ന്യൂദല്‍ഹി- പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ രാജ്യം വിട്ട് കരീബിയന്‍ രാജ്യമായ ആന്റിഗ്വയില്‍ പൗരത്വം തരപ്പെടുത്തി ഒളിവില്‍ കഴിയുന്ന വജ്ര വ്യാപാരി മെഹുല്‍ ചോക്സിയെ വിട്ടു നല്‍കണമെന്ന് ഔദ്യോഗികമായി ഇന്ത്യ ആന്റിഗ്വയോട് ആവശ്യപ്പെട്ടു. ചോക്സി ആന്റിഗ്വയില്‍ ഉണ്ടെന്ന് അറിഞ്ഞ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ നേരത്തെ അദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചോക്സിയുടെ പൗരത്വം റദ്ദാക്കാനാകില്ലെന്ന് ആന്റിഗ്വ മറുപടി നല്കി. തുടര്‍ന്നാണ് ചോക്സിയെ കൈമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യ കരീബിയന്‍ രാജ്യത്തെ സമീപിച്ചത്.
ഇന്റര്‍പോള്‍ ചോക്സിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയാല്‍ അദ്ദേഹത്തെ പിടികൂടി കൈമാറുന്ന കാര്യം പരിഗണിക്കാമെന്നും ആന്റിഗ്വ ഇന്ത്യയോട് പറഞ്ഞിരുന്നു. ചോക്സിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കണമെന്നാവശ്യപ്പെട്ട് മേയ് 29-ന് സി.ബി.ഐ ഇന്റര്‍പോളിനെ സമീപിച്ചിരുന്നു. ഇതിപ്പോഴും ഇന്റര്‍പോളിന്റെ പരിഗണനയിലാണ്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റേയും പോലീസിന്റെയും ക്ലിയറന്‍സ് ലഭിച്ചതിനെ തുടര്‍ന്നാണ് ചോക്സിക്ക് പൗരത്വം നല്‍കിയതെന്ന് ആന്റിഗ്വ ആന്റ് ബര്‍ബുഡ പൗരത്വ വകുപ്പ് വ്യക്തമാക്കിയിരുന്നു. ബാങ്ക് തട്ടിപ്പ് കേസ് പുറത്തു വരുന്നത് 2018 ജനുവരിയിലാണ്. ഈ കേസ് മുന്‍കൂട്ടി കണ്ടാണ് ചോക്സി ആന്റിഗ്വയുടെ പൗരത്വം തരപ്പെടുത്തിയതെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ചോക്സിക്ക് ക്ലിയറന്‍സ് നല്‍കിയതെന്നും അന്ന് അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്നില്ലെന്നും മുംബൈ പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2017 നവംബറിലാണ് ചോക്സിക്ക് ആന്റിഗ്വ പൗരത്വം നല്‍കിയത്. 2018 ജനുവരിയില്‍ അവിടെ എത്തി അദ്ദേഹം അതു സ്വീകരിക്കുകയും ചെയ്തു. വന്‍തുകയുടെ നിക്ഷേപമിറക്കിയാല്‍ വേഗത്തില്‍ പൗരത്വം നല്കുന്ന രാജ്യമാണ് ആന്റിഗ്വ.