ഇസ്താംബുൾ- ഗാസ മുനമ്പിലെ ആശുപത്രിക്ക് നേരെ ഇസ്രയേൽ നടത്തിയ ഭീകരാക്രണത്തെ തുടർന്ന് തുർക്കിയിലെ ഇസ്താംബൂളിലെ ഇസ്രയേൽ കോൺസുലേറ്റിന് മുന്നിൽ വൻ പ്രതിഷേധം. പോലീസ് നടപടിക്കിടെ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. ചൊവ്വാഴ്ച രാത്രി ഇസ്താംബൂളിലെ ഇസ്രായേൽ കോൺസുലേറ്റിന് പുറത്ത് നടന്ന പ്രതിഷേധത്തിനിടെ 43 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 63 പേർക്ക് പരിക്കേറ്റതായി ഗവർണറുടെ ഓഫീസ് അറിയിച്ചു. കോൺസുലേറ്റ് കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിനായി നിരവധി പ്രകടനക്കാർ സുരക്ഷാ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചപ്പോൾ പോലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിഷേധത്തിനിടെ 65 വയസ്സുള്ള ഒരാൾക്ക് ഹൃദയാഘാതം ഉണ്ടായതായും പിന്നീട് ആശുപത്രിയിൽ വച്ച് മരിച്ചതായും ഗവർണറുടെ ഓഫീസ് അറിയിച്ചു.
ഇസ്താംബൂളിലും തുർക്കി തലസ്ഥാനമായ അങ്കാറയിലും നടന്ന പ്രകടനങ്ങളിൽ പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി വൻ ജനക്കൂട്ടം പങ്കെടുത്തു. പ്രതികാര ആക്രമണങ്ങളെ ഭയന്ന് എത്രയും വേഗം തുർക്കി വിടാൻ ഇസ്രായേൽ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു.
അമ്മാനിലെ ഇസ്രായേൽ എംബസിക്ക് പുറത്ത് പ്രതിഷേധവുമായി ഏകദേശം 5,000 ജോർദാനികൾ ഒത്തുകൂടി. എംബസിയിലേക്കുള്ള റോഡുകൾ സുരക്ഷാ സേന തടഞ്ഞു. എന്നാൽ നിരവധി ഫലസ്തീൻ അഭയാർത്ഥികൾ താമസിക്കുന്ന ജോർദാനിൽ രോഷത്തിന്റെ തിരമാല ഉയരുകയാണ്.