക്കി രാജകുമാരന്‍ പറഞ്ഞു.
ഇസ്രായിലിന് അതിശക്തമായ സൈനിക മേധാവിത്വമുണ്ട്, അത് ഗാസയിലെ ജനങ്ങള്‍ക്ക് വരുത്തുന്ന വിനാശം കണ്‍മുന്നില്‍ കാണുന്നു.
സിവിലിയന്‍ ലക്ഷ്യങ്ങളെ ഹമാസ് ലക്ഷ്യമിടുന്നതിനെ ഞാന്‍ അപലപിക്കുന്നു. ഇത്തരം ലക്ഷ്യങ്ങള്‍ ഹമാസിന്റെ ഇസ്ലാമിക സ്വത്വത്തെക്കുറിച്ചുള്ള അവകാശവാദങ്ങളെ നിരാകരിക്കുന്നതാണ്. നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും മുതിര്‍ന്നവരെയും കൊല്ലുന്നതിനെതിരെ ഇസ്ലാമിക വിധിയുണ്ട്. ആരാധനാലയങ്ങള്‍ അവഹേളിക്കുന്നതിനെതിരെ കൂടിയാണ് വിലക്ക്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്‌ടോബര്‍ ഏഴിന് നടന്ന ആക്രമണത്തെ പ്രകോപനരഹിതമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ വിളിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഹൂസ്റ്റണിലെ റൈസ് യൂണിവേഴ്‌സിറ്റിയില്‍ യുഎസ് സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രായില്‍ ചെയ്യുന്നതുപോലെ തന്നെയാണ് ഹമാസ് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെയും പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെയും രാഷ്ട്രീയ അധികാരത്തെ തുരങ്കം വെക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഫലസ്തീന്‍ ജനതയുടെ പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം ഉണ്ടാക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തെ തകര്‍ക്കുന്ന ഹമാസിനെ ഞാന്‍ അപലപിക്കുന്നു. അതേസയമം, ഗാസയിലെ നിരപരാധികളായ ഫലസ്തീന്‍ സിവിലിയന്‍മാര്‍ക്ക് നേരെ ഇസ്രായില്‍ തുടരുന്ന വിവേചനരഹിതമായ ബോംബാക്രമണത്തെയും അവരെ ബലമായി സിനായിലേക്ക് തുരത്താനുള്ള ശ്രമത്തെയും ഞാന്‍ അപലപിക്കുന്നു. വെസ്റ്റ്ബാങ്കില്‍ ഇസ്രായില്‍ ലക്ഷ്യമിട്ട് നടത്തുന്ന കൊലപാതകങ്ങളെയും ഫലസ്തീന്‍ കുട്ടികളെയും സ്ത്രീകളെയും പുരുഷന്മാരെയും വിവേചനരഹിതമായി അറസ്റ്റ് ചെയ്തതിനെയും ഞാന്‍ അപലപിക്കുന്നു. -അദ്ദേഹം പറഞ്ഞു.

 

 

Latest News