കയ്റോ - ഗാസയിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും ജറൂസലമിൽ നിന്നും ഫലസ്തീനികളെ നിർബന്ധിച്ച് കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ കയ്റോ സമാധാന ഉച്ചകോടിയിൽ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മുന്നറിയിപ്പ് നൽകി. ഫലസ്തീനികൾ ഒരിക്കലും സ്വന്തം രാജ്യത്തു നിന്ന് പുറത്തുപോകില്ല. ഞങ്ങൾ ഞങ്ങളുടെ മണ്ണിൽ തന്നെ ഉറച്ചുനിൽക്കും. ഇരു ഭാഗത്തും സാധാരണക്കാരെ കൊലപ്പെടുത്തുന്നതിനെ തങ്ങൾ പൂർണമായും നിരാകരിക്കുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെയും ഫലസ്തീനിലെ ഇസ്രായിൽ അധിനിവേശം അവസാനിപ്പിക്കുന്നതിലൂടെയും മാത്രമേ പശ്ചിമേഷ്യയിൽ സമാധാനവും സുരക്ഷയും കൈവരികയുള്ളൂ.
നീതിയുടെ അഭാവവും ഫലസ്തീനികളുടെ നിയമാനുസൃത അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതും കാരണം അക്രമത്തിന്റെ ചക്രം ഇടക്കിടക്ക് ആവർത്തിക്കുന്നു. ഫലസ്തീൻ ജനതക്ക് സംരക്ഷണം നൽകുന്നതിലും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിലും യു.എൻ രക്ഷാ സമിതി ഉത്തരവാദിത്തം വഹിക്കണമെന്നും മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു.