പാരീസ്- വ്യാപകമായ ആക്രമണ ഭീഷണിയെ തുടർന്ന് ഫ്രാൻസിലുടനീളമുള്ള ആറു വിമാനതാവളങ്ങൾ ഇന്നലെ താൽക്കാലികമായി ഒഴിപ്പിച്ചു. സമീപ ദിവസങ്ങളിലായി ഉയരുന്ന ഭീഷണിയിലെ ഏറ്റവും പുതിയ സംഭവവികാസമാണിത്. പാരീസിനടുത്തുള്ള ലില്ലെ, ലിയോൺ, നാന്റസ്, നൈസ്, ടൗലൗസ്, ബ്യൂവായിസ് വിമാനത്താവളങ്ങളാണ് ഒഴിപ്പിച്ചത്. ഇവിടെ വിശദമായ സുരക്ഷാപരിശോധനകൾ നടത്തി. ഒക്ടോബർ 7ന് ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിനും വെള്ളിയാഴ്ച ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനോട് കൂറ് അവകാശപ്പെടുന്ന ഒരാൾ വടക്കൻ നഗരമായ അരാസിൽ അധ്യാപകനെ മാരകമായി കുത്തിക്കൊന്നതിനും ശേഷമാണ് ഫ്രാൻസിൽ സുരക്ഷ പ്രതിസന്ധിയുണ്ടായത്. ലില്ലെ, ലിയോൺ, ടൗലൗസ്, ബ്യൂവൈസ് എന്നീ വിമാനതാവളങ്ങളിലെ ഒഴിപ്പിക്കൽ സംബന്ധിച്ച് അധികൃതർ അറിയിച്ചെങ്കിലും മറ്റു വിമാനതാവളങ്ങളിലെ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് വിശദീകരണം നൽകിയിട്ടില്ല. നിരവധി വിമാനതാവളങ്ങളിൽ വിമാന സർവീസ് താളം തെറ്റി. ഏറെവൈകിയാണ് സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങിയത്.