സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള എയ്ഞ്ചൽ റോഷൻ ആരാധകരുടെയിടയിൽ കൂടുതലായും അറിയപ്പെടുന്നത് 'പൊങ്കാല ചേച്ചി'' എന്ന പേരിലാണ്. ഒരിക്കൽ ഒരു വീഡിയോയിൽ തമാശക്ക് പൊങ്കാല ഇടാൻ വരല്ലേ എന്ന് പറഞ്ഞതാണ്. പിന്നീടത് ശീലമായി. പിന്നെ പിന്നെ വീഡിയോ അവസാനിക്കുമ്പോൾ ബല്ലാത്ത ജാതി, പൊങ്കാലയിടാൻ വരല്ലേ എന്നൊന്നും പറഞ്ഞില്ലെങ്കിൽ ധാരാളമാളുകൾ ചോദിച്ചു തുടങ്ങി. അങ്ങനെ ക്രമേണ ഇതൊരു കാപ്ഷനായും ഐഡന്റിറ്റിയായും മാറുകയായിരുന്നു.
തിരുവനന്തപുരത്തുനിന്നും റബർ കൃഷിക്കും വ്യാപാരത്തിനുമായി കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് കൂരാച്ചുണ്ടിൽ താമസമാക്കിയ സ്റ്റീഫൻ - എലിസബത്ത് ദമ്പതികളുടെ സീമന്ത പുത്രിയായ എയ്ഞ്ചൽ കോഴിക്കോട് ജെ.ഡി.റ്റിയിലാണ് പന്ത്രണ്ടാം ക്‌ളാസ് വരെ പഠിച്ചത്. സ്‌കൂൾ പഠനകാലത്ത് കഥകളും കവിതകളുമൊക്കെ നന്നായി വായിക്കുമായിരുന്നു. പരന്ന വായനയും ജീവിതാനുഭവങ്ങളും കഥകളായും കവിതകളായും എയ്ഞ്ചലിന്റെ അനുഗൃഹീത തൂലികയിലൂടെ പിറന്നപ്പോൾ നിരവധി സമ്മാനങ്ങൾ ലഭിച്ചു. കുഞ്ഞുണ്ണി മാഷിന്റെ കവിതകളോട് പ്രത്യേക താൽപര്യമായിരുന്നു. കവിതകളെഴുതി കുഞ്ഞുണ്ണി മാഷിന്റെ അനുഗ്രഹം നേടാനായത് ജീവിതത്തിലെ വലിയ ഭാഗ്യമായാണ് കരുതുന്നത്. അപ്പച്ചനെ ക്കുറിച്ചെഴുതിയ കഥക്ക് ഒന്നാം സമ്മാനം ലഭിച്ചതും സർഗ ജീവിതത്തിലെ അവിസ്മരണീയമായ ഓർമകളാണ്. എയ്ഞ്ചലിന്റെ പല സൃഷ്ടികളും സ്‌കൂൾ മാഗസിനുകളിലും മറ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട് കോപറേറ്റീവ് ഹോസ്പിറ്റലിൽ നിന്നും നഴ്‌സിംഗ് പൂർത്തിയാക്കി കുറച്ച് കാലം അവിടെ ജോലി ചെയ്തു.
പൊതുവെ ശാന്തയും നാണം കുണുങ്ങിയുമായിരുന്ന എയ്ഞ്ചൽ അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും കണ്ടന്റ് ക്രിയേറ്റേറുമായത് ഒരു പക്ഷേ ഭർത്താവ് റോഷന്റെ പൂർണ പിന്തുണയും പ്രോത്സാഹനവും കൊണ്ടാകാം. കൂട്ടുകാരി ഇന്ത്യൻ എംബസിയിൽ ജോലി ചെയ്യുന്ന ശ്രുതി രാജേഷും ഭർത്താവിന്റെ സഹോദരന്റെ കുട്ടികളുമാണ് എയ്ഞ്ചൽ വീഡിയോ ചെയ്യാൻ കാരണക്കാരായത്.
കോവിഡ് കാലത്ത് വീട്ടിൽ അടഞ്ഞിരുന്ന സമയം. പുറത്തിറങ്ങാൻ പോലുമാവാതെ പ്രയാസപ്പെടുന്ന ആ സമയത്താണ് വീഡിയോകൾ ചെയ്തു തുടങ്ങിയത്. വീഡിയോകൾ ഏറെ ഇഷ്ടപ്പെട്ട ഭർത്താവ് നൽകിയ പിന്തുണയിൽ കൂടുതൽ ചെയ്യാൻ തുടങ്ങി. പിന്നീടങ്ങോട്ട് വീഡിയോകളുടെ പെരുമഴയായിരുന്നു. നിത്യവും രണ്ടും മൂന്നും വീഡിയോകൾ. ലോകത്തിന്റെ പല ഭാഗത്തുനിന്നും വരുന്ന നല്ല കമന്റുകൾ, തന്റെ വീഡിയോകൾ കണ്ട് ആളുകൾ ചിരിക്കുകയും കമന്റ് ചെയ്യുകയും തുടർന്നത് തന്നെയാണ് എയ്ഞ്ചലിന്റെ ആത്മവിശ്വാസം വർധിപ്പിച്ചത്.
