ഓൺലൈനിൽ ടൈപ് ചെയ്യുന്നതിനെ അടിസ്ഥാനമാക്കി ഒരു വ്യക്തിയെക്കുറിച്ചുള്ള സെൻസിറ്റീവ് വിവരങ്ങൾ നിർമിത ബുദ്ധിക്ക് (ആർടിഫിഷ്യൽ ഇന്റലിജൻസ്) കൃത്യമായി ഊഹിക്കാൻ കഴിയുമെന്ന് പുതിയ പഠനം.
ഇ.ടി.എച്ച് സൂറിച്ചിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരാൾ ഓൺലൈനിൽ ടൈപ് ചെയ്യുന്നതിനെ അടിസ്ഥാനമാക്കി അയാളുടെ വംശം, ലിംഗഭേദം, ലൊക്കേഷൻ, പ്രായം, ജനന സ്ഥലം, ജോലി തുടങ്ങിയ വിവരങ്ങൾ ഊഹിക്കാൻ കഴിയുമെന്നാണ് പഠനം പറയുന്നത്. സാധാരണയായി സ്വകാര്യത സംരക്ഷണ നിയമങ്ങൾക്ക് കീഴിൽ സംരക്ഷിക്കപ്പെടുന്നതാണ് ഇത്തരം കാര്യങ്ങൾ.
മുമ്പ് നേടാനാകാത്ത തോതിൽ ഇപ്പോൾ വ്യക്തിഗത ഡാറ്റ അനുമാനിക്കാൻ നിർമിത ബുദ്ധിക്ക് കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. സ്വകാര്യ വിവരങ്ങൾ കരസ്ഥമാക്കാൻ ഹാക്കർമാർ ഇത് ഉപയോഗിക്കാമെന്നും പറയുന്നു.
2012 മുതൽ 2016 വരെയുള്ള 520 യഥാർഥ റെഡ്ഡിറ്റ് ഉപയോക്താക്കളുടെ പ്രൊഫൈലുകളും പോസ്റ്റുകളും ഉപയോഗിച്ച് അവരുടെ വ്യക്തിഗത വിശദാംശങ്ങൾ ഊഹിക്കാൻ ചാറ്റ് ജി.പി.ടി പോലെയുള്ള ചാറ്റ്‌ബോട്ടുകൾക്ക് സാധിക്കുമോ എന്നാണ് ഗവേഷകർ പരിശോധിച്ചത്.
ഏറ്റവും മികച്ച ലാംഗ്വേജ് മോഡലുകൾ മനുഷ്യരെപ്പോലെ കൃത്യതയുള്ളവയാണെന്നാണ് തങ്ങളുടെ നിരീക്ഷണമെന്നും വ്യക്തിഗത വിവരങ്ങൾ അനുമാനിക്കുന്നതിൽ കുറഞ്ഞത് 100 മടങ്ങ് വേഗമുണ്ടെന്നും ഇ.ടി.എച്ച് സൂറിച്ചിലെ പിഎച്ച്.ഡി വിദ്യാർത്ഥിയും ഗവേഷണ പ്രബന്ധം തയാറാക്കിയവരിൽ ഒരാളുമായ മിസ്ലാവ് ബാലുനോവിക് പറഞ്ഞു.
വ്യക്തിഗത ഉപയോക്താക്കളും അടിസ്ഥാനപരമായി ഇന്റർനെറ്റിൽ വാചക അടയാളങ്ങൾ ഉപേക്ഷിക്കുന്നവരും തങ്ങളുടെ സ്വകാര്യ വിവരങ്ങൾ അനുമാനിക്കാൻ മോഡലുകളെ ദുരുപയോഗം ചെയ്യുമെന്ന കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം.
ഒരു ഉപയോക്താവ് എങ്ങനെ ടൈപ് ചെയ്യുന്നു എന്നതിൽ നിന്ന് നിർമിത ബുദ്ധി (എ.ഐ) മോഡലുകൾക്ക് വ്യക്തിഗത വിശദാംശങ്ങൾ കൃത്യമായി അനുമാനിക്കാം. പൊതുവായി ലഭ്യമായ വിവരങ്ങളിലൂടെയാണ് ഇത് സാധ്യമാകുന്നത്.
പരീക്ഷിച്ച നാല് മോഡലുകളിൽ, ചാറ്റ് ജിപിടി4 ആണ് വ്യക്തിഗത വിശദാംശങ്ങൾ അനുമാനിക്കുന്നതിൽ ഏറ്റവും കൃത്യത കാണിച്ചത്. 84.6 ശതമാനം കൃത്യതയാണ് കാണിച്ചതെന്ന് ഗവേഷണത്തിന്റെ രചയിതാക്കൾ പറഞ്ഞു. മെറ്റയുടെ ലാമ 2, ഗൂഗിളിന്റെ പാം, ആന്ത്രോപിക്‌സിന്റെ ക്ലോഡ് എന്നിവയാണ് പരിശോധിച്ച മറ്റു മോഡലുകൾ.
എങ്ങനെയാണ് ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയുകയെന്ന് പോലും വ്യക്തമല്ലെന്നും ഇത് വളരെ വളരെ സങ്കീർണമാണെന്നും ഇ.ടി.എച്ച് സൂറിച്ചിലെ പ്രൊഫസറും പഠനത്തിന്റെ രചയിതാക്കളിൽ ഒരാളുമായ മാർട്ടിൻ വെച്ചേവ് പറഞ്ഞു.
ഉദാഹരണത്തിന്, ഒരു റെഡ്ഡിറ്റ് ഉപയോക്താവ് മെൽബണിൽ നിന്നുള്ളയാളാണെന്ന് ഗവേഷകരുടെ മാതൃക അനുമാനിച്ചു. അവർ ഹുക്ക് ടേണിനെക്കുറിച്ച് അഭിപ്രായപ്പെട്ടതിലൂടെയാണ് ഇത് സാധ്യമായത്.
'ഹുക്ക് ടേൺ' എന്നത് മെൽബണിൽ ഉപയോഗിക്കുന്ന ഒരു ട്രാഫിക് പ്രയോഗമാണ്. ഇതാണ് ആ ഉപയോക്താവിനെക്കുറിച്ചുള്ള വിശദാംശങ്ങൾ തിരിച്ചറിയാൻ സഹായകമായത്.
നിർമിത ബുദ്ധി സ്വകാര്യതക്ക് ഭീഷണിയാകുമെന്ന് ഗവേഷകർ തിരിച്ചറിയുന്നത് ഇതാദ്യമല്ല. സൂമിൽ റെക്കോർഡ് ചെയ്ത നിങ്ങളുടെ ടൈപ്പിംഗിന്റെ ശബ്ദത്തെ അടിസ്ഥാനമാക്കി, 93 ശതമാനം വരെ കൃത്യതയോടെ, പാസ്‌വേഡുകൾ പോലെയുള്ള വാചകം നിർമിത ബുദ്ധിക്ക് മനസ്സിലാക്കാൻ കഴിയുമെന്ന് ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തിയിരുന്നു.