ലഖ്നൗ- അടുത്ത മാസം വിവാഹം നിശ്ചയിച്ച യുവതിയുടെ മൃതദേഹം ഹോട്ടല്‍ മുറിയില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് 23 കാരിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. ഗാസിയാബാദിലെ ആനന്ദ് ഹോട്ടലില്‍ ദുര്‍ഗാ പൂജാ ഉത്സവത്തിന് മുന്നോടിയായാണ് സംഭവം.
യുവതിയുടെ മൃതദേഹം കണ്ടെത്തിയ വിവരത്തെ തുടര്‍ന്ന് വേവ് സിറ്റി പോലീസ് സ്റ്റേഷനിലെ പോലീസ് സംഘം ഹോട്ടലിലെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയതായി എസിപി സലോനി അഗര്‍വാള്‍ പറഞ്ഞു.
നവംബറില്‍ വിവാഹം നടക്കാനിരുന്ന യുവതി ഹോട്ടലില്‍ വെച്ച് മരിച്ച വിവരം അവരുടെ സുഹൃത്ത് അസ്ഹറുദ്ദീനാണ് വീട്ടുകാരെ അറിയിച്ചതെന്നും പോലീസ് പറഞ്ഞു.
മരിച്ച സ്ത്രീയുടെ സഹോദരന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്നും ഗാസിയാബാദ് പോലീസ് അറിയിച്ചു. ആനന്ദ് ഹോട്ടലില്‍ പലതവണ ഇത്തരത്തിലുള്ള സംഭവം നടന്നിട്ടുണ്ടെന്ന് പറയുന്നു. നേരത്തെ ബീഹാര്‍ സ്വദേശിനിയായ യുവതിയെ ഇതേ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മുമ്പ് മെട്രോ ഹോട്ടല്‍ എന്നറിയപ്പെട്ടിരുന്ന ഹോട്ടല്‍ അടുത്തിടെയാണ് പേര് മാറ്റിയത്.