കയ്റോ - ഈജിപ്തിന്റെ കണക്കിൽ ഫലസ്തീൻ പ്രശ്നം ഒത്തുതീർക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന് ഗാസ സംഘർഷത്തിന് പരിഹാരം കാണാനും ദീർഘകാലമായി നിശ്ചലമായി കിടക്കുന്ന പശ്ചിമേഷ്യൻ സമാധാന പ്രക്രിപുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച കയ്റോ സമാധാന ഉച്ചകോടി ഉദ്ഘാടനം ചെയ്ത് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി പറഞ്ഞു. നീതിപൂർവകമല്ലാത്ത ഒരു പരിഹാരം ഫലസ്തീൻ പ്രശ്നത്തിന് സാധ്യമല്ല. ഗാസയിൽ ഇരുപത്തിയഞ്ചു ലക്ഷത്തിലേറെ ഫലസ്തീനികൾ മാനുഷിക ദുരന്തത്തിന് വിധേയരാകുന്നത് ലോകം കൈയുംകെട്ടി നോക്കിനിൽക്കുന്നതിൽ ഈജിപ്തിന് അങ്ങേയറ്റത്തെ ആശ്ചര്യമുണ്ട്.
ഗാസ നിവാസികൾക്കു മേൽ കൂട്ടശിക്ഷയും ഉപരോധവും അടിച്ചേൽപിക്കുകയും അവരെ പട്ടിണിക്കിട്ട് കൊല്ലുകയും ചെയ്യുന്നു. നിർബന്ധിച്ച് കുടിയൊഴിപ്പിക്കുന്നതിന് ഫലസ്തീനികൾക്കു മേൽ കടുത്ത സമ്മർദങ്ങളാണ് ചെലുത്തുന്നത്. ഉടമ്പടികളുണ്ടാക്കുകയും അന്താരാഷ്ട്ര നിയങ്ങളും മാനുഷിക നിയമവും സ്ഥാപിക്കുകയും ചെയ്ത പരിഷ്കൃത ലോകം നിരാകരിക്കുന്ന പ്രവൃത്തികളാണ് ഇസ്രായിൽ ചെയ്യുന്നത്. ഫലസ്തീനികളെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ചും ഒരു ജനവിഭാഗത്തെ മൊത്തമായി മറ്റു പ്രദേശങ്ങളിലേക്ക് പറിച്ചുനട്ടുമല്ല ഫലസ്തീൻ പ്രശ്നം പരിഹരിക്കേണ്ടത്. ലോകത്തെ മറ്റെല്ലാ ജനവിഭാഗങ്ങളെയും പോലെ സ്വതന്ത്ര രാജ്യത്ത് സുരക്ഷിതമായി ജീവിക്കാനും സ്വയം നിർണയത്തിനുമുള്ള നിയമാനുസൃത അവകാശങ്ങൾ ഫലസ്തീനികൾക്ക് വകവെച്ചു നൽകി നീതിപൂർവകമായാണ് ഫലസ്തീൻ പ്രശ്നം പരിഹരിക്കേണ്ടതെന്നും ഈജിപ്ഷ്യൻ പ്രസിഡന്റ് പറഞ്ഞു.
ഫലസ്തിനികളെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ച് സിനായ് മരുഭൂമിയിൽ തള്ളുന്നത് ഈജിപ്ത് അംഗീകരിക്കില്ല. ഇത് 75 വർഷമായുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഫലസ്തീനികളുടെ പോരാട്ടം വൃഥാവിലാക്കും. ഫലസ്തീൻ ജനത സ്വന്തം രാജ്യം ഉപേക്ഷിച്ചു പോകുമെന്ന് കരുതുന്നവരുടെത് അബദ്ധ ധാരണയാണ്. ഗാസയിലെ മാനുഷിക ദുരന്തത്തിന് അറുതിയുണ്ടാക്കാനും ഫലസ്തീനികൾക്കും ഇസ്രായിലികൾക്കുമിടയിൽ സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാനും റോഡ് മാപ്പ് അംഗീകരിക്കണമെന്ന് ഉച്ചകോടിയിൽ സംബന്ധിച്ച ലോക നേതാക്കളോട് ഈജിപ്ഷ്യൻ പ്രസിഡന്റ് ആവശ്യപ്പെട്ടു.