Sorry, you need to enable JavaScript to visit this website.

ഇസ്രായേല്‍- ഹമാസ് സംഘര്‍ഷം പോലൊന്ന് ഇന്ത്യയിലുണ്ടാവില്ലെന്ന് മോഹന്‍ ഭാഗവത്

നാഗ്പുര്‍- ഇസ്രയേലും ഹമാസുമായി നടക്കുന്നതു പോലുള്ള സംഘര്‍ഷം ഇന്ത്യയിലുണ്ടാവില്ലെന്ന് ആര്‍. എസ്. എസ് മേധാവി മോഹന്‍ ഭാഗവത്. മുസ്ലിംകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളും ഇന്ത്യയില്‍ സുരക്ഷിതരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാഗ്പുരില്‍ ഛത്രപതി ശിവജിയുടെ 350-ാം പട്ടാഭിഷേക വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വിഭാഗത്തില്‍പ്പെട്ടവരെയും ഉള്‍ക്കൊള്ളുകയും ബഹുമാനിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇസ്രയേലില്‍ നടക്കുന്നതു പോലുള്ള പ്രശ്‌നങ്ങളോ യുക്രെയ്നിലേതുപോലുള്ള പ്രതിസന്ധിയോ ഇന്ത്യയില്‍ ഉണ്ടാവില്ല.

എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരു മതവും സംസ്‌കാരവുമാണ് ഇന്ത്യയിലുള്ളത്. ഇത് ഹിന്ദുക്കളുടെ രാജ്യമാണ്. എന്നാല്‍, മറ്റെല്ലാ മതങ്ങളെയും നാം തിരസ്‌കരിക്കുന്നുവെന്നല്ല അതിനര്‍ഥം. ഹിന്ദുക്കളാണെന്നു പറഞ്ഞാല്‍ മുസ്ലിംകളും സംരക്ഷിക്കപ്പെടുന്നു എന്ന് എടുത്തു പറയേണ്ടതില്ല. ഇത് ഹിന്ദുക്കളും ഇന്ത്യയും മാത്രം ചെയ്യുന്ന കാര്യമാണ്.

യുക്രെയ്‌നില്‍ യുദ്ധം, ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം തുടങ്ങി എല്ലായിടത്തും യുദ്ധമാണ്. എന്നാല്‍, ഇന്ത്യയില്‍ അങ്ങനെയൊന്നു കേട്ടുകേള്‍വിയില്ല.

ശിവജി മഹാരാജിന്റെ കാലത്തും ഇത്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇതിന്റെ പേരില്‍ നാം ആരുമായും യുദ്ധം ചെയ്തിട്ടില്ല. അതുകൊണ്ടാണ് നമ്മള്‍ ഹിന്ദുക്കളാകുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

Latest News