ഇംഫാല്‍ - മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയതായി സംസ്ഥാന പോലീസിന്റെ ഉത്തരവില്‍ പറയുന്നു. ഒക്ടോബര്‍ 26 വരെയാണ് നിരോധനം. ഇന്റര്‍നെറ്റ് നിരോധനം ഉടന്‍ നീക്കുമെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് നിരോധനം നീട്ടിക്കൊണ്ട് പോലീസ് ഉത്തരവിറക്കിയത്. പൊതുജനങ്ങളെ പ്രകോപിപ്പിക്കുന്ന ചിത്രങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, വീഡിയോ സന്ദേശങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നതിന് ചില സാമൂഹിക വിരുദ്ധര്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കുമെന്ന ആശങ്കയിലാണ് ഇന്റര്‍നെറ്റ് നിരോധനം നീട്ടിയതെന്ന് സംസ്ഥാന പോലീസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മെയ് മൂന്നിന് സംസ്ഥാനത്ത് അക്രമം റിപ്പോര്‍ട്ട് ചെയ്യതിനെ തുടര്‍ന്നാണ് മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചത്. സെപ്റ്റംബര്‍ 23 ന് ഇത് പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളുടെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 26 ന് വീണ്ടും മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചു.