Sorry, you need to enable JavaScript to visit this website.

റസൂല്‍ പൂക്കുട്ടി ചിത്രം 'ഒറ്റ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി; റിലീസ് ഒക്ടോബര്‍ 27ന്

കൊച്ചി- ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം 'ഒറ്റ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ 27ന് ചിത്രം  തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

സൗണ്ട് ഡിസൈനറും ഓസ്‌കാര്‍ ജേതാവുമായ റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന 'ഒറ്റ' ചിത്രത്തില്‍  
മലയാളം- തമിഴ്- കന്നഡ സിനിമകളിലെ മുന്‍നിരതാരങ്ങളാണ് അണിനിരക്കുന്നത്. പ്രധാന വേഷം ചെയ്യുന്ന ആസിഫ് അലിയെ കൂടാതെ അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദില്‍ ഹുസൈന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മേജര്‍ രവി, സുരേഷ് കുമാര്‍, ശ്യാമ പ്രസാദ്, സുധീര്‍ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹന്‍ദാസ്, ജലജ, ദേവി നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ എത്തുന്നു.    

ചിത്രത്തിന്റെ നിര്‍മ്മാതാവ് എസ്. ഹരിഹരന്റെ യഥാര്‍ഥ ജീവിതത്തില്‍ നിന്നെടുത്ത ഓര്‍മ്മകളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ചില്‍ഡ്രന്‍ റീ യുണൈറ്റഡ് എല്‍എല്‍പി യും റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സും  ചേര്‍ന്നൊരുക്കുന്ന 'ഒറ്റ'യുടെ കഥ കിരണ്‍ പ്രഭാകറിന്റേതാണ്.

രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമാണ് ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന 'ഒറ്റ' എന്ന ചിത്രത്തിലൂടെ പറയുന്നത്. മാതാപിതാക്കളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഹരിയും ബെന്നും വീടുവിട്ട് ഒരു യാത്ര ആരംഭിക്കുന്നു. പിന്നീട് അവരുടെ ജീവിതം നിയന്ത്രണാതീതമായി പോകുന്നു. ജീവിതം വഴുതിപ്പോകുന്നു എന്ന തിരിച്ചറിവ് അവരില്‍ ഉണ്ടാകുന്നതോടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം പോകുന്നത്. 

ഹരി എന്ന പ്രധാന കഥാപാത്രമായി ആസിഫ് അലിയും ബെന്‍ ആയി അര്‍ജുന്‍ അശോകനും രാജുവായി ഇന്ദ്രജിത്തുമാണ് ചിത്രത്തിലെത്തുന്നത്. പാട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് എം. ജയചന്ദ്രന്‍  സംഗീതമൊരുക്കുന്നു. ഗാനങ്ങളൊരുക്കിയത് വൈരമുത്തു, റഫീക്ക് അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. എം. ജയചന്ദ്രന്‍, പി. ജയചന്ദ്രന്‍, ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, ജാസി ഗിഫ്റ്റ്, ബെന്നി ദയാല്‍, അല്‍ഫോന്‍സ് തുടങ്ങിയ പ്രമുഖ ഗായകരാണ് ഒറ്റയിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. അഞ്ച് പാട്ടുകളാണ് സിനിമയിലുള്ളത്. 

അരുണ്‍ വര്‍മ്മയാണ് 'ഒറ്റ'യുടെ ഛായാഗ്രാഹകന്‍. ഒറ്റയുടെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി, വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റര്‍: സിയാന്‍ ശ്രീകാന്ത്, പി. ആര്‍. ഒ: മഞ്ജു ഗോപിനാഥ്.

Latest News