ന്യൂഡൽഹി - പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും സംഘപരിവാർ നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശം തൊടുക്കാറുള്ള തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയ്‌ക്കെതിരായ ആരോപണത്തിൽ പാർലമെന്ററി എത്തിക്‌സ് സമിതിയുടെ അന്വേഷണം പൂർത്തിയായതിന് ശേഷം തൃണമൂൽ കോൺഗ്രസ് ഉചിതമായ തീരുമാനമെടുക്കുമെന്ന് പാർട്ടിയുടെ രാജ്യസഭാ എം.പി ഡെറിക് ഒബ്രിയൻ പറഞ്ഞു.
മാധ്യമങ്ങളിൽ വന്ന റിപോർട്ടുകൾ പാർട്ടി നിരീക്ഷിച്ചിട്ടുണ്ട്. മഹുവ പാർട്ടിക്ക് വിശദീകരണം നല്കിയിട്ടുമുണ്ട്. ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കാൻ പാർട്ടി നേതൃത്വം നിർദേശിക്കുകയും അവരത് ചെയ്തിട്ടുമുണ്ട്. എന്നിരുന്നാലും, വിഷയം തെരഞ്ഞെടുക്കപ്പെട്ട എം.പിയുമായും അവരുടെ അവകാശങ്ങളും പദവികളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, വിഷയം പാർലമെന്റിന്റെ ശരിയായ ഫോറം അന്വേഷിക്കട്ടെ. ശേഷം പാർട്ടി നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
പാർല്ലമെന്റിൽ ചോദ്യം ചോദിക്കാൻ പണവും സമ്മാനവും വാങ്ങിയെന്നാണ് കൃഷ്ണനഗർ എം.പിയായ മഹുവക്കെതിരെ ഉയർന്ന ആരോപണം. സഭക്ക് അകത്തും പുറത്തും ബി.ജെ.പി നേതാക്കൾക്കെതിരെ മുഖം നോക്കാതെ വിമർശിച്ച് വാർത്തകളിൽ നിറഞ്ഞുനിൽക്കാറുള്ള മഹുവക്കെതിരായ ഗുരുതര ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് മൗനം പാലിക്കുന്നതിനെ ചോദ്യം ചെയ്ത് ബി.ജെ.പി നേതാക്കൾ രംഗത്തുവരുന്നതിനിടെയാണ് ഒബ്രിയന്റെ പ്രതികരണം.
പാർല്ലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചതിന് വ്യവസായി ദർശൻ ഹീരാനന്ദാനിയിൽനിന്ന് പണവും വിലകൂടിയ സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് ആരോപണം. ബി.ജെ.പി എം.പിയും വ്യവസായിയുമായ നിഷികാന്ത് ദുബെയിൽനിന്ന് മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി ലോക്‌സഭാ സ്പീക്കറെ സമീപിക്കുകയായിരുന്നു. ഈ പരാതി 15 അംഗ പാർല്ലമെന്ററി എത്തിക്‌സ് സമിതിയുടെ പരിഗണനയിലാണ്.
ആരോപണത്തിൽ കഴമ്പില്ലെന്നും സംഭവത്തിൽ ഏത് തരത്തിലുള്ള അന്വേഷണത്തെയും നേരിടാൻ താൻ ഒരുക്കമാണെന്നും മഹുവ മൊയ്ത്ര വ്യക്തമാക്കിയിരുന്നു.