ജീവിതത്തിലെ വ്യത്യസ്ത മുഹൂർത്തങ്ങളെ ചിരിയിലൂടെ അവതരിപ്പിച്ചും സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങളെ സരസമായി വിശകലനം ചെയ്തുമൊക്കെ എയ്ഞ്ചൽ അവതരിപ്പിക്കുന്ന വീഡിയോകൾ ആയിരങ്ങളിൽ നിന്ന് പതിനായിരങ്ങളിലേക്കും പതിനായിരങ്ങളിൽ നിന്നും ലക്ഷങ്ങളിലേക്കുമെത്തിയത് വളരെ വേഗത്തിലായിരുന്നു. ഇന്ന് കുടുംബങ്ങൾ ഒന്നടങ്കം കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന വളരെ ജനകീയയായ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറാണ് എയ്ഞ്ചൽ റോഷൻ.
എന്റെ തമാശകൾ ഒരാളെയെങ്കിലും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്താൽ ഞാൻ കൃതാർഥയായി. ആരെയും വ്യക്തിപരമായി വേദനിപ്പിച്ചുകൊണ്ടോ, ഒരാളെ മാത്രം നെഗറ്റീവ് ആയി ഫോക്കസ് ചെയ്ത് വേദനിപ്പിച്ചുകൊണ്ടോ ഒരിക്കലും വീഡിയോ ചെയ്യാറില്ല. അതുപോലെ തന്നെ കുടുംബ ഗ്രൂപ്പുകളിലേക്ക് ഫോർവേർഡ് ചെയ്യാൻ പറ്റാത്ത വീഡിയോകളും ചെയ്യില്ല þ-എയ്ഞ്ചൽ നയം വ്യക്തമാക്കി.
കുടുംബ ജീവിതത്തിലെ ഒട്ടേറെ സരസ മുഹൂർത്തങ്ങളെ മനോഹരമായി അവതരിപ്പിക്കാറുള്ള എയ്ഞ്ചൽ പലപ്പോഴും സ്ത്രീകളെയാണ് കൂടുതലായും ഫോക്കസ് ചെയ്യാറുള്ളത്. പുരുഷന്മാരെ കൂടുതലായി കുറ്റപ്പെടുത്താതെ ആത്മവിമർശനത്തിന്റെ മാർഗമെന്നതും എയ്ഞ്ചലിന്റെ വീഡിയോകളെ കൂടുതൽ ജനകീയമാക്കുന്നു.
വീഡിയോകൾ ലക്ഷങ്ങളിലേക്കെത്താൻ തുടങ്ങിയതോടെ പല പൊതുപരിപാടികളിലും ഗസ്റ്റായി ക്ഷണം ലഭിച്ചു തുടങ്ങി. ആദ്യമൊക്കെ പല അവസരങ്ങളും വേണ്ടെന്നുവെച്ചെങ്കിലും ഇപ്പോൾ സെലക്ടീവായി പരിപാടികളിൽ പങ്കെടുക്കാറുണ്ട്.
സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ എന്ന നിലയിൽ ഒരിക്കലും റസ്റ്റോറന്റുകളുടെ പ്രൊമോഷന് എയ്ഞ്ചലിന് താൽപര്യമില്ല. രുചിവൈവിധ്യങ്ങളും പലരും പല രൂപത്തിലാണ് സ്വീകരിക്കുക. നമുക്ക് ഇഷ്ടപ്പെടുന്ന ഭക്ഷണ വിഭവങ്ങൾ മറ്റുള്ളവർക്ക് ഇഷ്ടപ്പെടണമെന്നില്ല. അതിനാൽ ഫുഡ് പ്രൊമോഷൻ നടത്തി ജനങ്ങളുടെ അനിഷ്ടം സമ്പാദിക്കാനില്ലെന്നതാണ് എയ്ഞ്ചലിന്റെ നിലപാട്. എന്നാൽ ഡ്രസ്സ് ബൊട്ടീക്കുകൾ, ബ്യൂട്ടി സംബന്ധമായ പ്രൊമോഷനുകൾ എന്നിവ എയ്ഞ്ചലിന് താൽപര്യമുള്ള മേഖലകളാണ്. ഈയിടെ ഒരു ബ്യൂട്ടി സെന്റർ (ലച്ചൂസ് ബ്യൂട്ടി സലൂൺ) ഉദ്ഘാടനം ചെയ്ത കാര്യം അവർ അനുസ്മരിച്ചു.
2013 ൽ ഖത്തറിലെത്തിയത് മുതൽ ഖത്തർ മലയാളി മംസ് എന്ന കൂട്ടായ്മയിൽ അംഗമായ എയ്ഞ്ചൽ മറ്റു സംഘടനകളിലൊന്നും അംഗമല്ല.
എവിടെ ചെന്നാലും മലയാളികൾ തന്നെ തിരിച്ചറിയുന്നുവെന്നത് വല്ലാത്ത സന്തോഷമാണ്. പൊങ്കാല ചേച്ചിയെന്നും സോഷ്യൽ മീഡിയ സ്റ്റാറെന്നുമൊക്കെ ആളുകൾ സ്‌നേഹത്തോടെ വിളിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ അംഗീകാരം. ഗൾഫിലും നാട്ടിലും ഈയർഥത്തിൽ വളരെ അംഗീകാരമുള്ള കണ്ടന്റ് ക്രിയേറ്ററാണ് എയ്ഞ്ചൽ.
ദോഹ യൂനിവേഴ്‌സിറ്റി ഉദ്യോഗസ്ഥനായ തിരുവല്ല ചാത്തങ്കേരി സ്വദേശി വാഴയിൽ റോഷൻ ജോർജാണ് ഭർത്താവ്. അങ്കിത് റോഷൻ, അനിക റോഷൻ എന്നിവർ മക്കളാണ്.