ന്യൂഡൽഹി - രാജ്യം കാത്തിരുന്ന അതിവേഗ ട്രെയിനായ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റ(ആർ.ആർ.ടി.എസ്)മായ നമോ ഭാരത് ട്രെയ്ൻ ഓടിത്തുടങ്ങി. വളരെ മനോഹരവും സുഖകരവും മികച്ചതുമായ സൗകര്യത്തിൽ മിതമായ നിരക്കിലുള്ള ടിക്കറ്റ് തുകയുമായി എല്ലാവർക്കും ആശ്രയിക്കാവുന്ന വിധത്തിലാണ് ട്രെയിൻ സർവീസ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇന്ന് യു.പിയിലെ സാഹിബാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫഌഗ് ഓഫ് ചെയ്ത രാജ്യത്തെ ആദ്യത്തെ ഈ മിനി ബുള്ളറ്റ് ട്രെയിനിൽ നാളെ മുതൽ സാധാരണക്കാർക്ക് അടക്കം യാത്ര ചെയ്യാനാവും. ഡൽഹിക്കും മീററ്റിനും ഇടയിലുള്ള റൂട്ടിൽ 17 കിലോമീറ്റർ മാത്രമേ ട്രെയിൻ ആദ്യഘട്ടത്തിൽ ഓടുകയുള്ളൂ. സാഹിബാബാദിനും ദുഹായ്ക്കും ഇടയിൽ അഞ്ച് സ്റ്റേഷനുകളാണുണ്ടാവുക.
രാജ്യത്തെ ഏറ്റവും വേഗതയേറിയ ഹൈടെക് ട്രെയിനാണെങ്കിലും ഇതിലെ ടിക്കറ്റ് നിരക്കും വളരെ കുറവും ആശ്വാസകരവുമാണ്. സ്റ്റാൻഡേർഡ്, പ്രീമിയം എന്നിങ്ങനെ രണ്ട് തരം കോച്ചുകളാണ് ട്രെയിനിലുണ്ടാവുക. രണ്ട് ക്ലാസുകൾക്കും നിരക്ക് വ്യത്യസ്തമാണ്. സ്റ്റാൻഡേർഡ് കോച്ചിലെ നിരക്ക് കുറഞ്ഞത് 20 രൂപ മുതൽ പരമാവധി 50 രൂപ വരെയാണ്. ഉദാഹരണത്തിന്, ഷാഹിബാബാദിൽ നിന്ന് ഗുൽദാറിലേക്കോ ഗാസിയാബാദിൽ നിന്ന് ഗുൽദാറിലേക്കോ പോകാൻ 20 രൂപ നൽകിയാൽ മതി. സാഹിബാബാദിൽ നിന്ന് ദുഹായ് ഡിപ്പോയിലേക്ക് പോകുന്നതിന് നിരക്ക് 50 രൂപ ആയിരിക്കും. അതേസമയം, പ്രീമിയം ക്ലാസിൽ കുറഞ്ഞ നിരക്ക് 40 രൂപയും കൂടിയ നിരക്ക് 100 രൂപയുമാണ്.
ഡൽഹി-മീററ്റ് യാത്ര 55 മിനിറ്റിനകം യാഥാർത്ഥ്യമാകുംവിധം നഗരങ്ങളിൽനിന്ന് നഗരങ്ങളുമായി ബന്ധിപ്പിച്ചുള്ള അത്യാധുനിക യാത്രാ സൗകര്യമാണ് ഈ ട്രെയിൻ വാഗ്ദാനം ചെയ്യുന്നത്. സൗകര്യത്തിലും സമയത്തിലും പണത്തിലുമെല്ലാം മിച്ചം പിടിക്കാൻ ഇതുമൂലം സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.
ഡൽഹിയിൽ നിന്ന് മീററ്റിലേക്കുള്ള ട്രെയിൻ 2025 ഓടെ ഓടിക്കാനാണ് പദ്ധതി. ഇത് പൂർത്തിയാകുന്നതോടെ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്ര വെറും 55 മിനിറ്റിനുള്ളിൽ സാധ്യമാകും. സാധാരണ ട്രെയിൻ ഡൽഹി-മീററ്റ് ഇടയിൽ 23 മണിക്കൂർ സമയം എടുക്കുമ്പോഴാണീ ലാഭം. നിലവിൽ റോഡ് മാർഗം മീററ്റിലെത്തുന്നത് വളരെ ദുഷ്‌കരമാണ്. വൻ ഗതാഗതക്കുരുക്ക് പലപ്പോഴും വില്ലനുമാണ്. എൻ.സി.ആർ.ടി.സിയുടെ കണക്കനുസരിച്ച്, മുഴുവൻ റെയിൽ ഇടനാഴിയും തുറന്നാൽ പ്രതിദിനം എട്ടുലക്ഷം ആളുകൾ ഈ വഴി യാത്ര ചെയ്യുമെന്നാണ് കണക്ക്. അങ്ങനെ വന്നാൽ സാമ്പത്തിക, സമയ ലാഭത്തിനു പുറമെ, പ്രതിവർഷം 2.5 ലക്ഷം ടൺ കാർബൺ ബഹിർഗമനം കുറയുമെന്നാണ് പറയുന്നത്.
ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്ററാണ്. നിലവിലിത് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലായിരിക്കും ഓടുക. ട്രെയിനിന്റെ ശരാശരി വേഗത മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കും. നിലവിൽ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഓടുന്ന ട്രെയിനാണ് നമോ. മണിക്കൂറിൽ 130 കിലോമീറ്ററാണ് വന്ദേ ഭാരതിന്റെ പരമാവധി വേഗത.
വിമാനത്തിൽ യാത്ര ചെയ്യുന്നത് പോലെയുള്ള ഒരു അനുഭവം ട്രെയിനിലും ലഭ്യമാക്കുംവിധത്തിലാണ് സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. ട്രെയിനിൽ സൗജന്യ വൈഫൈ സൗകര്യമുണ്ട്. സീറ്റുകളും വളരെ സൗകര്യപ്രദമാണ്. ബിസിനസ് ക്ലാസ് കോച്ചുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന യന്ത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യാർത്ഥം മാപ്പിന് പുറമെ മെട്രോ പോലെ ഓഡിയോ വീഡിയോ അനൗൺസ്‌മെന്റുകളും നടത്തും. പുറത്തെ കാഴ്ചകൾ നൽകുന്നതിനായി ഡബിൾ ഗ്ലേസ്ഡ്, ടെമ്പർഡ് പ്രൂഫ് വലിയ ഗ്ലാസ് വിൻഡോകൾ ഉണ്ട്. മെട്രോയിലേത് പോലെ സ്ത്രീകൾക്കായും ഒരു കോച്ച് സംവരണം ചെയ്തിട്ടുണ്ട്. ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങളും സ്റ്റേഷൻ മുതൽ ട്രെയിൻ വരെ പൂർണമായി ഉറപ്പാക്കിയിട്ടുണ്ട്.
സാഹിബാദ, ഗാസിയാബാദ്, ഗുൽധാർ, ദുഹായ്, ദുഹായ് ഡിപ്പോ എന്നി അഞ്ച് സ്റ്റേഷനുകളിലൂടെയാണ് ഈ ട്രെയൻ ഓടുക. ഡൽഹി മുതൽ മീററ്റ് വരെ ഭാവിയിൽ ആകെ 25 സ്റ്റേഷനുകളാണ് ഉണ്ടാകുക. അതിൽ നാലെണ്ണം ഭൂഗർഭ സ്റ്റേഷനുകളായിരിക്കും.